ന്യൂഡൽഹി: രാജ്യത്തിന്റെ ജി.ഡി.പി വളർച്ച സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ആശങ്ക പങ്കുവെച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ ജി.ഡി.പി വളർച്ച നിരക്ക് 4.1 ശതമാനമായി കുറഞ്ഞതിലാണ് പി.ചിദംബരത്തിന്റെ പ്രതികരണം. ഫെബ്രുവരിയിൽ പ്രവചിച്ചതിലും താഴെയായിരുന്നു നാലാം പാദത്തിലെ ജി.ഡി.പി വളർച്ച നിരക്ക്.
എൻ.എസ്.ഒയുടെ ഏറ്റവും ശ്രദ്ധയാകർഷിച്ച ഗ്രാഫ് സാമ്പത്തിക വർഷത്തിലെ വിവിധപാദങ്ങളിലെ വളർച്ചാനിരക്ക് സംബന്ധിച്ച കണക്കുകളാണെന്ന് ചിദംബരം പറഞ്ഞു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വളർച്ച താഴോട്ടാണെന്ന് ഗ്രാഫുകളിൽ നിന്നും മനസിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാപാദങ്ങളിലും വളർച്ച നിരക്ക് കുറയുകയാണ്. തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ സമ്പദ്‍വ്യവസ്ഥയിലില്ലെന്ന് ചിദംബരം ട്വിറ്ററിൽ കുറച്ചു. 2020ലെ സമ്പദ്‍വ്യവസ്ഥയിൽ നിന്നും ഇന്ത്യ ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ കഴിഞ്ഞ വർഷം 8.7 ശതമാനം വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് എൻ.എസ്.ഒയുടെ കണക്ക്. എന്നാൽ, സാമ്പത്തിക വർഷത്തിലെ വിവിധ പാദങ്ങളിലെ കണക്കുകൾ പ്രകാരം സാമ്പത്തിക വളർച്ചാ നിരക്ക് കുറയുകയാണ്. സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിൽ 20.1 ശതമാനം വളർച്ചയുണ്ടായപ്പോൾ രണ്ടാം പാദത്തിൽ ഇത് 8.4 ശതമാനമായും മൂന്നമത്തേതിൽ 5.4 ശതമാനമായും കുറഞ്ഞു. അവസാനപാദത്തിൽ 4.1 ശതമാനമാണ് വളർച്ചാനിരക്ക്. ഈ കണക്കുകൾ മുൻനിർത്തിയാണ് സാമ്പത്തിക വളർച്ച സംബന്ധിച്ച ചിദംബരത്തിന്റെ അഭിപ്രായപ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.