കേരള ബാങ്കിന് പിഴയിട്ട് ആർ.ബി.ഐ

തിരുവനന്തപുരം: ബാങ്കിങ്​ നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്തതിന്​ റിസർവ്​ ബാങ്ക്​ കേരള ബാങ്കിന്​ പിഴയിട്ടു. 48 ലക്ഷം പിഴ അടക്കാനാണ്​ നിർദേശം. സ്വർണപ്പണയവുമായി ബന്ധപ്പെട്ട ചട്ടം പാലിച്ചില്ല, സഹകരണ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചു എന്നിവയാണ്​​ റിസർവ്​ ബാങ്ക്​ ചൂണ്ടിക്കാട്ടിയത്​. അതേസമയം, കേരള ബാങ്ക് രൂപവത്​കരണത്തിനു മുമ്പ്​ നബാർഡ്​ കണ്ടെത്തിയ ന്യൂനതയുടെ അടിസ്ഥാനത്തിലാണ്​ റിസർവ്​ ബാങ്ക്​ പിഴയിട്ടതെന്ന്​ അധികൃതർ അറിയിച്ചു.

2019 നവംബർ 29നാണ്​ സംസ്ഥാന സഹകരണ ബാങ്കും ജില്ല സഹകരണ ബാങ്കുകളും ചേർന്ന് കേരള ബാങ്ക് രൂപവത്​കരിച്ചത്. അതിനു​ മുമ്പുള്ള സാമ്പത്തിക വർഷത്തെ പരിശോധനയിലെ ന്യൂനതയിലാണ്​ നടപടി. റിസർവ്​ ബാങ്ക്​ നിയമ പ്രകാരം സഹകരണ ബാങ്കുകൾ അവരുടെ കരുതലും മൂലധനവും ചേർന്ന സ്വന്തം ഫണ്ടിന്റെ രണ്ടു ശതമാനം മാത്രമേ മറ്റു സഹകരണ സ്ഥാപനങ്ങളിൽ ഓഹരി ഇനത്തിൽ നിക്ഷേപിക്കാൻ അനുവാദമുള്ളൂ. ഐ.എഫ്​.എഫ്​.സി.ഒ, പരിയാരം മെഡിക്കൽ കോളജ്​, മംഗല്യസൂത്ര സഹകരണ സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിൽ ഓഹരി മൂലധനം ഇനത്തിൽ നിക്ഷേപിക്കുന്നതിലെ നിയന്ത്രണം പാലിക്കാതിരുന്നതും രണ്ടു​ ലക്ഷത്തിനു മേൽ നൽകുന്ന സ്വർണപ്പണയ വായ്പകളിൽ മുതലിലും പലിശയിലും പ്രതിമാസ തിരിച്ചടവ് നടത്താതിരുന്നതുമാണ് പിഴചുമത്താൻ കാരണമെന്ന്​ ബാങ്ക്​ വിശദീകരിച്ചു.

ആർ.ബി.ഐ നിയമ പ്രകാരം ബുള്ളറ്റ്​ പേമെന്‍റ്​ ആയി (പലിശയും മുതലും ഒരുമിച്ച് അടക്കുന്ന രീതി) തിരിച്ചടക്കാവുന്ന സ്വർണപ്പണയ വായ്പാ തുക രണ്ടു ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിന് മുകളിൽ നൽകുന്ന സ്വർണപ്പണയ വായ്പകൾക്ക് പ്രതിമാസം മുതലും പലിശയും തിരിച്ചടക്കണം. ഈ മാർഗരേഖ പാലിക്കാത്തതിന് കൂടിയാണ് പിഴ. കേരള ബാങ്ക് രൂപവത്​കരണ ശേഷം ഈ ന്യൂനത പൂർണമായി പരിഹരിച്ചിട്ടുണ്ട്. ഐ.എഫ്​.എഫ്​.സി.ഒ, പരിയാരം മെഡിക്കൽ കോളജ്​, മംഗല്യസൂത്ര സഹകരണ സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ ഓഹരി തിരികെ ലഭിക്കാൻ കേരള ബാങ്ക് രൂപവത്​കരണത്തിനു ശേഷം നിരന്തരം അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ സംഘങ്ങൾ നടപടി സ്വീകരിക്കാത്തതും കേരള ബാങ്കിന് ദോഷകരമായെന്ന്​ അധികൃതർ പറഞ്ഞു.

Tags:    
News Summary - Kerala Bank fined by RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.