രാജ്യത്ത് പുതിയ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റൽ രൂപത്തിൽ മാത്രമേ അനുവദിക്കാവൂ എന്ന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) നിർദേശം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരികയാണ്. അതോടെ ഇ-ഇൻഷുറൻസ് അക്കൗണ്ട് നിർബന്ധമാകും. ഇത് പോളിസി ഉടമക്കും കുടുംബത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതായത് ഇനി ഇൻഷുറൻസ് ഇടപാടുകളെല്ലാം ഓഹരി ഇടപാടുകളെപോലെ കടലാസ് രഹിതമായിരിക്കും. ഇന്നുമുതൽ ഡിജിറ്റൽ രൂപത്തിലാകും പോളിസികൾ അനുവദിക്കുക.
ഓഹരി ഉടമകൾക്ക് ഡീമാറ്റ് അക്കൗണ്ട് പോലെ ഇൻഷുറൻസ് പോളിസി ഉടമകൾ ഇ-ഇൻഷുറൻസ് അക്കൗണ്ട് (ഇ-ഐ.എ) ആരംഭിച്ച് അതിലാണ് ഡിജിറ്റൽ പോളിസി സൂക്ഷിക്കേണ്ടത്. ഈ അക്കൗണ്ടിലൂടെ ഒരു ഉപഭോക്താവിന്റെ എല്ലാവിധ ഇൻഷുറൻസ് പോളിസികളും (ലൈഫ്, ഹെൽത്ത്, ജനറൽ) മാനേജ് ചെയ്യാം. രേഖകൾ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടോ കൈമോശം വരുമെന്ന് ഭയമോ വേണ്ട. ഒരിക്കൽ ഇ-ഇൻഷുറൻസ് അക്കൗണ്ട് ആരംഭിച്ചു കഴിഞ്ഞാൽ, പോളിസി ഉടമയുടെ കൈവശമുള്ള എല്ലാ കമ്പനികളുടെയും പോളിസികൾ ഇതിലേക്ക് ചേർക്കാൻ കഴിയും.
ഇ-ഇൻഷുറൻസ് അക്കൗണ്ട് തുറക്കുന്നതിന് നാല് ഇൻഷുറൻസ് റെപ്പോസിറ്ററികൾക്കാണ് ചുമതല. കാംസ് ഇൻഷുറൻസ് റെപ്പോസിറ്ററി, കാർവി, എൻ.എസ്.ഡി.എൽ ഡേറ്റാബേസ് മാനേജ്മെന്റ്, സെൻട്രൽ ഇൻഷുറൻസ് റെപ്പോസിറ്ററി ഓഫ് ഇന്ത്യ തുടങ്ങിയവയാണിവ. പുതിയ പോളിസി വാങ്ങുമ്പോൾ എവിടെ ഇ അക്കൗണ്ട് തുറക്കണമെന്ന് നിങ്ങൾക്ക് നിർദേശിക്കാം. നിങ്ങൾക്കുവേണ്ടി ഇൻഷുറൻസ് കമ്പനി സൗജന്യമായി ഇ-ഐ.എ തുറക്കും. കെ.വൈ.സി രേഖകൾ ഹാജരാക്കേണ്ടിവരും
പഴയ പോളിസികൾ കടലാസ് രൂപത്തിൽ കൈവശം വെക്കുന്നതിന് തടസ്സമില്ല. അതേസമയം ഉപഭോക്താവിന് ആവശ്യമെങ്കിൽ ഡിജിറ്റലിന് പുറമെ കടലാസ് രൂപത്തിലും ഇൻഷുറൻസ് പോളിസി അനുവദിക്കാമെന്ന് ഐ.ആർ.ഡി.എ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.