പ്രതിശീർഷ വരുമാനം: 75 വർഷമെടുത്താലും ഇന്ത്യക്ക് യു.എസിനൊപ്പമെത്താനാവില്ലെന്ന് ലോകബാങ്ക്

ന്യൂഡൽഹി: പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യ യു.എസിനൊപ്പമെത്തണമെങ്കിൽ 75 വർഷം കഴിഞ്ഞാലും സാധിക്കില്ലെന്ന് ലോകബാങ്ക്. 75 വർഷം കഴിഞ്ഞാലും സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിൽ യു.എസിലുണ്ടാവുന്ന പ്രതിശീർഷ വരുമാനം മാത്രമേ ഇന്ത്യയിലുണ്ടാവുവെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയുൾപ്പടെ 100 രാജ്യങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് ലോകബാങ്ക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാൽ, 10 വർഷം കൊണ്ട് തന്നെ പ്രതിശീർഷ വരുമാനത്തിൽ ചൈന യു.എസിനൊപ്പമെത്തുമെന്നും ലോകബാങ്ക് പറയുന്നു. ഇന്തോനേഷ്യക്ക് 70 വർഷം വേണ്ടി വരും യു.എസിനൊപ്പമെത്താൻ. വേൾഡ് ഡെവലപ്മെന്റ് റിപ്പോർട്ട് 2024ലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.

മധ്യവരുമാനമുള്ള രാജ്യങ്ങളെ സംബന്ധിക്കുന്ന കണക്കുകളാണ് ലോകബാങ്ക് പുറത്ത് വിട്ടത്. 2023ലെ കണക്ക് പ്രകാരം 108 എണ്ണമാണ് മധ്യവരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾ​പ്പെടുന്നത്. പ്രതിവർഷം 1,136 ഡോളർ മുതൽ 13,845 ഡോളർ വരെയാണ് ഇവയുടെ പ്രതിശീർഷ വരുമാനം. ആഗോള ജനസംഖ്യയുടെ 75 ശതമാനവും ഈ രാജ്യങ്ങളിലാണ്. ഇത്തരം രാജ്യങ്ങളിലെ വലിയൊരു ജനവിഭാഗവും കടുത്ത പട്ടിണിയിലാണ് കഴിയുന്നതെന്നും ലോകബാങ്കിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ രാജ്യങ്ങൾ വരും വർഷങ്ങളിൽ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്നും ലോകബാങ്ക് പറയുന്നു. വാർധക്യത്തിലേക്ക് നീങ്ങുന്ന ജനസംഖ്യ, കടബാധ്യതയുടെ വർധന, ആഗോള സംഘർഷങ്ങളും വ്യാപാര പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ഉൾപ്പടെയുള്ള വെല്ലുവിളി രാജ്യങ്ങൾ നേരിടും.

നയം മാറ്റിയില്ലെങ്കിൽ നൂറ്റാണ്ടിന്റെ പകുതിയോടെ വലിയ പ്രതിസന്ധി ഇത്തരം രാജ്യങ്ങൾ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇൻഡർമിറ്റ് ഗിൽ പറഞ്ഞു. 1990ന് ശേഷം 34 രാജ്യങ്ങളാണ് മധ്യവരുമാനത്തിൽ നിന്നും ഉയർന്ന വരുമാനക്കാരുളള രാജ്യങ്ങളായി മാറിയതെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിൽ ഭൂരിപക്ഷവും യുറോപ്യൻ രാജ്യങ്ങളാണെന്നും ചിലത് എണ്ണയിൽ നിന്നും വരുമാനമുള്ള രാജ്യങ്ങളാണെന്നും ലോകബാങ്ക് പറയുന്നു.

Tags:    
News Summary - India may take 75 years to reach a quarter of US per capita: World Bank report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.