ന്യൂഡൽഹി: രാജ്യത്തെ കോർപറേറ്റ്, വ്യക്തിഗത നികുതി വരുമാനത്തിൽ വൻ വർധനയെന്ന് നികുതി വകുപ്പ്. നിലവിലെ സാമ്പത്തിക വർഷം മൊത്തം നികുതി വരുമാനം 24 ശതമാനം വർധിച്ച് 8.98 ലക്ഷം കോടിയായി ഉയർന്നെന്നും അധികൃതർ വ്യക്തമാക്കി.
വ്യക്തിഗത നികുതി (ഓഹരി ഇടപാട് നികുതി ഉൾപ്പെടെ) വരുമാനത്തിൽ 32 ശതമാനവും കോർപറേറ്റ് നികുതി വരുമാനത്തിൽ 16.73 ശതമാനവുമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ വർധിച്ചത്. ഏപ്രിൽ ഒന്ന് -ഒക്ടോബർ എട്ട് കാലയളവിൽ, റീഫണ്ട് കിഴിച്ചുള്ള പ്രത്യക്ഷ നികുതി വരുമാനം 7.45 ലക്ഷം കോടിയാണ്. ഇത് സാമ്പത്തിക വർഷത്തെ മൊത്തം പ്രതീക്ഷിത നികുതി വരുമാനത്തിന്റെ 53.46 ശതമാനമാണ്.
''ഒക്ടോബർ എട്ടുവരെയുള്ള കാലയളവിൽ മൊത്തം നികുതി വരുമാനം 8.98 ലക്ഷം കോടിയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 23.8 ശതമാനം കൂടുതലാണിത്'' -നികുതി വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക പ്രവർത്തനത്തിന്റെ സൂചകമാണ് നികുതി വരുമാനം. അതേസമയം, വ്യവസായ ഉൽപാദനത്തിലും കയറ്റുമതിയിലും രാജ്യത്ത് ഇടിവ് തുടരുന്ന ഈ കാലയളവിൽ തന്നെയാണ് നികുതി വരുമാനം കൂടിയത്. സാമ്പത്തിക വളർച്ച കുറഞ്ഞിരിക്കുമ്പോഴും കോർപറേറ്റ് മേഖലയുടെ ലാഭമാണ് വർധനക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉൽപന്ന കയറ്റുമതി ചുരുങ്ങുകയും വ്യാപാര കമ്മി ഇരട്ടിയാവുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.