യു.എ.ഇയിൽ രൂപയിൽ ഇടപാട്​ നടത്താൻ ‘ജയ്‍വാൻ’

ഏതുരാജ്യത്തും സ്വന്തം കറൻസിയിൽ പണമിടപാട്​ നടത്താൻ കഴിയുക എന്നത്​ വ്യാപാരികൾക്കും വിനോദ സഞ്ചാരികൾക്കും ഗുണകരമായ കാര്യമാണ്​. എന്നാൽ, ഇത്​ സാധ്യമാക്കുന്നതിന്​ സർക്കാറുകളുടെ അനുമതിയോടൊപ്പം ഇരു രാജ്യങ്ങളിലെയും ബാങ്കുകളുടെ പിന്തുണയും ആവശ്യമാണ്​. അങ്ങനെ സ്വന്തം കറൻസികളിൽ പണമിടപാട്​ നടത്താനായി ഇന്ത്യയും യു.എ.ഇയും ചേർന്ന്​ അവതരിപ്പിച്ച പേയ്​​മെന്‍റ്​ ഗേറ്റ്​വേ സംവിധാനമാണ് ‘ജയ്​വാൻ’.

ഇന്ത്യയിലെ റൂപേ കാർഡിന്‍റെ യു.എ.ഇ പതിപ്പാണ്​ ‘ജയ്​വാൻ’ കാർഡുകൾ. ‘ജയ്​വാൻ’ കാർഡ്​ ഉപയോഗിച്ച്​​ യു.എ.ഇയിലും​ ഇന്ത്യയിലും സ്വന്തം കറൻസികളിൽ ഇടപാട്​ നടത്താം. യു.എ.ഇയിൽ താമസ വിസയുള്ള ആർക്കും ‘ജയ്​വാൻ’ കാർഡ്​ സ്വന്തമാക്കാനാവും. ഇന്ത്യയിലെ റൂപേ പ്ലാറ്റ്​ഫോമുമായി ബന്ധിപ്പിച്ചാണ് ‘ജയ്​വാൻ’ കാർഡിന്‍റെ ഇടപാടുകൾ​ സാധ്യമാക്കുന്നത്​.

ഇതുവഴി യഥാർഥ വിനിമയ നിരക്ക്​ പണത്തിന്​ ലഭിക്കുമെന്നതാണ്​ ഇതിന്‍റെ ഏറ്റവും വലിയ മെച്ചം. ഉദാഹരണത്തിന്​ ഒരു ദിർഹമിന്​ വിനിമയ നിരക്ക്​ 22.55 രൂപയാണെങ്കിൽ നിലവിൽ ബാങ്കുവഴി എക്സ്​ചേഞ്ച്​ ചെയ്യുമ്പോൾ 21.55 രൂപയായിരിക്കും ലഭിക്കുക. എന്നാൽ, റൂപേ കാർഡ്​ ഉപയോഗിക്കുമ്പോൾ ദിർഹമിന്​​ യഥാർഥ മൂല്യമായ 22.55 രൂപ തന്നെ ലഭിക്കും. പ്രാദേശിക കറൻസികളിലായിരിക്കും പണത്തിന്‍റെ സെറ്റിൽമെന്‍റ്​ നടക്കുകയെന്നർഥം.

നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർ വിദേശ രാജ്യങ്ങളിൽ ഇടപാട്​ നടത്താനായി വിസ, മാസ്റ്റർ കാർഡ്​, അമെക്സ്​ എന്നിവയെയാണ്​ ആശ്രയിക്കുന്നത്​​. ഇതിന്​ പകരമായാണ്​ യു.പി.ഐ പ്ലാറ്റ്​ഫോമിൽ പണമിടപാട്​ സാധ്യമാകുന്ന റൂപേ കാർഡുകൾ ഇന്ത്യ അവതരിപ്പിച്ചത്​. നിലവിൽ ഇന്ത്യയിൽ റൂപേ കാർഡ്​ ഉപഭോക്​താക്കളുടെ എണ്ണം ഏതാണ്ട്​ 750 ദശലക്ഷമാണ്​​. അതേസമയം, പുതിയ സംവിധാനത്തിലൂടെ ഡിജിറ്റൽ ഇടപാട്​ മാത്രമേ നിലവിൽ സാധ്യമാകൂവെന്നാണ്​ ബാങ്കിങ്​ മേഖലയിലെ വിദഗ്​ധർ നൽകുന്ന സൂചന. കാർഡുകൾ ഉപയോഗിച്ച്​ കറൻസികൾ പിൻവലിക്കാൻ നിലവിൽ സാധ്യമല്ല. ഭാവിയിൽ ഇതിനായുള്ള സംവിധാനങ്ങളും എ.ടി.എമ്മുകളിൽ സജ്ജീകരിച്ചേക്കും.

പ്രാദേശിക കറൻസിയിൽ ഇടപാട്​ നടത്തുന്നതിന്​ ഇന്ത്യയും യു.എ.ഇയും നേരത്തെ കരാറിലെത്തിയിരുന്നെങ്കിലും യു.പി.ഐ കാർഡ്​ പെയ്​മെന്‍റ്​ സംവിധാനം പ്രാബല്യത്തിൽ വരുന്നത്​ ഇപ്പോഴാണ്​. യു.എ.ഇ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും ചേർന്നാണ്​ ഇതിന്‍റെ ഉദ്​ഘാടനം കഴിഞ്ഞയാഴ്ച നിർവഹിച്ചത്​. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ഇടപാടുകൾ കൂടുതൽ ശക്​തമാക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ്​ കരുതുന്നത്​. ഇന്ത്യയുടെ യു.പി.ഐയും യു.എ.ഇയുടെ ‘ആനി’ പെയ്​മെന്‍റ്​ സംവിധാനങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്​. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച്​ പണമിടപാട്​ നടത്താൻ ഇതുവഴി സാധിക്കും.

Tags:    
News Summary - 'Jaiwan' to transact in rupees in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.