കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ദിവസങ്ങളായി ദീനാറിന് മികച്ച നിരക്ക് കിട്ടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ദീനാറിന് 274 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് ഉയർന്നു. അടുത്തിടെ എത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ മാസം ഒരു ദീനാറിന് 272 ഇന്ത്യൻ രൂപക്ക് മുകളിലിൽ രേഖപ്പെടുത്തിയിരുന്നു. ഇത് പിന്നീട് 273 ലേക്ക് ഉയർന്നു. ഈ മാസം ആദ്യത്തോടെയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. എക്സി റിപ്പോർട്ടു പ്രകാരം 274.430 ഇന്ത്യൻ രൂപയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപ ശക്തി കുറഞ്ഞതും ഡോളർ കരുത്താർജിച്ചതുമാണ് കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്കിലെ വര്‍ധനക്ക് കാരണം.
ഒരു കുവൈത്ത് ദീനാറിന് ശരാശരി 270 ഇന്ത്യൻ രൂപ ലഭിച്ചിരുന്നത് ഇന്ത്യയിൽ പണപ്പെരുപ്പം കൂടിയതോടെ മാസങ്ങളായി 271 ന് മുകളിലേക്ക് ഉയർന്നിരുന്നു. ഇത് 274 ന് മുകളിൽ എത്തിയതോടെ നൂറ് ദീനാർ അയക്കുന്നവർക്കു തന്നെ 400 രൂപയോളം ലാഭം ലഭിക്കും.
മാസത്തിന്റെ ആദ്യത്തിൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നത് പ്രവാസികൾക്ക് ഗുണകരമാകും. നിരക്ക് ഉയർന്നതോടെ ശമ്പളം കിട്ടിയ ഉടൻ നാട്ടിലേക്ക് അയക്കുന്ന തിരക്കിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. നിരക്ക് ഉയരുന്നത് ചെറിയ തുകകൾ അയക്കുന്നവരിൽ വരെ മാറ്റം ഉണ്ടാക്കും.
വലിയ സംഖ്യകൾ ഒന്നിച്ച് അയക്കുന്നവർക്ക് ഏറെ മെച്ചവുമുണ്ടാക്കും. ഡോളർ ശക്തമായതാണ് രൂപയുടെ മൂല്യം കുറയാൻ പ്രധാന കാരണം. യു.എസിൽ നിക്ഷേപകർ കൂടുതൽ ഡോളറുകൾ വാങ്ങുന്നതാണ് ഡോളർ കരുത്താർജിക്കാൻ കാരണം. യു.എസ് തെരഞ്ഞെടുപ്പും നിലവിലെ സ്ഥിതിഗതികളുമാണ് നിക്ഷേപകരെ ഡോളറിലേക്ക് അടുപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.