വീടുകൾക്കും ഇൻഷുറൻസ്​ പരിരക്ഷയൊരുക്കാം

കലിതുള്ളിയ പ്രകൃതിക്കുമുന്നിൽ വീടടക്കം നിക്ഷേപങ്ങളെല്ലാം ഒലിച്ചുപോകുന്നതിന്‍റെ വിറങ്ങലിപ്പ്​ ഇനിയും വിട്ടുമാറിയിട്ടില്ല. എത്ര അടച്ചുറപ്പുണ്ടെന്ന്​ കരുതുന്നവരിലും വയനാട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കുന്നത് അസ്വസ്ഥതകളും ആശങ്കകളുമാണ്​. 2004ലെ സൂനാമി മുതൽ ഒറ്റപ്പെട്ട നിലയിലായിരുന്നെങ്കിൽ 2015ന് ശേഷം ദുരന്തങ്ങൾ കേരളത്തിൽ തുടർക്കഥയാണ്​. പുനരധിവാസത്തിന് സർക്കാറിന്‍റെയും സന്നദ്ധ സഹായ സംഘങ്ങളുടെയും ഇടപെടലുകൾ ഉണ്ടാകാറുണ്ടെങ്കിലും വിയർപ്പൊഴുക്കി ആയുസ്സിന്‍റെ നിക്ഷേപമായി സ്വരൂക്കൂട്ടിയതിന്​ പകരമാകാൻ ഇവക്കൊന്നും കഴിയില്ലെന്നത് പച്ചപരമാർഥം. ഈ സാഹചര്യത്തിലാണ്​ വാഹനങ്ങളെ പോലെ വീടിനും വീട്ടുപകരണങ്ങൾക്കുമടക്കം ഇൻഷുറൻസ് പരിരക്ഷ ഒരുക്കാവുന്ന സൗകര്യങ്ങൾ പ്രസക്തമാകുന്നത്​.

പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്കൊപ്പം സ്വകാര്യ മേഖല കൂടി മത്സരാധിഷ്ിതമായി സജീവമായതോടെ വീടിനും വസ്തുവകകൾക്കും മുതൽ താമസക്കാർക്കും ഏതെങ്കിലും കാരണവശാൽ വീട്​ തകർന്ന് പരിക്കേൽക്കുന്ന അയൽക്കാരന് വരെ പരിരക്ഷയൊരുക്കാവുന്ന വിധം ഇൻഷുറൻസ് വിപണി പടർന്ന് പന്തലിച്ച് കഴിഞ്ഞു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ ഇടപാടുകാരന് കഴിയാതെ വന്നാൽ ഇൻഷുറൻസ് വഴി അടവിന് വഴിയൊരുക്കുകയും വായ്പ ബാധ്യത ആശ്രിതരുടെ ചുമലിൽ വീഴാതെ സംരക്ഷിക്കുകയും ചെയ്യുന്ന വായ്​പ ഇൻഷുറൻസ്​ പരിരക്ഷ പദ്ധതികൾ ഇന്നുണ്ട്. മാ​ത്രമല്ല, പല ബാങ്കുകളും വായ്പകൾക്ക്​ ഇത്തരത്തിൽ ഇൻഷുറൻസ്​ നിർബന്ധിത ഉപാധിയുമാക്കുകയാണ്​.

വീട് ഒരാളുടെ ആയുസ്സിലെ ഏറ്റവും വലിയ നിക്ഷേപമാണ്. കേവലം വിപണി അടിസ്ഥാനപ്പെടുത്തിയുള്ള നിക്ഷേപമൂല്യം എന്നതിനപ്പുറം സ്വപ്നങ്ങളും സങ്കൽപങ്ങളും ആഗ്രഹങ്ങളുമെല്ലാമടങ്ങുന്ന വൈകാരിക മൂല്യം കൂടി അതിനുണ്ട്. ഈ സാഹചര്യത്തിലാണ്​ വീടുകൾക്കുള്ള ഇൻഷുറൻസിന്​​ പ്രാധാന്യമേറുന്നത്​. വീട്ടുടമസ്ഥനും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഉടമ്പടിയിലൂടെ വെള്ളപ്പൊക്കം, കൊടുങ്കാറ്റ്​, ഭൂകമ്പം, ഉരുൾപൊട്ടൽ, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ നിന്നും തീപിടിത്തം, ഷോർട്ട്​ സർക്യൂട്ട്​, കവർച്ച എന്നിവയിൽ നിന്നുമുള്ള പരിരക്ഷയാണ്​ ഹോം ഇൻഷുറൻസുകൾ നൽകുന്നത്​.

വീടിന്‍റെ സ്ട്രക്​ചറിനപ്പുറം മനോഹരമായ ഇൻറീരിയറുകൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ മുതൽ ആഭരണങ്ങളും വിലപ്പെട്ട വസ്​തുക്കളും പരിരക്ഷയിൽ ഉൾ​പ്പെടുത്താം. പ്രകൃതി ദുരന്തങ്ങളുണ്ടായി ആളൊഴിഞ്ഞ വീടുകളിൽ മോഷണമുണ്ടായാൽ അവക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ദുരന്തമുണ്ടായി ഏഴ്​ ദിവസത്തിനുള്ളിൽ സംഭവിക്കുന്ന കവർച്ചകൾക്കാണ്​ പരിരക്ഷ. രാജ്യ​ത്ത്​ ഹോം ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഏഴ്​ വർഷം മുമ്പ്​ വരെ മൊത്തം പോളിസികളിൽ ഒരു​ ശതമാനം മാത്രമായിരുന്നു ഇത്​. അതേസമയം സമീപ കാലങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും ഹോം ഇൻഷുറൻസുകളുടെ അനിവാര്യതയിലേക്ക്​ ആളുകളെ എത്തിച്ചിട്ടുണ്ട്​.

ഇൻഷുറൻസുകൾ ഇങ്ങനെ

ഹോം ഇൻഷുറൻസ്​ പോളികൾ പലവിധത്തിലുണ്ട്​. ചില ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്ന നിലയിൽ പാക്കേജുകൾ ക്രമീകരിച്ചിട്ടുണ്ട്​. വീടിന്‍റെ സ്​ട്രക്​ചറിന്​ സംരക്ഷണം നൽകുന്നവയാണ്​ ഇതിൽ പ്രധാനപ്പെട്ടത്​. ചുറ്റുമതില്‍, ഗേറ്റ്, കിണര്‍, റൂഫിങ് മുതലായ വീടിനനുബന്ധമായ നിർമിതികളും ഇതിൽ ഉൾപ്പെടും. സാധാരണ തീപിടിത്തമടക്കം 14 ഇനങ്ങൾക്ക്​ ഇൻഷുറൻസ്​ ലഭിക്കും. കുറഞ്ഞ പ്രീമിയമാണ് ഈ പോളിസിയുടെ പ്രത്യേകത. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലയളവുകളിൽ ഇന്‍ഷുര്‍ ചെയ്യാം. ഹോം പാക്കേജ് പോളിസിയാണ്​ മറ്റൊന്ന്​. ഓരോ പാക്കേജുകളാണെന്നതാണ്​ പ്രത്യേകത. വീടിനകത്തെ സാധന സാമഗ്രികളും വീട്ടിലുള്ള ആഭരണങ്ങളും വരെ കവർ ചെയ്യാവുന്ന പോളിസികൾ ഈ വിഭാഗത്തിലാണ്​. ഓരോ വിഭാഗം ആളുകൾക്കും അനുയോജ്യമായ വിവിധ സ്ലാബുകൾ ഈ പാക്കേജിലുണ്ടാകും. ഇൻഷുർ ചെയ്ത വസ്തുവിന്‍റെ പരിസരത്ത് വീട്ടുടമക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകുന്ന വ്യക്തിഗത അപകടക ഇൻഷുറൻസ് ഹോം ഇൻഷുറൻസിന്‍റെ ഭാഗമായുണ്ട്​.

പ്രീമിയം

പ്രീമിയം തുക ഇൻഷുറൻസ് പ്ലാനിനെ ആശ്രയിച്ചിരിക്കും. ഇൻഷുർ ചെയ്ത കെട്ടിടത്തിന്‍റെ മൂല്യം കണക്കാക്കിയാണ്​ പ്രീമിയം കണക്കുകൂട്ടുന്നത്​. ആവശ്യമായ റിസ്ക് കവറേജിനെ അടിസ്ഥാനമാക്കിയും നിരക്കുകൾ വ്യത്യസ്തപ്പെടാം. വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് ആഡ്-ഓണുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ അടിസ്ഥാന പോളിസിയുടെയും ആഡ്-ഓണുകളുടെയും ആകെത്തുകയാവും പ്രീമിയം.

10 ലക്ഷം രൂപ മൂല്യമുള്ള വീടിന്​ ​180 രൂപയാണ്​ വാർഷിക പ്രീമിയമായി വരുക. അതായത് ഒരു ലക്ഷത്തിന് 18 രൂപ .ഇതിനൊപ്പം ജി.എസ്​.ടിയുമുണ്ടാകും. വീടിന്‍റെ സ്​ട്രക്​ചറിന്​ പുറമെ, പ്ലബ്ബിങ്​, ഭിത്തിയിൽ സ്ഥാപിച്ച ഇലക്​ട്രിക്കൽ ഉപകരണങ്ങൾ എന്നിവക്കും പരിരക്ഷയുണ്ടാകും. മറ്റ്​ ഉപകരണങ്ങൾക്ക്​ പരിരക്ഷ വേണമെങ്കിൽ അതിന്​ പ്രത്യേക പ്രീമിയമുണ്ട്​. ഉടമ സാക്ഷ്യപ്പെടുത്താതെ തന്നെ വീടിന്‍റെ വിലയുടെ 20 ശതമാനം വരെ ഉപകരണങ്ങൾക്ക്​ ഇൻഷുർ ചെയ്യാം. ഉദാഹരണത്തിന്​​ 10 ലക്ഷം രൂപ മൂല്യമുള്ള വീടിന്​ രണ്ടു​ ലക്ഷം രൂപയുടെ ഉപകരണ ഇൻഷുറൻസ്​ ലഭിക്കും. രണ്ടും ചേർത്ത്​ 12 ലക്ഷത്തിന്​ ഇൻഷുറൻസ്​ എടുക്കണം. അപ്പോൾ ​216 രൂപയാകും പ്രീമിയം. ഉപകരണ ഇൻഷുറൻസ്​ നിർബന്ധമല്ല. ഇനി വീട്​ ഒരു കോടി രൂപയുടേതാണെന്നിരിക്കട്ടെ, 20 ലക്ഷം രൂപയുടെ ഉപകരണ ഇൻഷുറൻസ്​ എടുക്കാം. 2160 രൂപ ആകും പ്രീമിയം. 20 ശതമാനത്തെക്കാൾ കൂടുതലാണ്​ ഉപകരണങ്ങൾക്ക്​ വിലയെങ്കിൽ കൂടിയ കവറേജിന്​ ഇൻഷുർ ചെയ്യാം.

വാടകവീടിനും ഇൻഷുറൻസ്​

മാറുന്ന ജീവിതസാഹചര്യങ്ങളും ​ അതിവേഗത്തിലുള്ള നഗരവത്​കരണവും മൂലം വീട് വാങ്ങുന്നതുപോലെ തന്നെ വീട് വാടകക്ക് എടുക്കുന്നതും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടമയുടെ അറിവോടെ വാടക വീട്​ ഇൻഷുർ ചെയ്യാം. വീടിനുണ്ടാകുന്ന​ കേടുപാടുകൾക്ക്​ വാടകക്കാരൻ ബാധ്യസ്ഥനായിരിക്കുന്ന പരാമർശം കരാറിലുണ്ടാകുമ്പോഴാണ്​ ഇത്​ കൂടുതൽ പ്രസക്തമാകുന്നത്. ഉപകരണങ്ങൾക്ക്​ മാത്രം ഇൻഷുറൻസ്​ സാധിക്കില്ല. വാടകക്കാരന്​ വീടിനൊപ്പം തന്‍റെ ഉപകരണങ്ങളും ഇത്തരത്തിൽ പരിരക്ഷയിലാക്കാം.

ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന് മുഴുവന്‍ പരിരക്ഷ നല്‍കുന്ന പോളിസി തെരഞ്ഞെടുക്കുകയെന്നത്​ പ്രധാനമാണ്​. താമസിക്കുന്ന പ്രദേശത്തിന്‍റെ സാഹചര്യങ്ങൾ വലിയിരുത്തി വേണം തീരുമാനമെടുക്കേണ്ടത്​. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കില്‍ അത്തരത്തില്‍ കവര്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക്​ മുൻഗണന നൽകണം. നിരവധി കമ്പനികള്‍ ഇത്തരം ഹോം ഇൻഷുറൻസ്​ നല്‍കുന്നുണ്ട്. ഹോം ഇൻഷുറൻസ് പോളിസിയിലെ കവറേജുകൾ മനസ്സിലാക്കുന്നതിനു പുറമെ, പോളിസിയിൽ ഉൾപ്പെടാത്തവ എന്തെല്ലാമെന്ന് കൂടി വ്യക്തമായി അറിഞ്ഞിരിക്കണം.

ഇവ പരിരക്ഷക്ക്​ പുറത്താണ്​

  • വീടിന് ബോധപൂർവമായുണ്ടാക്കുന്ന കേടുപാടുകൾ.
  • സർക്കാർ അതോറിറ്റികൾ ഇടിച്ചുനിരത്തുന്ന കെട്ടിടങ്ങൾ (അനധികൃതമായി പരിഗണിക്കുന്നു)
  • യുദ്ധം, യുദ്ധസമാനമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ.
  • മലിനീകരണം അല്ലെങ്കിൽ റേഡിയേഷൻ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ.
  • നിയമവിരുദ്ധമായി സമ്പാദിച്ച വസ്തുവകകൾക്കുള്ള നാശത്തിന്​ ഇൻഷുറൻസ്​ ലഭിക്കില്ല. 

മോഷണത്തിനും ബാങ്ക് വായ്പക്കും ഇൻഷുറൻസ്

പ്രകൃതി ദുരന്തങ്ങൾക്ക്​ അനുബന്ധമായല്ലാതെ മോഷണങ്ങളിൽനിന്ന് വീടുകൾക്കും ഉപകരണങ്ങൾക്കും വിലപിടിപ്പുള്ള സാധനങ്ങൾക്കും ഇൻഷുറൻസ്​ പരിരക്ഷയൊരുക്കാം. പക്ഷേ, ഹോം ഇൻഷുറൻസ്​ എടുത്തവർക്കേ മോഷണങ്ങൾക്കുള്ള ഇൻഷുറൻസ്​ ലഭിക്കൂ. മാത്രമല്ല, ഏകീകൃത പ്രീമിയം നിരക്കുമായിരിക്കില്ല. വീട്​ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ സുരക്ഷ, പ്രദേശിക സാഹചര്യങ്ങൾ, വസ്​തുവകകളുടെ മൂല്യം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്​ പ്രീമിയം കണക്കാക്കുക.

ബാങ്ക്​ വായ്പകൾക്കുള്ള ഇൻഷുറൻസാണ്​ മറ്റൊന്ന്​. അതാത്​ ബാങ്കുകൾക്ക്​ കീഴിലുള്ള ഇൻഷുറൻസ്​ സ്ഥാപനങ്ങളാണ്​ ഇവ നൽകുന്നത്​. ഹൗസിങ്​ ​ലോണുകൾക്കാണ്​ പ്രധാനമായും ഇത്തരം ഇൻഷുറൻസുകൾ അനുവദിക്കുന്നത്​. അഞ്ച്​ ലക്ഷം രൂപവരെയുള്ള വായ്പകൾക്ക്​ 11,000-12,000 ആണ്​ വാർഷിക പ്രീമിയം. 46 വയസ്സുവരെയാണ്​ ഈ നിരക്ക്​. തുടർന്നുള്ള പ്രായപരിധിക്കനുസരിച്ച്​ പ്രീമിയം വർധിക്കും. വായ്​പ തുക കൂടുന്നതിനനുസരിച്ചും ​പ്രീമിയം നിരക്ക്​ വർധിക്കും. വാർഷിക പ്രീമിയം നിരക്ക്​ വായ്പ തിരിച്ചടവിന്​ സമാനം മാസാമാസം അടയ്ക്കാനുള്ള സൗകര്യവും ബാങ്കുകൾ നൽകുന്നുണ്ട്​. മൊബൈൽ ഫോണുകൾക്ക്​ ഇൻഷുറൻസ്​ അനുവദിക്കുന്നുണ്ടെങ്കിലും മറ്റ്​ ഇൻഷുറൻസ്​ എടുത്തവർക്കാണ്​ പ്രധാനമായും​ പൊതുമേഖല ഇൻഷുറൻസ്​ കമ്പനികൾ ഈ സൗകര്യം അനുവദിക്കുന്നത്​. എന്നാൽ, ഡീലർമാരു​മായി സഹകരിച്ച്​ ന്യൂ ജൻ ഇൻഷുറൻസ്​ കമ്പനികൾ മൊബൈൽ വാങ്ങുന്നവർക്ക്​ പരിരക്ഷ നൽകുന്നുണ്ട്​.

ഹോം ഇൻഷുറൻസ്​ ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം തകർന്നുവീഴുന്ന വീടുകൾക്ക്​ പരിരക്ഷ ലഭിക്കില്ല. എന്നാൽ, മരം വീണുണ്ടാകുന്ന കേടുപാടുകൾക്കും തകർച്ചക്കും ക്ലയിം ലഭിക്കും.

Tags:    
News Summary - Homes can also be covered by insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT