പണപ്പെരുപ്പം പാവങ്ങളെ ബാധിക്കില്ല; വിചിത്ര വാദമുയർത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: എട്ട് വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് പണപ്പെരുപ്പമെത്തിയതിന് പിന്നാലെ ഇതുസംബന്ധിച്ച് വിചിത്ര വാദമുയർത്തി കേന്ദ്രധനകാരമന്ത്രാലയം. പണപ്പെരുപ്പം പാവങ്ങളെ ബാധിക്കില്ലെന്നും ധനികരേയാണ് ബാധിക്കുയെന്നുമാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ​പുറത്തിറക്കിയ പ്രതിമാസ റിവ്യു റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്നും ഇടപെടലുണ്ടാവണമെന്ന ആവശ്യം ഉയരുമ്പോഴാണ് ഉപഭോഗം അടിസ്ഥാനമാക്കിയുള്ള ധനകാര്യ മന്ത്രാലയത്തിന്റെ വിചിത്ര യുക്തി.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയ അഭിപ്രായത്തിന് നേർവിപരീതമാണ് ധനകാര്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ. പണപ്പെരുപ്പം ഉയരുന്നത് സമൂഹത്തിലെ സാധാരണക്കാരുടെ വാങ്ങൽ ശക്തി കുറക്കുമെന്നായിരുന്നു ശക്തികാന്ത ദാസിന്റെ അഭിപ്രായം.

2011-12ലെ നാഷണൽ സാമ്പിൾ സർവേയെ അടിസ്ഥാനമാക്കിയാണ് ധനകാര്യമന്ത്രാലയം നിഗമനങ്ങളിലെത്തിയത്. ഇതുപ്രകാരം ഇന്ത്യയിലെ ജനങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചു. ഉയർന്ന വരുമാനമുള്ള 20 ശതമാനം പേരും 60 ശതമാനം മധ്യവർഗക്കാരും 20 ശതമാനം അടിസ്ഥാന വിഭാഗവുമായാണ് ജനങ്ങളെ തരംതിരിച്ചത്. ഭക്ഷ്യവസ്തുക്കൾ, എണ്ണ, മറ്റിനങ്ങൾ എന്നിങ്ങനെ ജനങ്ങൾ വാങ്ങുന്ന വസ്തുക്കളെയും തരംതിരിച്ചു.

ഇതുപ്രകാരം അടിസ്ഥാന വിഭാഗത്തിന്റെ പണപ്പെരുപ്പം ഈ സാമ്പത്തിക വർഷത്തിൽ ആറ് ശതമാനത്തിൽ നിന്നും 5.2 ശതമാനമായി ഇടിഞ്ഞു. മധ്യവർഗക്കാരുടെ പണപ്പെരുപ്പവും 5.9 ശതമാനത്തിൽ നിന്നും 5.3 ശതമാനമായി കുറഞ്ഞു. അതേസമയം, ഉയർന്ന വിഭാഗക്കാർക്കിടയിലെ പണപ്പെരുപ്പം 5.5 ശതമാനത്തിൽ നിന്നും 5.6 ശതമാനമായി ഉയർന്നുവെന്നും കേന്ദ്രസർക്കാർ പറയുന്നു. ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം പാവങ്ങളെ കാര്യമായി ബാധിച്ചി​ട്ടില്ലെന്ന വിചിത്ര നിഗമനത്തിലേക്ക് സർക്കാർ എത്തിയത്.

Tags:    
News Summary - Inflation hurt rich more than poor in FY22, says Finance Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.