സജീവമായി ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ, പിന്നീട് കാലങ്ങളോളം ഉപയോഗമേതുമില്ലാതെ കിടക്കുക. തൊഴിൽപരമായ കാരണങ്ങളാൽ അക്കൗണ്ടുകൾ മാറിമാറി വരുക, അക്കൗണ്ട് ഉടമയുടെ മരണം തുടങ്ങി പലകാരണങ്ങൾ ഇതിനു പിന്നിലുണ്ടാവും. പ്രവാസികൾക്കിടയിൽ ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിൽ ഈ ഉദാസീനത പുതുമയല്ല. ഇത്തരത്തിൽ ഉപയോഗിക്കാത്ത വിവിധ അക്കൗണ്ടുകളിൽ അവകാശികളെ കാത്ത് കോടികൾ കെട്ടിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.
പത്ത് വർഷമോ അതിലധികമോ പ്രവർത്തിക്കാത്ത സേവിംങ്സ്/കറന്റ് അക്കൗണ്ടുകൾ, കാലവധി കഴിഞ്ഞിട്ടും പിൻവലിക്കാത്ത ഫിക്സഡ് ഡെപ്പോസിറ്റ്, എൻ.ആർ.ഇ, എൻ.ആർ.ഒ, എഫ്.സി.എൻ.ആർ അക്കൗണ്ടുകൾ തുടങ്ങിയവയും അവയിലെ പലിശയും ചേർന്നുള്ള തുക റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ക്ലയിം ചെയ്യാത്ത നിക്ഷേപം എന്ന ഗണത്തിൽ പെടുത്തുന്നതാണ്.
നിഷേപകർ പിൻവലിക്കാത്തതിന് പുറമെ നിക്ഷേപകന്റെ മരണ ശേഷം നിയമപരമായ അവകാശികൾ ക്ലെയിം ചെയ്യാത്തതുമാവുമ്പോൾ ഈ സംഖ്യ കൂടുന്നു. വർഷാവർഷം ഈ തുക ഗണ്യമായി കൂടി വരുകയാണെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തുന്നത്. പത്തു വർഷം പൂർത്തീകരിച്ച ഈ ഡെപ്പോസിറ്റ് തുകകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഡെപോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനസ് (DEA) ഫണ്ടിലേക്ക് മാറ്റും.
ഇങ്ങനെ 2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ആർ.ബി.ഐ യിലേക്ക് മാറ്റിയ തുക 35,000 കോടി രൂപയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇങ്ങനെ അവകാശികളില്ലതെ കെട്ടിക്കിടക്കുന്ന പണം യഥാർഥ അവകാശികൾക്ക് ലഭ്യമാക്കാൻ റിസർവ് ബാങ്കിനു തന്നെ വിവിധ പദ്ധതികളുണ്ട്.
2023 ആഗസ്റ്റ് 17ന് റിസർവ് ബാങ്ക് ഗവർണർ ഉദ്ഘാടനം നിർവഹിച്ച റിസർവ് ബാങ്കിന്റെ കേന്ദ്രീകൃത വെബ് പോർട്ടലാണ് UDGAM പോർട്ടൽ. നിർമിത ബുദ്ധിയുടെ സാങ്കേതിക വിദ്യയാൽ നിയന്ത്രിതമായ ഈ പോർട്ടൽ ഉപയോഗിച്ച് വിവിധ ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത തുകകൾ കണ്ടെത്താനും അവകാശം ഉന്നയിക്കാൻ നിക്ഷേപകനും അവകാശികൾക്കും സാധിക്കും. നിലവിൽ ഏഴ് ബാങ്കുകളാണ് ഈ പോർട്ടലിൽ ഉള്ളത്.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
3.സിറ്റി ബാങ്ക്
4. ഡി.ബി.എസ് ബാങ്ക്
5. ധനലക്ഷ്മി ബാങ്ക്
6. പഞ്ചാബ് നാഷനൽ ബാങ്ക്
7. സൗത്ത് ഇന്ത്യൻ ബാങ്ക്
ഈ വർഷം ഒക്ടോബർ 15 ഓടെ ഒട്ടുമിക്ക ബാങ്കുകളിലും ഈ പോർട്ടലിന്റെ സേവനം വഴി ലഭ്യമാവും. ആർ.ബി.ഐ കണക്കനുസരിച്ച് ഇങ്ങനെയുള്ള തുകയിൽ ഏറ്റവും കൂടുതലുള്ളത് എസ്.ബി.ഐയിലാണ്. 8 ,086 കോടി രൂപ. പഞ്ചാബ് നാഷനൽ ബാങ്കിൽ 5,340 കോടി രൂപയും കനറാ ബാങ്കിൽ 4,558 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 3,904 കോടി രൂപയും അവകാശികളെ കാത്തുകിടക്കുന്നു.
udgam.rbi.org.in എന്ന പോർട്ടലിൽ പേര്, മൊബൈൽ നമ്പർ, പാൻ കാർഡ് നമ്പർ, ജനന തിയ്യതി, എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
ബാങ്ക് അക്കൗണ്ട് ഉടമയുടെ പേര് നൽകി, അക്കൗണ്ട് ഉള്ള ബാങ്ക് തിരെത്തെടുക്കുക.
തുടർന്ന് ബാങ്ക് അക്കൗണ്ടുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത ഫണ്ടുകൾ പരിശോധിക്കാം.
ക്ലെയിം ചെയ്യാവുന്ന തുകയുടെ വിശദാംശങ്ങൾ മേൽ പ്രകാരമുള്ള നടപടിയിലൂടെ ലഭ്യമായാൽ ‘UDGAM’ പോർട്ടലിൽ ലഭിക്കുന്ന ക്ലെയിം ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് റിസർവ് ബാങ്കിന് സമർപ്പിക്കുക. റിസർവ് ബാങ്ക് ആവശ്യമായ റിവ്യൂ ചെയ്ത് പണം അക്കൗണ്ട് ഉടമയുടെ പേരിലെയോ അവകാശികളുടെയോ ബാങ്ക് അക്കൗണ്ട് വഴി നൽകും. ചില സന്ദർഭങ്ങളിൽ, മരണ സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോർണി, ബന്ധുത്വ സർട്ടിഫിക്കറ്റ് മുതലായ രേഖകളും ക്ലെയിം ഫോറത്തോടൊപ്പം സമർപ്പിക്കേണ്ടിവരും.
ഈ തുക അവകാശികൾക്ക് കൊടുത്തു വീട്ടാനായി 100 ദിന തീവ്ര യജ്ഞ പരിപാടി റിസർവ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ‘100 ദിനം, 100 പേയ്സ്’ എന്ന് പേരിട്ട കാമ്പയിൻ പ്രകാരം ഓരോ ബേങ്കിന്റെയും രാജ്യത്തെ ഓരോ ജില്ലയിലെയും ഏറ്റവും കൂടുതൽ തുക വരുന്ന ആദ്യത്തെ നൂറ് ക്ലെയിം ചെയ്യാത്ത തുക അവകാശികളെ കണ്ടെത്തി നൽകുക എന്നതാണ്. 2023 ജൂൺ ഒന്നിന് ആരംഭിച്ച ഈ പദ്ധതിക്ക് വളരെ നല്ല പ്രതികരണം ലഭിക്കുന്നതായാണ് റിപ്പോർട്ട്.
വിദേശത്തേക്ക് കുടിയേറിയ പലരുടെയും നാട്ടിലെ നിക്ഷേപം മേൽപ്പറഞ്ഞ പ്രകാരം കെട്ടിക്കിടക്കുന്നതായി വാർത്തകൾ വരാറുള്ളതാണ്. അതുപോലെ ഗൾഫ് അടക്കമുള്ള മറ്റ് രാജ്യങ്ങളിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലും ചെറുതും വലുതുമായ തുകകൾ അശ്രദ്ധമൂലവും മറ്റും ഉണ്ടാവാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഏറെ പ്രയോജനപ്രദമാക്കാവുന്നതാണ് മേൽ വിവരിച്ച പോർട്ടൽ.
1 തങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ച് ഏറ്റവും അടുത്തവരെ അറിയിക്കുക.
2 നമ്മുടെ മേൽവിലാസം, ബന്ധപ്പെടാവുന്ന നമ്പറുകൾ എന്നിവയിൽ മാറ്റം ഉണ്ടായാൽ ബാങ്കിനെ വിവരം അറിയിക്കുക.
3 ആവശ്യമില്ലാത്ത അക്കൗണ്ടുകൾ വേഗം ക്ലോസ് ചെയ്യുക.
4 കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപം പോലുള്ളവ വേഗം പിൻവലിക്കുക.
5 തിരിച്ചുപോയ പ്രവാസികൾ തങ്ങളുടെ എൻ.ആർ.ഇ അക്കൗണ്ടിലെ പണം എൻ.ആർ.ഒ.അക്കൗണ്ടിലേക്കോ സേവിങ് ബാങ്ക് അക്കൗണ്ടിലേക്കോ മാറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.