ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന മൂല്യത്തിൽ. 1,03,132.80 ഡോളറാണ് നിലവിലെ വില. ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ ആദ്യമായാണ് ലക്ഷം ഡോളർ പിന്നിടുന്നത്. 87,39,554 ഇന്ത്യൻ രൂപയാണ് ഒരു ബിറ്റ്കോയിന്‍റെ വില.
ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായതിന് പിന്നാലെ കനത്ത റാലിയാണ് ബിറ്റ്കോയിൻ വിലയിലുണ്ടായത്. കഴിഞ്ഞ ഒറ്റമാസം കൊണ്ട് 50.96 ശതമാനമാണ് വില ഉയർന്നത്. ട്രംപിന്‍റെ നയങ്ങൾ ക്രിപ്റ്റോകറൻസികൾക്ക് ഗുണകരമാകുമെന്ന വിലയിരുത്തലാണ് വിപണിയെ സ്വാധീനിച്ചത്. ട്രംപ് ഉടമസ്‌ഥനായ ‘ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പി’ന്റെ ചുമതലയിലുള്ള ട്രൂത്ത് സ്‌പെഷൽ എന്ന സമൂഹമാധ്യമ കമ്പനി ക്രിപ്‌റ്റോ ട്രേഡിങ് പ്‌ളാറ്റ്‌ഫോമായ ബക്‌റ്റിനെ ഏറ്റെടുക്കാൻ നടത്തുന്ന നീക്കവും കുതിപ്പിനു മരുന്നിട്ടു.
ഡിജിറ്റൽ ആസ്‌തികൾക്കു പിന്തുണ നൽകുമെന്ന് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് കോടികളൊഴുക്കിയ ലോക സമ്പന്നൻ ഇലോൺ മസ്‌കിനും ക്രിപ്റ്റോകറൻസികളിൽ താൽപര്യമുള്ളത് വിപണിയെ സ്വാധീനിച്ചു. മസ്കിന് താൽപര്യമുള്ള ഡോജികോയിനും വില വർധിക്കുകയാണ്.
2016ൽ 453 ഡോളർ മാത്രമുണ്ടായിരുന്ന ബിറ്റ്കോയിൻ വിലയാണ് ഇപ്പോൾ ലക്ഷത്തിലെത്തി നിൽക്കുന്നത്. 2019ൽ 3802 ഡോളറും 2020 മാർച്ചിൽ 5178 ഡോളറുമായിരുന്നു വില. 2021 മാർച്ചിൽ 61,000 ഡോളറിന് മുകളിൽ ഉയർന്നെങ്കിലും പിന്നീട് കനത്ത വീഴ്ചയുണ്ടായി. 16,000ലേക്ക് താഴ്ന്ന ശേഷമാണ് വീണ്ടും കുതിപ്പിന്‍റെ വഴിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.