ന്യൂഡൽഹി: ഡിജിറ്റൽ നാണയങ്ങൾ (ക്രിപ്റ്റോകറൻസി)രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിലുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ആശങ്കയുണ്ടെന്നും ഇത് കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ആർ.ബി.ഐയിലെ ഒരു സംഘം ഉദ്യോഗസ്ഥർ സ്വന്തം ഡിജിറ്റൽ കറൻസിയുടെ പണിപ്പുരയിലാണ്.
നാണയത്തിെൻറ സാങ്കേതികവും അല്ലാത്തതുമായ നടപടിക്രമങ്ങൾ ക്രോഡീകരിച്ചുവരുകയാണ്. സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറങ്ങിയാൽ ചൈനക്കൊപ്പം (ഇലക്ട്രോണിക് യുവാൻ) ചേരുന്ന രാജ്യമാകും ഇന്ത്യയും. എന്നാൽ, നാണയം പുറത്തിറക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, ഡിജിറ്റൽ നാണയങ്ങൾ കള്ളപ്പണ തട്ടിപ്പുകൾക്കും ഭീകരവാദത്തിനും ഉപയോഗപ്പെടുത്തുമെന്ന ആശങ്ക നേരത്തേ ആർ.ബി.ഐ പങ്കുവെച്ചിരുന്നു. മറ്റ് ക്രിപ്റ്റോ കറൻസികൾ നിരോധിച്ച് ഔദ്യോഗിക ഡിജിറ്റൽ കറൻസിക്കായി ബിൽ കൊണ്ടുവരാൻ കേന്ദ്രം ഒരുങ്ങുന്നതായാണ് അറിയുന്നത്.
പണപ്പെരുപ്പം ആറു ശതമാനത്തിൽ താഴെ തുടരുമെന്നും അടുത്ത സാമ്പത്തിക വർഷം അത് അഞ്ചു ശതമാനത്തിൽ താഴെയായിരിക്കുമെന്നും ദാസ് പറഞ്ഞു. ബാങ്ക് സ്വകാര്യവത്കരണത്തിലും ആർ.ബി.ഐ നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റെടുക്കലിനുശേഷം ബാങ്കുകളുടെ ധനശേഷി കൂട്ടാൻ കഴിയുന്ന സ്ഥാപനങ്ങൾക്കു മാത്രമേ കൈമാറ്റം അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.