വളർച്ചക്ക് വേഗം പോരാ...

സമ്പദ്‌വ്യവസ്ഥക്കും നിക്ഷേപകർക്കും ഏറെ നേട്ടം സമ്മാനിച്ച വർഷമാണ് കടന്നുപോകുന്നത്. സുപ്രധാന പരിഷ്‌കാരങ്ങൾക്കും ശക്തമായ നിക്ഷേപ ഒഴുക്കിനും സാക്ഷിയായ വിപണിയെ വിവാദങ്ങളും പിടിച്ചുകുലുക്കി. സ്വർണവില കുതിച്ചുയർന്നപ്പോൾ രൂപയുടെ മൂല്യം ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യ സൂചനകൾക്കിടയിലും നിരവധി സാധ്യതകളും വെല്ലുവിളികളും ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിട്ടു. ആഭ്യന്തര ഉൽപാദന വളർച്ചയിൽ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുമ്പോഴും അ‌ടുത്ത വർഷത്തോടെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള തിടുക്കത്തിലാണ് രാജ്യം.

സ്വർണത്തിന്പത്തരമാറ്റ് തിളക്കം

സ്വർണത്തിളക്കമായിരുന്നു കഴിഞ്ഞ വർഷത്തിന്. ഫെബ്രുവരിയിൽ പവന് 45,520 രൂപയായിരുന്ന സ്വർണ വില ഒക്ടോബറിൽ 59,640 രൂപ തൊട്ടു. യുദ്ധത്തിനും ആഗോള രാഷ്ട്രീയ പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യ സൂചനകൾക്കുമിടയിൽ സുരക്ഷിത ആസ്ഥി എന്ന നിലക്ക് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടൂകയായിരുന്നു. യു.എസിൽ ഫെഡറൽ റിസർവ് മൂന്ന് തവണ പലിശ നിരക്ക് കുറച്ചതും റിസർവ് ബാങ്ക് കണ്ണുംപൂട്ടി സ്വർണം വാങ്ങിക്കൂട്ടിയതും നേട്ടമായി. സാമ്പത്തിക വളർച്ച മുരടിപ്പും ഓഹരി വിപണിയിലെ ഇടിവും റിയൽ എസ്റ്റേറ്റ് രംഗം ദുർബലമായതും കാരണം ചൈനയാണ് ഏറ്റവും അ‌ധികം സ്വർണം വാങ്ങിക്കൂട്ടിയത്. സാമ്പത്തിക അ‌സ്ഥിരത വർധിച്ചതോടെ ഓഹരികളിൽനിന്നും ക്രിപ്റ്റോ കറൻസികളിൽ നിന്നും സ്വര്‍ണത്തിലേക്ക് പണം ഒഴുകി. വെള്ളി വിലയും ഗണ്യമായി വർധിച്ചു.

വിവാദങ്ങളുടെ വിപണി

ശക്തമായ മുന്നേറ്റത്തിനിടെ ഉയർന്ന അ‌ഴിമതി, കൈക്കൂലി ആരോപണങ്ങൾ ഓഹരി വിപണിയെയും വ്യവസായ മേഖലയെയും പിടിച്ചുകുലുക്കി. വ്യവസായ ഭീമൻ ഗൗതം അ‌ദാനിക്കും ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ മാധബി പുരി ബുച്ചിനുമെതിരെയാണ് ആരോപണ വിരൽ ഉയർന്നത്. യു.എസിലെ അ‌ദാനി ഗ്രൂപ്പ് കമ്പനി സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അ‌ദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരെയുള്ള കുറ്റം. ഇക്കാര്യങ്ങൾ നിക്ഷേപകരിൽനിന്ന് മറച്ചുവെച്ചെന്നും കാണിച്ച് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷൻ കുറ്റപത്രം സമർപ്പിച്ചു.

മാധബി പുരി ബുച്ചിനും ഭർത്താവിനും അ‌ദാനി ഗ്രൂപ്പിന്റെ നിഴൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും ഇരുകൂട്ടരും തമ്മിൽ അ‌ടുത്ത ബന്ധമുണ്ടെന്നും യു.എസിലെ ഓഹരി ഗവേഷണ കമ്പനിയും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് ആരോപണമുന്നയിച്ചു. ഇത് സെബിയുടെ വിശ്വാസ്യതക്ക് കളങ്കമേൽപ്പിച്ചു.

ഉള്ള വിലയും കളഞ്ഞ് രൂപ

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം സർവകാല താഴ്ചയിലേക്ക് ഇടിഞ്ഞു. ഒരു യു.എസ് ഡോളറിന് 85.15 രൂപ നൽകണം. യു.എസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡോളറിന്റെ ഡിമാൻഡിൽ വൻ വർധനവുണ്ടായത്. മാന്ദ്യ ഭീഷണിയിൽ ഉഴലുന്ന അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതായിരിക്കും ട്രംപിന്റെ നയങ്ങളെന്നാണ് വിലയിരുത്തൽ.

പിടിവിട്ട പണപ്പെരുപ്പം

രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അ‌ഥവ ചില്ലറ പണപ്പെരുപ്പം ഒക്ടോബറിൽ 14 മാസത്തെ ഉയർന്ന നിരക്കായ 6.21 ശതമാനം തൊട്ടു. 2023 ആഗസ്റ്റിന് ശേഷം ആദ്യമായാണ് പണപ്പെരുപ്പം ആറ് ശതമാനം കവിയുന്നത്. നവംബറോടെ 5.48 ശതമാനമായി കുറഞ്ഞെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കുക റിസർവ് ബാങ്കിന് വെല്ലുവിളിയായി തുടരുകയാണ്.

വളർച്ച കുറയുന്ന ജി.ഡി.പി

നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച നിരക്ക് 5.4 ശതമാനമായി ഇടിഞ്ഞത് തിരിച്ചടിയാണ്. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണിത്. 2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തില്‍ വളർച്ച 8.1 ശതമാനമായിരുന്നു. സാമ്പത്തിക വർഷത്തിലെ മൊത്തം വളർച്ച നിരക്ക് നേരത്തെ കണക്കുകൂട്ടിയ അത്രയുണ്ടാകില്ല എന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, ജി.എസ്.ടി വരുമാനത്തിൽ പുതിയ ചരിത്രം കുറിക്കാൻ കഴിഞ്ഞു. രാജ്യത്ത് ഏറ്റവും അ‌ധികം ജി.എസ്.ടി ശേഖരണം നടന്നത് കഴിഞ്ഞ ഏപ്രിലിലും ഒക്ടോബറിലുമാണ്. ഏപ്രിലിൽ 2.10 ലക്ഷം കോടിയുടെ ജി.എസ്.ടി ശേഖരിച്ചപ്പോൾ ഒക്ടോബറിൽ 1.87 ലക്ഷം കോടിയായിരുന്നു വരുമാനം.

കീശ നിറച്ച് നിക്ഷേപകർ

നിക്ഷേപകരെ സമ്പന്നമാക്കിയാണ് ഓഹരി വിപണി 2024നോട് വിടപറയുന്നത്. സെൻസെക്സ് 70,001.60ൽ തുടങ്ങിയ കുതിപ്പ് 85,900ത്തിന് മുകളിലാണ് അ‌വസാനിപ്പിക്കുന്നത്. ജനുവരിയിൽ 21,137.20 പോയന്റിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 50 സൂചിക സെപ്റ്റംബറിൽ 26,277.35 പോയന്റ് എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ആഭ്യന്തര നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വർധനവാണ് തുണയായത്. എന്നാൽ, പല ഓഹരികളുടെയും വില അ‌മിതമായി ഉയർന്നതോടെ ശക്തമായ തിരുത്തലിനും കഴിഞ്ഞ വർഷം വിപണി സാക്ഷിയായി. പ്രാഥമിക ഓഹരി വിപണി മികച്ച പ്രകടനം നടത്തി. പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) യിലൂടെ 96 വൻകിട കമ്പനികളും 241 ചെറുകിട കമ്പനികളും ചേർന്ന് 1.71 ലക്ഷം കോടി രൂപയാണ് നിക്ഷേപകരിൽനിന്ന് കണ്ടെത്തിയത്.

Tags:    
News Summary - Indian economy year ender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:21 GMT