ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേന്ദ്രസർക്കാർ നികുതി വർധനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. സാമ്പത്തികപരിഷ്കാരങ്ങളും കോവിഡും മൂലം വലിയ ധനകമ്മി അനുഭവപ്പെടുന്ന കേന്ദ്രസർക്കാർ ഇത് മറികടക്കാനും ജനങ്ങളെ പിഴിയാൻ ഒരുങ്ങുകയാണ്. ഡിസംബറിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നികുതി വർധന സംബന്ധിച്ച് ചർച്ചയുണ്ടാവുമെന്നാണ് സൂചന.
ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ലൈവ് മിന്‍റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിലവിൽ ജി.എസ്.ടിയിലുള്ള അഞ്ച്, 12 ശതമാനം സ്ലാബുകൾ പരിഷ്കരിക്കാനാണ് കേന്ദ്രസർക്കാറിന്‍റെ പദ്ധതി. അഞ്ച് ശതമാനം സ്ലാബ് ആറിലേക്കും 12 ശതമാനം 13ലേക്കും വർധിപ്പിക്കാനാണ് സർക്കാറിന്‍റെ ആലോചന.
ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന സാധനങ്ങളാണ് ഈ നികുതി സ്ലാബിൽ വരുന്നത്. ഇവയുടെ നികുതി ഉയർത്തുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവും സൃഷ്ടിക്കുക. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രിമാർ പഠനം നടത്തി റിപ്പോർട്ട് ജി.എസ്.ടി കൗൺസിൽ സമർപ്പിക്കുമെന്നാണ് സൂചന. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു തീരുമാനം കേന്ദ്രസർക്കാർ എടുക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.