ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ നികുതി കുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനായി ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ചേരും. ധനമന്ത്രി നിർമല സീതാരാമെൻറ അധ്യക്ഷതയിലാവും യോഗം നടക്കുക. ബ്ലാക്ക്ഫംഗസ് മരുന്നുകളുടെ നികുതി കുറക്കുന്നതും യോഗം ചർച്ച ചെയ്യും. നേരത്തെ ഇതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതി പഠനം നടത്തിയിരുന്നു. നികുതി കുറക്കുന്നതിനെ അനുകൂലിക്കുന്ന റിപ്പോർട്ടാണ് മന്ത്രിതല സമിതി കൈമാറിയതെന്നാണ് സൂചന.
കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മാസ്ക്, മരുന്നുകൾ, ടെസ്റ്റിങ് കിറ്റ്, വെൻറിലേറ്ററുകൾ തുടങ്ങിയ സാധനങ്ങൾക്ക് നികുതി കുറക്കുന്നതാണ് പരിഗണിക്കുന്നത്. മേയ് 28ന് നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ പഠനം നടത്താൻ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ജൂൺ ഏഴിന് സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിലാണ് ഇന്ന് ചർച്ച നടക്കുക.
കോവിഡ് വാക്സിൻ, മരുന്നുകൾ, ടെസ്റ്റിങ് കിറ്റ്, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, പൾസ്ഓക്സി മീറ്റർ, ഹാൻഡ് സാനിറ്റൈസർ, പി.പി.ഇ കിറ്റ്, എൻ95 മാസ്ക്, സർജിക്കൽ മാസ്ക്, തെർമോമീറ്റർ തുടങ്ങിയവയുടെ നികുതിയാവും കുറക്കുക. ഈ ഉൽപന്നങ്ങൾക്ക് നിലവിൽ അഞ്ച് മുതൽ 12 ശതമാനം വരെ നികുതി ചുമത്തുന്നുണ്ട്. സാനിറ്റൈസറിന് 18 ശതമാനമാണ് നികുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.