എട്ട് ജീവനക്കാരുള്ള കമ്പനിക്ക് 4800 കോടിയുടെ ഐ.പി.ഒ അപേക്ഷ!

ഡൽഹിയിൽ രണ്ട് യമഹ ബൈക്ക് ഷോറൂമും ആകെ എട്ട് ജീവനക്കാരുമുള്ള ‘റിസോഴ്സ്ഫുൾ ഓട്ടോമൊബൈൽ’ എന്ന ചെറുകിട ഇടത്തരം കമ്പനിയുടെ (എസ്.എം.ഇ) ഐ.പി.ഒ (പ്രഥമ ഓഹരി വിൽപന) കഴിഞ്ഞ ദിവസം നടന്നിരുന്നു. 12 കോടിയുടെ ഐ.പി.ഒക്ക് 400 മടങ്ങായിരുന്നു അപേക്ഷകർ. അതായത് 4800 കോടിയിലധികം രൂപയടച്ച് നിക്ഷേപകർ അലോട്ട്മെന്റിനായി കാത്തുനിന്നു. 117 രൂപ വിലയുള്ള ഓഹരി 70 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യും എന്ന് കരുതിയിരുന്ന ഘട്ടത്തിലാണ് പ്രമുഖ ദേശീയ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വാർത്ത വന്നത്. ഒടുവിൽ ബിഡ് വിലയിൽ തന്നെ ലിസ്റ്റിങ് നടന്നതിന് പിന്നിൽ ഈ വാർത്തകൾ പങ്കുവഹിച്ചു. പ്രതിവർഷം 17 കോടി വരുമാനവും 1.52 കോടി ലാഭവുമുള്ള കമ്പനിക്ക് 9.9 കോടി കടവും ഉണ്ട് എന്നതാണ് കൗതുകം.

എസ്.എം.ഇ വിഭാഗത്തിൽപെടുന്ന കമ്പനികൾ സമീപകാലത്ത് വ്യാപകമായി ഐ.പി.ഒയുമായി രംഗത്തുവരുന്നു. ഒട്ടുമിക്ക കമ്പനികളും വലിയ പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്യുന്നത് എന്നതിനാൽ റീട്ടെയിൽ നിക്ഷേപകർ വ്യാപകമായി ഇതിലേക്ക് ആകർഷിക്കപ്പെടുന്നു. അടുത്തിടെ ലിസ്റ്റ് ചെയ്ത പല ഓഹരികളും ഐ.പി.ഒ വിലയേക്കാള്‍ 100 ശതമാനത്തിലധികം വിലക്ക് ലിസ്റ്റ് ചെയ്ത സാഹചര്യത്തിൽ സെബി പരമാവധി 90 ശതമാനം ലിസ്റ്റിങ് നേട്ടം എന്ന പരിധി നിശ്ചയിച്ചിരിക്കുകയാണ്. എസ്.എം.ഇ ഐ.പി.ഒകളുടെ മാര്‍ഗനിർദേശങ്ങള്‍ സാധാരണ ഐ.പി.ഒയേക്കാള്‍ ലളിതമാണ്. അതുകൊണ്ടാണ് കൂടുതൽ കമ്പനികൾ ഐ.പി.ഒയുമായി രംഗത്തുവരുന്നത്.

വളർച്ച സാധ്യതയുള്ള കമ്പനികളിൽ ആരംഭഘട്ടത്തില്‍ നിക്ഷേപിക്കുന്നത് മികച്ച നേട്ടമുണ്ടാക്കാൻ സഹായിക്കുന്നതാണ്. അതേസമയം, ചെറുകിട ഇടത്തരം കമ്പനികൾക്ക് റെഗുലേറ്ററി നിയന്ത്രണങ്ങൾ കുറവായതിനാൽ തട്ടിപ്പുകൾക്ക് സാധ്യത ഏറെയാണെന്നും സൂക്ഷിക്കണമെന്നും സെബി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ഇത്തരം ഓഹരികളിൽ കനത്ത വിൽപന സമ്മർദമുണ്ടായി. നാലു ശതമാനത്തിലേറെയാണ് എസ്.എം.ഇ സൂചിക ഒറ്റ ദിവസംകൊണ്ട് ഇടിഞ്ഞത്. നന്നായി പഠിക്കാനും അപഗ്രഥിക്കാനും കഴിവുള്ളവർക്ക് മൂലധനത്തിന്റെ ചെറിയൊരു ഭാഗം ജാഗ്രതയോടെ എസ്.എം.ഇ ഓഹരികളിൽ നിക്ഷേപിക്കുന്നതിൽ തെറ്റില്ല. ലിസ്റ്റിങ് നേട്ടം ഉദ്ദേശിച്ച് എസ്.എം.ഇ ഐ.പി.ഒക്ക് ​അപേക്ഷിക്കുകയും ചെയ്യാം. എന്നാൽ, ആർത്തി മൂത്ത് മൂലധനത്തിന്റെ വലിയൊരു ഭാഗവും ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. എസ്.എം.ഇ നിക്ഷേപം നടത്തുന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ കമ്പനികളിൽ ഒതുക്കാതെ വൈവിധ്യവത്കരിക്കുക. ഒന്ന് ഒലിച്ചുപോയാലും നമ്മൾ തകർന്നുപോകരുതല്ലോ.

Tags:    
News Summary - 4800 crore IPO application for a company with eight employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.