ന്യൂഡൽഹി: റഷ്യൻ എണ്ണ കമ്പനിയായ റോസനേഫെറ്റ് ഇന്ത്യയിലെ പൊതുമേഖല റിഫൈനറികൾക്ക് കൂടുതൽ എണ്ണ നൽകില്ലെന്ന് സൂചന. ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മുൻനിശ്ചയിച്ച പ്രകാരം മറ്റ് ചില ഉപഭോക്താക്കൾക്കാവും റഷ്യ എണ്ണ നൽകുക. നേരത്തെ ഇന്ത്യൻ കമ്പനികളുമായി റഷ്യ പുതിയ കരാർ ഒപ്പിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ നിന്നും റഷ്യൻ എണ്ണ കമ്പനി പിന്മാറിയെന്നാണ് വാർത്തകൾ.
പാശ്ചാത്യലോകം റഷ്യക്കുമേൽ ഉപരോധം തുടരുമ്പോഴും എണ്ണ വാങ്ങുന്നത് ഇന്ത്യ തുടർന്നിരുന്നു. റഷ്യയിൽ നിന്നും അധിക എണ്ണ ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഉയർന്ന വിലക്ക് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യൻ നിർമ്മാതാക്കൾ നിർബന്ധിതരായിരിക്കുകയാണ്. പാശ്ചാത്യ ലോകത്തിന്റെ വിലക്കുകളുള്ളപ്പോഴും എണ്ണ കയറ്റുമതി റഷ്യക്ക് നിർബാധം തുടരാൻ സാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാനായി റഷ്യയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരാണ് ചർച്ച തുടങ്ങിയത്. ആറ് മാസത്തേക്ക് വിതരണക്കരാറുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിൽ ഐ.ഒ.സിക്ക് മാത്രമായിരുന്നു റോൻസ്ഫെറ്റുമായി കരാറുണ്ടാക്കാൻ സാധിച്ചത്. എല്ലാ മാസവും 6 മില്യൺ ബാരൽ എണ്ണ വാങ്ങുന്നതിനാണ് കരാറുണ്ടാക്കിയത്. ഇതിനൊപ്പം മൂന്ന് മില്യൺ ബാരൽ എണ്ണ വാങ്ങുന്നതിനുള്ള ഓപ്ഷനും ഐ.ഒ.സി സമർപ്പിച്ചിരുന്നു.
മറ്റ് രണ്ട് എണ്ണകമ്പനികളുടേയും അപേക്ഷ തള്ളുകയായിരുന്നു. ഇനി റഷ്യയിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വിലക്ക് എണ്ണ ലഭിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണവിലയിൽ കുറവുണ്ടാകുമെങ്കിലും മുമ്പുണ്ടായിരുന്ന അത്ര ഡിസ്കൗണ്ട് ഉണ്ടാകില്ലെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.