ന്യൂഡൽഹി: രാജ്യത്ത് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് പച്ചക്കറി വിലക്കയറ്റം. ജനജീവിതം ദുസഹമാക്കുന്ന രീതിയിൽ പച്ചക്കറി വില ഉയരുമ്പോൾ അത് ആർ.ബി.ഐ വായ്പനയത്തേയും സ്വാധീനിച്ചേക്കും. പച്ചക്കറി വില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ വായ്പ പലിശനിരക്കുകൾ കുറക്കാൻ ആർ.ബി.ഐ മുതിരില്ലെന്നാണ് റിപ്പോർട്ട്.
പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ പണപ്പെരുപ്പം സംബന്ധിച്ച പ്രവചനങ്ങളിലും ആർ.ബി.ഐ മാറ്റം വരുത്തും. ഉഷ്ണതരംഗം ഉൾപ്പടെയുള്ള കാലാവസ്ഥ മാറ്റങ്ങളാണ് ഇന്ത്യയിലുടനീളം പച്ചക്കറികളുടേയും മറ്റ് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടേയും വില ഉയരാൻ കാരണമെന്നാണ് റിപ്പോർട്ട്. തക്കാളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവക്കെല്ലാം ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയാണ്.
വേനൽക്കാലത്ത് പൊതുവെ പച്ചക്കറി വിലയിൽ ചാഞ്ചാട്ടമുണ്ടാവാറുണ്ടെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ. എങ്കിലും വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ വായ്പ പലിശനിരക്കുകളിൽ വലിയൊരു ഇളവിന് ആർ.ബി.ഐ മുതിരില്ലെന്നാണ് റിപ്പോർട്ട്.
പണപ്പെരുപ്പം നാല് ശതമാനത്തിൽ നിർത്തുകയാണ് ആർ.ബി.ഐ ലക്ഷ്യം. നിലവിൽ പണപ്പെരുപ്പം 4.25 ശതമാനമാണ്. പച്ചക്കറി വില കൂടി ഉയരുന്ന സാഹചര്യത്തിൽ പണപ്പെരുപ്പം ഇനിയും ഉയരാനുള്ള സാധ്യതകൾ കൂടി മുന്നിൽ കണ്ടാവും ആർ.ബി.ഐ വായ്പനയം പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.