ന്യൂഡൽഹി: ജനജീവിതം ദുസഹമാക്കി പാകിസ്താനിൽ ഇന്ധനവില വർധിപ്പിച്ചു. ഇതോടെ പെട്രോൾ വില ലിറ്ററിന് 272 പാകിസ്താൻ രൂപയായി ഉയർന്നു. ഡീസൽ വില 17.20 രൂപ ഉയർത്തിയതോടെ ലിറ്ററിന് 280 പാകിസ്താൻ രൂപയായി. വിലക്കയറ്റം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുന്നതാണ് സർക്കാർ നടപടി.
ഷഹബാസ് ശെരീഫ് സർക്കാർ അനുബന്ധ ധനകാര്യ ബിൽ കഴിഞ്ഞ ദിവസം പാർലമെന്റിൽ കൊണ്ടു വന്നിരുന്നു. ചരക്ക് സേവന നികുതി 18 ശതമാനമാക്കി ഉയർത്തുന്നതിന് വേണ്ടിയായിരുന്നു നീക്കം. ഇതിലൂടെ 170 ബില്യൺ പാകിസ്താൻ രൂപയുടെ വരുമാനമുണ്ടാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നീക്കം സഹായിക്കുമെന്നാണ് പാകിസ്താൻ സർക്കാർ കരുതുന്നത്.
അതേസമയം, പാകിസ്താനിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഒരു ലിറ്റർ പാലിന്റെ വില 210 പാകിസ്താൻ രൂപയായി ഉയർന്നു. കിലോക്ക് 780 രൂപയാണ് ചിക്കന്റെ വില. അതേസമയം, വർഷത്തിന്റെ ആദ്യ പകുതിയിൽ പാകിസ്താനിൽ പണപ്പെരുപ്പത്തിൽ 33 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് മുഡീസിന്റെ പ്രവചനം. ഐ.എം.എഫിന്റെ സഹായം കൊണ്ട് മാത്രം പാകിസ്താൻ സമ്പദ്‍വ്യവസ്ഥയെ പൂർവസ്ഥിതിയിലാക്കാൻ സാധിക്കില്ലെന്നും ഏജൻസി പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.