മുംബൈ: തുടർ ഓഹരി വില്പന (എഫ്.പി.ഒ) റദ്ദാക്കിയതിന് പിന്നാലെ വീണ്ടും തകർന്നടിഞ്ഞ് അദാനി ഓഹരികൾ. 10 അദാനി ഗ്രൂപ് സ്ഥാപനങ്ങൾ ആറുദിവസത്തിനിടെ 8.76 ലക്ഷം കോടി രൂപ (10,000 കോടിയിലധികം ഡോളർ) യുടെ നഷ്ടമാണ് നേരിട്ടത്.
വ്യാഴാഴ്ച വ്യാപാരത്തുടക്കത്തിൽ പല ഓഹരികളും ലോവർ സർക്യൂട്ടിലേക്ക് താഴ്ന്നിരുന്നു.
എഫ്.പി.ഒ റദ്ദാക്കിയ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 26.50 ശതമാനം ഇടിഞ്ഞ് 1,564.70 രൂപയിലെത്തി.
അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നിവ 10 ശതമാനം വീതമാണ് ഇടിഞ്ഞത്. അദാനി പോർട്ട്സ് 6.13, അദാനി വിൽമർ അഞ്ച്, എൻ.ഡി.ടി.വി 4.99, അദാനി പവർ 4.98 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
അതേസമയം, അംബുജ സിമന്റ്സ് 5.33 ശതമാനവും എ.സി.സി 0.05 ശതമാനവും ഉയർന്നു.
സ്വിറ്റ്സർലൻഡ് ബാങ്കായ ക്രെഡിറ്റ് സ്യൂസും യു.എസ് ബാങ്കായ സിറ്റി ഗ്രൂപ്പും അദാനി ഗ്രൂപ്പിന്റെ ബോണ്ടുകളുടെ ഈടിൽ വായ്പ നൽകുന്നത് നിർത്തി. ഇതുസംബന്ധിച്ച് തങ്ങളുടെ കീഴിലുള്ള സ്വകാര്യ ബാങ്കുകൾക്ക് ഇവ നിർദേശം നൽകി. ക്രെഡിറ്റ് സ്യൂസും സിറ്റി ഗ്രൂപ്പും അദാനി ബോണ്ടുകളുടെ മൂല്യം പൂജ്യമായി കുറച്ചതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ അദാനി ഗ്രൂപ് നേരിട്ട വൻ തിരിച്ചടിയാണിതെന്നാണ് വിലയിരുത്തൽ.
അതിനിടെ അദാനി ഗ്രൂപ്പിന് വായ്പ നല്കിയിട്ടുണ്ടെങ്കില് അറിയിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. 2022 മാർച്ച് വരെയുള്ള അദാനി ഗ്രൂപ്പിന്റെ കടമായ 2450 കോടി ഡോളറിന്റെ (2.01 ലക്ഷം കോടി രൂപ) 40 ശതമാനം ഇന്ത്യൻ ബാങ്കുകളാണ് നൽകിയിരിക്കുന്നത്. എസ്.ബി.ഐ 21,365 കോടി വായ്പ നൽകി.അതേസമയം ഫോബ്സ് ശതകോടീശ്വര പട്ടികയിൽ അദാനി 16ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.