അടുത്ത വർഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലാകും -രഘുറാം രാജൻ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യസ്ഥയെ സംബന്ധിച്ചിടത്തോളം അടുത്ത വർഷം കൂടുതൽ പ്രയാസമുള്ളതായിരിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. രാഹുൽ ഗാന്ധിയുമായി നടത്തിയ  കൂടിക്കാഴ്ചയിലാണ് രഘുറാം രാജന്റെ പ്രതികരണം. ഇന്ത്യയിലേയും യു.എസിലേയും സാമ്പത്തിക സാഹചര്യങ്ങൾ ചെറുകിട വ്യവസായങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുന്നതാണ്. അത് അസമത്വം സൃഷ്ടിക്കുമെന്നും രഘുറാം രാജൻ പറഞ്ഞു.

യുക്രെയ്ൻ യുദ്ധം മൂലം ആഗോള സമ്പദ്‍വ്യവസ്ഥയിൽ വലിയ തിരിച്ചടിയുണ്ടായിട്ടുണ്ട്. ഇതിന് പുറമേ വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്നതും തിരിച്ചടിയാണ്. ഇത് വളർച്ച കുറയുന്നതിന് കാരണമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയേയും ഇത് ബാധിക്കും. രാജ്യത്തും പലിശനിരക്ക് ഉയരുകയാണ്. കയറ്റുമതി കുറയുകയും ചെയ്യുന്നു. പണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രതിസന്ധി നെഗറ്റീവ് വളർച്ചക്ക് കാരണമാവുമെന്നും രഘുറാം രാജൻ പറഞ്ഞു.

അഞ്ച് ശതമാനം വളർച്ച ഇന്ത്യക്കുണ്ടായാൽ തന്നെ അത് ആശ്വാസകരമാണ്. വളർച്ച കുറയന്നതിന്റെ കാരണമെന്താണെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് കോവിഡിനെ ഒരു പ്രശ്നമായി വിലയിരുത്താമെങ്കിലും ഇന്ത്യയിൽ ഇതിന് മുമ്പ് ​തന്നെ വളർച്ചയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ പരിഷ്കാരങ്ങളില്ലാത്തതാണ് രാജ്യത്തിന്റെ തിരിച്ചടിക്കുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മൂലം ഏറ്റവും ദുരിതം അനുഭവിച്ചത് ലോവർ മിഡിൽ ക്ലാസാണ്. പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ അവരെ പരിഗണിക്കണം. സ്വകാര്യ മേഖലക്ക് ഇനി സർക്കാർ പ്രാധാന്യം കൊടുക്കണം. അവിടെയാണ് കൂടുതൽ ജോലികൾ സൃഷ്ടിക്കാൻ കഴിയുക. ഇന്ത്യയിൽ ഇനി വിപ്ലവകരമായ മാറ്റമുണ്ടാകാൻ പോകുന്ന മേഖല സേവന മേഖലയാണ്. ​കൂടുതൽ തൊഴിലുകൾ സേവനമേഖലക്ക് നൽകാനാവും. അമേരിക്കൻ കമ്പനിക്ക് വേണ്ടി ഇന്ന് ഇന്ത്യയിലിരുന്ന് തന്നെ ജോലി ചെയ്യാൻ സാധിക്കും. ഇത് സേവന മേഖലക്ക് ഗുണകരമാവുമെന്നും രഘുറാം രാജൻ പറഞ്ഞു.

Tags:    
News Summary - Indian economy will be in more crisis next year - Raghuram Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT