ന്യൂഡൽഹി: മൂലധനച്ചെലവ് വെട്ടിക്കുറക്കില്ലെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. ധനകാര്യ സെക്രട്ടറി ടി.വി സോമനാഥനാണ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുമായി റിസർവ് ബാങ്ക് മുന്നോട്ട് പോകുന്നതിനിടെ ധനകാര്യ നയത്തിൽ മാറ്റം വേണമെന്ന് ചില വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ധനനയത്തിൽ തൽക്കാലത്തേക്ക് മാറ്റം വേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം.
ദീർഘകാലത്തേക്കുള്ള വളർച്ചക്ക് മൂലധനനിക്ഷേപം ആവശ്യമാണ്. ഹ്രസ്വകാല ലക്ഷ്യങ്ങൾ മുൻനിർത്തി അതിൽ നിന്നും മാറി നിൽക്കാനാവില്ല. 2023 സാമ്പത്തിക വർഷത്തിൽ 7.5 ലക്ഷം കോടിയാണ് കേന്ദ്രസർക്കാറിന്റെ മൂലധനച്ചെലവ്. കഴിഞ്ഞ വർഷം ഇത് 6.03 ലക്ഷം കോടിയായിരുന്നു.
മൂലധനച്ചെലവ് വെട്ടിക്കുറച്ചാൽ അത് ദീർഘകാല ലക്ഷ്യങ്ങളെ ബാധിക്കും. ഇതുമൂലം വിവിധ സെക്ടറുകളിലെ പ്രൊജക്ടുകൾക്ക് ദോഷമുണ്ടാകും. റോഡ്, റെയിൽവേ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജി.ഡി.പിയുടെ 6.8 ശതമാനമാണ് ഈ സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്ന ധനകമ്മി. എന്നാൽ, യുക്രെയ്ൻ സംഘർഷം മൂലം രാസവളത്തിന് ഉൾപ്പടെ നൽകുന്ന സബ്സിഡി വർധിപ്പിക്കേണ്ടി വരുമെന്നും ഇതുമൂലം ധനകമ്മി ഇനിയും വർധിക്കുമെന്ന വിലയിരുത്തലും കേന്ദ്രസർക്കാറിനുണ്ട്.
നേരത്തെ അപ്രതീക്ഷിത നീക്കത്തിലൂടെ റിസർവ് ബാങ്ക് വായ്പ പലിശനിരക്കുകൾ ഉയർത്തിയിരുന്നു. റിപ്പോ നിരക്ക് 0.4 ശതമാനമാണ് ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.