കാർഷിക വായ്പകൾക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മൂന്നു ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് വാർഷിക പലിശ നിരക്ക് ഏഴു ശതമാനത്തിൽ കവിയാതിരിക്കാൻ പാകത്തിൽ ബാങ്കുകൾക്ക് ആനുകൂല്യം പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വായ്പ കൃത്യമായി തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശയിളവ് കർഷകർക്ക് തുടർന്നും ലഭിക്കും.

മൂന്നു ലക്ഷം രൂപവരെയുള്ള കാർഷിക വായ്പകൾ പരമാവധി ഏഴു ശതമാനം പലിശ നിരക്കിലാണ് നൽകി വരുന്നത്. ഇതിനായി ബാങ്കുകൾക്ക് ഒന്നര ശതമാനം വരെ തുക പലിശയിളവ് ഇനത്തിൽ സർക്കാർ നൽകി വന്നിരുന്നു. കോവിഡ് ലോക്ഡൗണിനു പിന്നാലെ സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചപ്പോൾ ബാങ്കുകളുടെ പലിശനിരക്ക് കുറഞ്ഞു. സർക്കാറിന്റെ ആനുകൂല്യം സ്വീകരിക്കാതെതന്നെ ഏഴു ശതമാനം പലിശ നിരക്കിൽ കർഷകർക്ക് തുടർന്നും വായ്പ നൽകാൻ ബാങ്കുകൾക്ക് കഴിയുമെന്ന സ്ഥിതിയായി. ഇതോടെ ബാങ്കുകൾക്ക് നൽകിപ്പോന്ന ഒന്നര ശതമാനം പലിശയിളവ് 2020 മേയിൽ സർക്കാർ നിർത്തലാക്കി.

എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ റിസർവ് ബാങ്ക് റിപോ നിരക്ക് ഉയർത്തിയതിനാൽ ബാങ്കുകൾ പലിശ കൂട്ടി. അതനുസരിച്ച് കാർഷിക വായ്പകളുടെ പലിശയും കൂട്ടേണ്ട സ്ഥിതിയായി. ഇതൊഴിവാക്കാൻ പഴയപടി ഒന്നര ശതമാനം പലിശ, ബാങ്കുകൾക്ക് വകവെച്ചു നൽകാനാണ് ഇപ്പോൾ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. കർഷകർക്ക് നേരത്തെ കിട്ടിയ നിരക്കിൽതന്നെ ഇളവ് തുടർന്നും ലഭിക്കും. വായ്പ കൃത്യമായി തിരിച്ചടച്ചാൽ പലിശ നാലു ശതമാനം, അതല്ലെങ്കിൽ ഏഴു ശതമാനമെന്ന വ്യവസ്ഥയിൽ മാറ്റമൊന്നുമില്ല. പുതിയ ഇളവുകളുമില്ല.

നടപ്പു സാമ്പത്തിക വർഷം മുതൽ 2024-25 വരെയാണ് ബാങ്കുകൾക്ക് ഒന്നര ശതമാനം പലിശ കേന്ദ്രസർക്കാർ വകവെച്ചു നൽകുന്നത്. ഇതിനായി 34,856 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സർക്കാറിന്റെ ഈ ആനുകൂല്യത്തിന് പൊതുമേഖല, സ്വകാര്യ ബാങ്കുകൾക്കു പുറമെ സ്മോൾ ഫിനാൻസ് ബാങ്കുകൾ, മേഖല ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവക്കും പഴയപടി അർഹതയുണ്ട്.  

Tags:    
News Summary - Cabinet approves interest subvention of 1.5 percent on short-term farm loans up to Rs 3 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT