ന്യൂഡൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽവെക്കും. പ്രതീക്ഷിച്ച നിലയിലേക്ക് രാജ്യത്തിന്റെ ജി.ഡി.പി എത്തുമോയെന്നത് സംബന്ധിച്ചാണ് സാമ്പത്തിക സർവേ പാർലമെന്റിലെത്തുമ്പോൾ ആകാംക്ഷ നിലനിൽക്കുന്നത്.
ഒമ്പത് ശതമാനം ജി.ഡി.പി വളർച്ച സാമ്പത്തിക സർവേ പ്രവചിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവേ രാജ്യത്ത് 11 ശതമാനം വളർച്ചയുണ്ടാകുമെന്നായിരുന്നു പ്രവചിച്ചതെങ്കിലും ഈ സാമ്പത്തിക വർഷം 9.2 ശതമാനം വളർച്ചയുണ്ടാകാനാണ് സാധ്യതയെന്നാണ് സ്ഥിതിവിവരകണക്ക് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
കോവിഡിന് ശേഷം സമ്പദ്‍വ്യവസ്ഥ എത്രത്തോളം മുന്നേറിയെന്നത് സംബന്ധിച്ച നിർണായക വിവരങ്ങളും സാമ്പത്തിക സർവേയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. 2018-19 വർഷത്തെ സാമ്പത്തിക സർവേയിൽ രാജ്യത്ത് ഏഴ് ശതമാനം വളർച്ചയുണ്ടാവുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും കോവിഡ് മൂലം വളർച്ചാനിരക്ക് 4 ശതമാനമായി ഇടിഞ്ഞിരുന്നു. സമാനമായി 2017-18 വർഷത്തെ സർവേയിൽ ഏഴ് മുതൽ 7.5 ശതമാനം വളർച്ചാനിരക്കാണ് പ്രവചിച്ചതെങ്കിലും 6.5 ശതമാനം മാത്രമായിരുന്നു ജി.ഡി.പി വളർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.