വാഷിങ്ടൺ: സ്വിസ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ക്രെഡിറ്റ് സൂസി തകരുമെന്ന് പ്രവചനം. അമേരിക്കൻ വ്യവസായിയും നോവലിസ്റ്റുമായ റോബർട്ട് കിയോസ്കിയുടേതാണ് പ്രവചനം. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2008ൽ ലേമാൻ ബ്രദേഴ്സിന്റെ തകർച്ച പ്രവചിച്ചയാളാണ് കിയോസ്കി.
ബോണ്ട് മാർക്കറ്റിലാണ് ഇപ്പോൾ പ്രശ്നമുള്ളത്. അടുത്തത് ക്രെഡിറ്റ് സൂസിയായിരിക്കും തകരുകയെന്ന് അദ്ദേഹം പറഞ്ഞു. ബോണ്ട് വിപണി വലിയ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008 സെപ്റ്റംബറിലാണ് ലേമാൻ ബ്രെദേഴ്സ് തകർന്നത്. ബാധ്യതകൾ വർധിച്ചതോടെയാണ് 25,000 ജീവനക്കാരുള്ള ലേമാൻ തകർച്ചയെ അഭിമുഖീകരിച്ചത്. ലേമാന്റെ തകർച്ച യു.എസ് ബാങ്കിങ് ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു.
നേരത്തെ സ്വിസ് സെൻട്രൽ ബാങ്കിൽ നിന്നും 54 ബില്യൺ ഡോളർ വായ്പയെടുക്കുമെന്ന് ക്രെഡിറ്റ് സൂസി വ്യക്തമാക്കിയിരുന്നു. ബാങ്കിൽ പണലഭ്യത ഉറപ്പാക്കുന്നതിനും നിക്ഷേപകരുടെ വിശ്വാസം ഉയർത്തുന്നതിനും വേണ്ടിയാണ് കടമെടുക്കുന്നതെന്നായിരുന്നു ക്രെഡിറ്റ് സൂസിയുടെ വിശദീകരണം. കഴിഞ്ഞയാഴ്ച യു.എസിൽ സിലിക്കൺവാലി ബാങ്കും സിഗ്നേച്ചർ ബാങ്കും തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.