പ്രവാസികളായിരിക്കുമ്പോൾ സാധാരണ നിലയിൽ വിദേശത്തുനിന്ന് ലഭിക്കുന്ന വരുമാനങ്ങൾക്ക് ഇന്ത്യയിൽ നികുതി മുക്തമാണെങ്കിലും പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാവുന്നതോടെ വിദേശത്തുനിന്ന് പിന്നീട് ലഭിക്കുന്ന വരുമാനം നികുതിവിധേയമായിരിക്കും.
എന്നാൽ, വിദേശത്തുനിന്ന് ഇന്ത്യയിലേക്കു താമസം മാറുമ്പോൾ അവരുടെ വസ്തുവകകൾ വിൽക്കാനും മറ്റു ഫണ്ടുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും അൽപം സാവകാശം നൽകാനായി റെസിഡൻഷ്യൽ സ്റ്റാറ്റസ് ‘റെസിഡൻറ് നോട്ട് ഓർഡിനറി റെസിഡൻറ്’ ആയി പരിഗണിക്കുകയും ഈ കാറ്റഗറിയിൽ നിൽക്കുന്ന സമയം (സാധാരണയായി രണ്ടോ മൂന്നോ വർഷം) നികുതിയിൽനിന്ന് പരിരക്ഷ ലഭിക്കും. ഈ പരിരക്ഷ ഇക്കാലയളവിൽ ബിസിനസിൽനിന്ന് ലഭിക്കുന്ന വരുമാനങ്ങൾക്കടക്കം ലഭിക്കും.
a) അസസ്മെൻറ് വർഷത്തിന് തൊട്ടുമുമ്പുള്ള 10 വർഷങ്ങളിൽ ഒമ്പതു വർഷവും ഇൻകം ടാക്സ് നിയമനിർവചനപ്രകാരം എൻ.ആർ.ഐ കാറ്റഗറിയിലായിരിക്കുക. അല്ലെങ്കിൽ
b) അസസ്മെൻറ് വർഷത്തിന് തൊട്ടുമുമ്പുള്ള ഏഴു വർഷങ്ങളിൽ മൊത്തമായി 729 ദിവസമോ അതിൽ കുറവോ ദിനങ്ങൾ ഇന്ത്യയിൽ ഉണ്ടായിരിക്കുക.
മേൽ വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് പാലിച്ചാൽ അവരെ റെസിഡൻറ് നോട്ട് ഓർഡിനറി റെസിഡൻറ് (ആർ.എൻ.ഒ.ആർ) ആയി പരിഗണിക്കും.
എൻ.ആർ.ഐ റെസിഡന്റ് സ്റ്റാറ്റസ് ഉള്ളവർക്ക് വിദേശത്തുള്ള വരുമാനം നികുതി മുക്തമെങ്കിലും ഇന്ത്യയിൽ ഇൻകം ടാക്സ് നിയമപ്രകാരം റെസിഡന്റായി കണക്കാക്കുന്നവർക്ക് ലഭിക്കുന്ന പല കിഴിവുകളും എൻ.ആർ.ഐ ആയി കണക്കാക്കുന്നവർക്ക് ലഭിക്കില്ല. എന്നാൽ, മേൽ വിവരിച്ചപ്രകാരം ആർ.എൻ.ഒ.ആർ സ്റ്റാറ്റസ് ഉള്ളവർക്ക് റസിഡന്റായി കണക്കാക്കുന്നവർക്ക് ലഭിക്കുന്ന എല്ലാ കിഴിവുകളും ഇളവുകളും ലഭിക്കും.
1. സാധാരണയായി 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. 60 വയസ്സ് പിന്നിട്ട സീനിയർ സിറ്റിസണിന്റെ കാര്യത്തിൽ നികുതി നൽകേണ്ടതല്ലാത്ത വരുമാനം മൂന്നു ലക്ഷം രൂപയും 80 വയസ്സ് കഴിഞ്ഞ സൂപ്പർ സീനിയർ സിറ്റിസൺ ആണെങ്കിൽ ഈ പരിധി അഞ്ചു ലക്ഷം രൂപയുമാണ്. എന്നാൽ, എൻ.ആർ.ഐ ആണെങ്കിൽ സീനിയർ, സൂപ്പർ സീനിയർ പൗരന്മാർക്ക് ലഭിക്കുന്ന ഇളവുകൾ ലഭ്യമല്ല. എന്നാൽ, ആർ.എൻ.ഒ.ആർ സ്റ്റാറ്റസ് ആവുന്നതോടെ ഈ ആനുകൂല്യം ലഭിക്കും.
2. റെസിഡന്റ് സ്റ്റാറ്റസുള്ള സീനിയർ സിറ്റിസൺസിന് പലിശയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് 50,000 രൂപ വരെ ഇളവ് ലഭിക്കുമ്പോൾ എൻ.ആർ.ഐ സ്റ്റാറ്റസുള്ളവർക്ക് ഇത് 10,000 ആയി നിജപ്പെടുത്തും. അതുപോലും മറ്റു പല നിബന്ധനകൾക്കും വിധേയവുമാണ്.
3. സീനിയർ സിറ്റിസൺ റെസിഡന്റ് ഇന്ത്യൻ ആണെങ്കിൽ മുൻകൂർ നികുതി അടക്കുന്നതിൽ ഇളവ് ലഭിക്കും. എന്നാൽ, എൻ.ആർ.ഐ ആണെങ്കിൽ ഈ ഇളവ് ലഭ്യമല്ല.
4. മൂച്വൽ ഫണ്ട്, ഡെബ്റ്റ് ഫണ്ട്, മറ്റ് ആസ്തികൾ മുതലായവ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് എൻ.ആർ.ഐ ആണെങ്കിൽ അനുവദിക്കപ്പെടുന്ന ഇൻകം ടാക്സ് സ്ലാബ് കണക്കാതെ നികുതി നൽകണം. എന്നാൽ, ആർ.എൻ.ഒ.ആർ കാറ്റഗറിയിൽ ആവുന്നതോടെ ഈ നിബന്ധന മാറിക്കിട്ടും.
5. ടാക്സ് അടക്കേണ്ട ആളോ അദ്ദേഹത്തിന്റെ ആശ്രിതരോ ഭിന്നശേഷിക്കാരായാൽ അവർക്ക് 75,000 രൂപ വരെ ഇൻകം ടാസ്ക് കണക്കാക്കുന്ന വരുമാനത്തിൽനിന്ന് കിഴിക്കാമെങ്കിലും എൻ.ആർ.ഐകളുടെ കാര്യത്തിൽ ഇത് ബാധകമല്ല!
6. പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലുള്ളവയിൽ നിക്ഷേപിക്കാൻ എൻ.ആർ.ഐകൾക്ക് പാടില്ലാത്തതിനാൽ ഇതുവഴി ലഭിക്കുന്ന ഇളവുകളും എൻ.ആർ.ഐകൾക്ക് ലഭ്യമല്ല.
7. ഈ പംക്തിയിലെ മുൻ കുറിപ്പുകളിൽ സൂചിപ്പിച്ചപോലെ ടി.ഡി.എസ് പിടിക്കുന്നതും എൻ.ആർ.ഐ ആണെങ്കിൽ വളരെ കൂടുതലായിരിക്കും.
എന്നാൽ, ആർ.എൻ.ഒ.ആർ കാറ്റഗറിൽ വരുന്നതോടെ സാധാരണ ഇന്ത്യൻ എന്ന റെസിഡന്റ് ഇന്ത്യന് ലഭിക്കുന്ന ആനുകൂല്യങ്ങളും ഒന്നിച്ച് ലഭിക്കുമെന്നതാണ് മെച്ചം.
ശ്രദ്ധിക്കുക, ഒരിക്കൽ വിദേശത്തുനിന്ന് തിരിച്ചെത്തി ഒന്നോ രണ്ടോ വർഷം നാട്ടിൽനിന്ന് വീണ്ടും പ്രവാസത്തേക്ക് മടങ്ങുന്നവരുടെ കാര്യത്തിൽ വീണ്ടും ആർ.എൻ.ഒ.ആർ സ്റ്റാറ്റസ് ലഭ്യമാകാൻ സാധ്യതയില്ല. ഇക്കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.