ഫോബ്സ് സമ്പന്നരുടെ പട്ടിക: മലയാളികളിൽ യൂസുഫലി ഒന്നാമത്; അദാനിയെ മറികടന്ന് അംബാനി

ദുബൈ: ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമത്​. ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എം.എ.യൂസഫ് അലിയാണ്​ മലയാളികളിൽ ഒന്നാം സ്ഥാനത്ത്​. ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്​. മുൻവർഷത്തെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ശതകോടി ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 92 ശതകോടി ഡോളർ ആസ്തിയുമായി ഒന്നാമതെത്തി.

ശിവ്‌ നാടാർ -29.3 ശതകോടി ഡോളർ, സാവിത്രി ജിൻഡാൽ -24 ശതകോടി ഡോളർ, രാധാകൃഷ്ണൻ ദമാനി- 23 ശതകോടി ഡോളർ എന്നിവർ ഇന്ത്യയിലെ അതി സമ്പന്നരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചു. എം.എ.യൂസഫ് അലി 7.1 ശതകോടി ഡോളർ ആസ്തിയുമായാണ്​ പട്ടികയിൽ ഏറ്റവും ധനികനായ മലയാളിയായത്​. 5.4 ശതകോടി ഡോളറിന്‍റെ ആസ്തിയുമായി കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരിൽ 35ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ഇത്തവണ അത്​ 27ാം സ്ഥാനമായി ഉയർത്തിയിട്ടുണ്ട്​.

യൂസഫ് അലിക്ക് പിന്നിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ജോയ് ആലുക്കാസിനാണ്​ 4.4 ശതകോടി ഡോളറിന്‍റെ ആസ്തിയോടെ മലയാളികളിൽ രണ്ടാം സ്ഥാനം. കഴിഞ്ഞ വർഷം 3.1 ശതകോടി ഡോളർ ആസ്തിയോടെ ആറാം സ്ഥാനത്തായിരുന്നു. അതേസമയം, ഇന്ത്യയിലെ അതി സാമ്പന്നരുടെ റാങ്കിൽ 50ാം സ്ഥാനത്തുണ്ടിദ്ദേഹം.

യു.എ.ഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്​സിന്‍റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 3.7 ശതകോടി ഡോളർ ആസ്തിയോടെ പട്ടികയിലെ മലയാളികളിൽ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളിയുമായി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടർ കൂടിയാണ് ഡോ. ഷംഷീർ.

വ്യക്തിഗത സമ്പന്നർക്കൊപ്പം 4.9 ശതകോടി ഡോളർ (റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബവും മുൻനിരയിലുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 3.25 ശതകോടി ഡോളർ (റാങ്ക് 67), ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 3.2 ബില്യൺ ഡോളർ (റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി 2.93 ബില്യൺ ഡോളർ (റാങ്ക് 78) എന്നിവരാണ് ഫോബ്‌സിന്‍റെ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ. മുൻ വർഷങ്ങളിൽ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്‍റെ ബൈജു രവീന്ദ്രനും, ദിവ്യ ഗോകുൽ നാഥും ഇക്കുറി പട്ടികയിൽ നിന്ന് പുറത്തായി.

Tags:    
News Summary - Forbes Rich List: Yusufali is the first Malayali; Ambani overtakes Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT