ന്യൂഡൽഹി: ആഗോള, ആഭ്യന്തര സാഹചര്യങ്ങൾക്കിടയിൽ വളർച്ചാമാന്ദ്യം പ്രവചിച്ച് സാമ്പത്തിക സർവേ. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞേക്കും. കയറ്റുമതി വർധന പ്രതീക്ഷിക്കേണ്ടതില്ല. വളർച്ചനിരക്ക് അടുത്ത സാമ്പത്തിക വർഷം നിലവിലെ ഏഴിൽനിന്ന് 6.5 ശതമാനമായി കുറയാം.
വിവിധ മേഖലകളുടെ സാമ്പത്തിക അവലോകന രേഖയായ സാമ്പത്തിക സർവേ കേന്ദ്ര ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റിൽ വെച്ചത്. കോവിഡ്കാല നഷ്ടത്തിൽനിന്ന് ഉണർവിലേക്ക് സമ്പദ്വ്യവസ്ഥ കരകയറുന്നു, അതിവേഗം വളരുന്ന പ്രമുഖ സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരും, മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച 11 ശതമാനം പ്രതീക്ഷിക്കാം, ആഭ്യന്തര ഉപഭോഗം വർധിക്കും, മൂലധന നിക്ഷേപം കൂടും തുടങ്ങിയ പ്രതീക്ഷകളും സാമ്പത്തിക സർവേ പങ്കുവെച്ചു.
രൂപയുടെ മൂല്യശോഷണത്തെക്കുറിച്ച ആശങ്കയാണ് സർവേ പ്രധാനമായും പ്രകടിപ്പിക്കുന്നത്. യു.എസ് ഫെഡ് നിരക്ക് ഇനിയും ഉയർന്നേക്കും. അതുവഴി പലിശ നിരക്കുകളും ഉയരും. ആഭ്യന്തര ഉപഭോഗം വർധിച്ചത് ഇറക്കുമതി കൂട്ടും. കയറ്റുമതി കുറവാണ്; അടുത്ത വർഷം വർധന പ്രതീക്ഷിക്കേണ്ടതുമില്ല. ആഗോളതലത്തിൽ സാധന വില റെക്കോഡ് ഉയരത്തിൽനിന്ന് കുറഞ്ഞിട്ടുണ്ട്. എന്നാൽ, യുക്രെയ്ൻ സംഘർഷത്തിനു മുമ്പത്തെ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ഇതും രൂപയെ ബാധിക്കുന്ന ഘടകങ്ങളാണ്.
കാർഷിക മേഖലയിൽ മെച്ചപ്പെട്ട പ്രകടനമുണ്ടെങ്കിലും കാലാവസ്ഥ മാറ്റം, വർധിച്ച ഉൽപാദന ചെലവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മുൻനിർത്തി പുനഃക്രമീകരണങ്ങൾക്ക് സാമ്പത്തിക സർവേ നിർദേശിച്ചു. കൃഷിഭൂമി ചെറുതുണ്ടുകളായി. യന്ത്രവത്കരണം കുറവ്. കുറഞ്ഞ ഉൽപാദനക്ഷമത, തൊഴിലില്ലായ്മ എന്നിവയും വെല്ലുവിളിയാണ്.
അതേസമയം, സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് കാർഷിക മേഖല പ്രധാനം. കാർഷിക വായ്പ നൽകുന്നതിൽ ഉദാരവും സമയബന്ധിതവുമായ സമീപനത്തിലൂടെ നിക്ഷേപം പ്രോത്സാഹിപ്പിക്കണം.
കാർഷികവിഭവ സംസ്കരണത്തിന് ഊന്നൽ നൽകണമെന്നും സർവേ ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.