ന്യൂഡൽഹി: ലോകത്തെ ആദ്യ ക്രിപ്റ്റൊകറൻസിയായ ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിലുയർന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരം കേന്ദ്ര സർക്കാർ ശേഖരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ക്രിപ്റ്റൊകറൻസി ഇടപാടുകളെ നിയന്ത്രിക്കുന്നതിനായി 'ക്രിപ്റ്റൊകറൻസി, ഔദ്യോഗിക ഡിജിറ്റൽ കറൻസി നിയന്ത്രണ ബിൽ' ഇന്ന് തുടങ്ങിയ പാർലമെൻറ് ശൈത്യകാല സമ്മേളനം പരിഗണിക്കുന്ന 26 ബില്ലുകളുടെ കൂട്ടത്തിലുണ്ട്. ക്രിപ്റ്റൊകറൻസിക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്താതെ, ഇടപാടുകൾക്ക് ഉപാധികൾ മുന്നോട്ടു വെക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
രാജ്യത്ത് 2018ൽ റിസർവ് ബാങ്ക് ക്രിപ്റ്റൊ നിരോധിച്ചിരുന്നു. സ്വകാര്യ ക്രിപ്റ്റൊകറൻസികൾ ആപത്താണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. 2020ൽ സുപ്രീംകോടതി ഈ വിലക്ക് നീക്കി. വഴിവിട്ട പോക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് സർക്കാർ ഇപ്പോൾ ഈ മേഖലയിലുള്ളവരുമായി ചർച്ചയിലാണ്.
ക്രിപ്റ്റൊ അസറ്റ്സ് കൗൺസിലിെൻറ കണക്കു പ്രകാരം ഇന്ത്യയിൽ ആറു ലക്ഷം കോടി രൂപയുടെ ക്രിപ്റ്റൊയുണ്ട്. ഭീമമായ വരുമാനം വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഡിജിറ്റൽ കറൻസികൾ അതിവേഗം പ്രചാരം നേടുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.