തിരുവനന്തപുരം: രജിസ്ട്രേഷന്‍ വരുമാനം കൂട്ടുന്നതിനായി ഭൂമിയുടെ ന്യായവില 13 വര്‍ഷത്തിനിടെ വർധിപ്പിച്ചത് 160 ശതമാനത്തിലേറെ. ന്യായവില അഞ്ചു തവണയായി ഉയര്‍ത്തിയതുവഴി സര്‍ക്കാര്‍ വില ഇപ്പോൾ അന്യായ വിലയായി. 2010 ഏപ്രില്‍ ഒന്നിന് നിലവില്‍വന്ന ന്യായവില രജിസ്റ്ററില്‍ 2,00,000 രൂപ വില നിശ്ചയിച്ചത് ഇപ്പോള്‍ 4,40,000 രൂപയാണ്. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ 5,28,000 രൂപയാകും.
വന്യമൃഗശല്യം, കോവിഡ്, ബഫര്‍സോണ്‍, റബർ വിലയിടിവ് തുടങ്ങിയ പ്രതിസന്ധികള്‍ കാരണം കൃഷി ഭൂമിയുടെ വിപണിവില ഗണ്യമായി കുറഞ്ഞിരിക്കെയാണ് വൻ വർധന. ഭൂമിയുടെ വിപണി വിലയെക്കാള്‍ സര്‍ക്കാര്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാൽ ഏക്കര്‍ കണക്കിന് ഭൂമി കൈമാറ്റം ചെയ്യാതെ കിടക്കുകയാണ്.
തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ വില്ലേജിലെ സർവേ 1053ൽ ഒരു ആർ (രണ്ടര സെന്‍റ്)ഭൂമിക്ക് 81,51,000 രൂപയാണ് ന്യായവില. എന്നാല്‍, ഇവിടെ ഒരു സെന്‍റ് ഭൂമി 20 ലക്ഷം രൂപക്കാണ് കൈമാറ്റം. ഒരു ആറിന് 50 ലക്ഷം രൂപ മാത്രം. ഭൂമിയുടെ ന്യായവില ഉയര്‍ന്നതുകാരണം കൈമാറ്റം രജിസ്റ്റര്‍ ചെയ്യാനാകാതെ ഉടമ നെട്ടോട്ടത്തിലാണ്. ബജറ്റില്‍ വര്‍ധിപ്പിച്ച നിരക്കിൽ ഈ ഭൂമി വില 97,80,000 രൂപയിലെത്തും.
ന്യായവില കൂട്ടിയെങ്കിലും ക്ലാസിഫിക്കേഷൻ ഇപ്പോഴും 2010ലെ അവസ്ഥയിലാണ്. അതായത് 2010 ലെ ന്യായവില പട്ടികയിൽ വാഹന ഗതാഗത സൗകര്യമില്ലാത്ത വസ്തുവിന് ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നത് നിലവിൽ 220,000 രൂപയാണ്. വില ഇരട്ടിയിലേറെയാക്കിയിട്ടും ക്ലാസിഫിക്കേഷൻ ഇപ്പോഴും വാഹന ഗതാഗത സൗകര്യമില്ലെന്ന പട്ടികയിലാണ്. ഇപ്പോള്‍ ഈ ഭൂമി കൈമാറ്റം രജിസ്റ്റർ ചെയ്യുമ്പോള്‍ റോഡ് ഉണ്ടെന്ന് എഴുതിയാല്‍ കിലോമീറ്റര്‍ അകലെ റോഡുള്ള വസ്തുവിന് നിശ്ചയിച്ച വില അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കണം. അല്ലാത്തവക്ക് അണ്ടര്‍വാല്വേഷന്‍ നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്.
ന്യായവില നിശ്ചയിക്കുന്നത് റവന്യൂ വകുപ്പാണ്. എന്നാല്‍, കൈമാറ്റം ചെയ്ത ഭൂമിക്ക് വില കുറഞ്ഞുപോയെന്ന് നോട്ടീസ് അയക്കുന്നത് സബ് രജിസ്ട്രാർമാരും. ഭൂമി കാണാതെയും മാനദണ്ഡം പാലിക്കാതെയുമാണ് നോട്ടീസ് നൽകി അധികമായി പണം പിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.