ലോക വ്യാപാര സംഘടന മേധാവി ഗോസി ഒകോഞ്ചോ ഇവേല

സാമ്പത്തികമേഖലയെ ആശങ്കയിലാഴ്ത്തുന്ന മുന്നറിയിപ്പുമായി ലോക വ്യാപാര സംഘടന

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവേല. ജനീവയിൽ ലോക വ്യാപര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ഇവർ മുന്നറിയിപ്പ് നൽകിയത്.

ആഗോളതലത്തിൽ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ അല്ല നൽകുന്നതെന്ന് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാട്ടി. വിവിധ കാരണങ്ങളാൽ വന്നടുക്കുന്ന മാന്ദ്യത്തെ നേരിടാൻ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്നും അവർ മുന്നറിയിപ്പ് നൽകി.

ആഗോള സാമ്പത്തിക മാന്ദ്യത്തിന് നാല് കാരണങ്ങളാണ് ഗോസി ഒകോഞ്ചോ ഇവേല ചൂണ്ടിക്കാട്ടിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം, രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും, ഇന്ധനക്ഷാമം, കാലാവസ്ഥാവ്യതിയാനം. ഇതിനൊപ്പം കോവിഡ് തീർത്ത പ്രതിസന്ധി മാറാത്തതും മാന്ദ്യത്തിന്‍റെ വേഗം കൂട്ടും.

'മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതേസമയം തന്നെ മാന്ദ്യത്തെ മറികടക്കാനുള്ള ചിന്തയും നമുക്ക് വേണം. വളർച്ചയെ പുനരുജ്ജീവിപ്പിക്കണം' -അവർ പറഞ്ഞു. ലോകബാങ്കും നാണയനിധിയും ആഗോള സാമ്പത്തിക വളർച്ച തളരുമെന്നാണ് പ്രവചിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി. സുരക്ഷാ ആഘാതം, കാലാവസ്ഥാ ആഘാതം, ഊർജ ആഘാതം, ഭക്ഷ്യവിലവർധന ആഘാതം, എല്ലാം രാജ്യങ്ങളെ ഒരുമിച്ച് ബാധിക്കുകയാണ്. 

സെൻട്രൽ ബാങ്കുകൾക്ക് പലിശനിരക്ക് ഉയർത്തുകയല്ലാതെ മറ്റധികം മാർഗങ്ങളില്ല. പക്ഷേ, ഇത് ഉയർന്നുവരുന്ന വിപണികളിലും വികസ്വര രാജ്യങ്ങളിലും കനത്ത ആഘാതം സൃഷ്ടിക്കും. കാരണം അവർക്കും പലിശനിരക്ക് ഉയർത്തേണ്ടിവരും. വികസിത രാജ്യങ്ങളിൽ അവരുടെ കടബാധ്യതയെ ബാധിക്കും. അവരുടെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്കിനെ ബാധിക്കും. ആവശ്യം വർധിക്കുന്നത് മൂലമാണോ പണപ്പെരുപ്പം ഉണ്ടാകുന്നത്, അതോ വിതരണ മേഖലയിലെ ഘടനാപരമായ പ്രശ്നങ്ങളുമായി വിലക്കയറ്റത്തിന് ബന്ധമുണ്ടോ എന്ന് സെൻട്രൽ ബാങ്കുകൾ നിർണ്ണയിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. 

Tags:    
News Summary - Global Recession Ahead, Warns World Trade Body Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.