ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച 2023-24 ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ. ഒരു സ്വപ്നത്തിനു ശേഷം ഉണരുമ്പോൾ ഒന്നും യാഥാർഥ്യമാകാത്ത അവസ്ഥയിലാണ് കേന്ദ്ര ബജറ്റെന്ന് ജെ.ഡി.യു എം.പി രാജീവ് രഞ്ജൻ പ്രതികരിച്ചു.
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും കേന്ദ്ര ബജറ്റിൽ പരിഹാരമില്ലെന്ന് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പ്രതികരിച്ചു. പാവങ്ങൾക്ക് ലഭിച്ചത് വാക്കുകളും വാചാടോപങ്ങളും മാത്രമാണ്. വൻകിട വ്യവസായികൾക്ക് മാത്രമാണ് ബജറ്റിന്‍റെ നേട്ടം. നാണയപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുക്കുമ്പോൾ 7 ലക്ഷം രൂപ വരെയുള്ള നികുതിയിളവ് നിസാരമാണ്, ഇത് ഇടത്തരക്കാരെ സമുദ്രത്തിലേക്ക് തള്ളിയിടുന്നത് പോലെയാണെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
കേന്ദ്ര ബജറ്റിൽ ഒന്നുമില്ലെന്ന് ജെ.ഡി.യു എം.പി രാജീവ് രഞ്ജൻ പറഞ്ഞു. ഇത് ‘സപ്നോ കാ സൗദാഗർ’ പോലെയാണ് - ഒരു സ്വപ്നം കഴിഞ്ഞ് നിങ്ങൾ ഉണരുമ്പോൾ ഒന്നും യാഥാർഥ്യമാകുന്നില്ല. കൂടാതെ, പണപ്പെരുപ്പവും തൊഴിലില്ലായ്മയും എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും രാജീവ് രഞ്ജൻ ചൂണ്ടിക്കാട്ടി.
ബജറ്റ് അദാനി, അംബാനി, ഗുജറാത്ത് എന്നിവക്ക് വേണ്ടിയുള്ളതെന്ന് കൊടിക്കുന്നിൽ സുരേഷ്കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത് ഒരു കോർപറേറ്റ് അനുകൂല ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഈ ബജറ്റിൽ അദാനിയുടെ എല്ലാ താൽപര്യങ്ങളും നിറവേറ്റപ്പെടുന്നു, പക്ഷേ സാധാരണക്കാരനെ അവഗണിച്ചു. ഈ ബജറ്റ് അദാനി, അംബാനി, ഗുജറാത്ത് എന്നിവക്ക് വേണ്ടിയുള്ളതാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
കഴിഞ്ഞ 8-9 വർഷമായി അവതരിപ്പിക്കുന്ന ബജറ്റിന്‍റെ ആവർത്തനം മാത്രമാണ് ഇത്തവണത്തേതെന്ന് പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. നികുതികൾ വർധിച്ചു, ക്ഷേമ പദ്ധതികൾക്കും സബ്‌സിഡികൾക്കും പണം ചെലവഴിക്കുന്നില്ല. ചില ചങ്ങാത്ത മുതലാളിമാർക്കും വൻകിട വ്യവസായികൾക്കുമായി നികുതി പിരിക്കുന്നു. പൊതുജനങ്ങൾക്ക് നികുതിയിൽ നിന്ന് പ്രയോജനം ലഭിക്കണമെന്നും പക്ഷേ അത് അവരുടെ നട്ടെല്ല് തകർക്കുന്നു. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നതിന് പകരം ക്ഷേമപദ്ധതികളും സബ്‌സിഡിയും ഇല്ലാതാക്കുകയാണ്. ദാരിദ്ര്യരേഖക്ക് മുകളിൽ എത്തിയവർ വീണ്ടും ദാരിദ്ര്യത്തിന് താഴെയായെന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.
ചില അടിസ്ഥാന ചോദ്യങ്ങൾക്ക് കേന്ദ്രബജറ്റിൽ ഉത്തരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് എം.പി ശശി തരൂർ ചൂണ്ടിക്കാട്ടി. എം.എൻ.ആർ.ഇ.ജി.എ, പാവപ്പെട്ട ഗ്രാമീണ തൊഴിലാളികൾ, തൊഴിൽ, പണപ്പെരുപ്പം എന്നിവയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. അതേസമയം, ബജറ്റിൽ ചില നല്ല കാര്യങ്ങളുണ്ടെങ്കിലും തരൂർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അവതരിപ്പിച്ച ബജറ്റാണിതെന്ന് സമാജ് വാദി പാർട്ടി എം.പി ഡിംപിൾ യാദവ് പറഞ്ഞു. കർഷകർ, തൊഴിൽ, യുവാക്കൾ എന്നിവർക്കുള്ള പ്രത്യേക പാക്കേജിനെ കുറിച്ച് സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. ഈ ബജറ്റിലും റെയിൽവേ അവഗണിച്ചു. ഇടത്തരക്കാർക്ക് ചില ഇളവുകൾ നൽകിയെങ്കിലും ബജറ്റ് നിരാശാജനകമാണെന്നും ഡിംപിൾ യാദവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.