കോഴിക്കോട്: 'നിനക്കൊക്കെ വേറെ പണിക്ക് പോയിക്കൂടെ? പിച്ച തെണ്ടാൻ പോയ്ക്കോ. കാശ് തന്നില്ലെങ്കിൽ വിവരമറിയും'- ഏതെങ്കിലും ഗുണ്ട സംഘത്തിന്റെ ഭീഷണിയല്ല. ഉടനടി വായ്പകൾ നൽകുന്ന മൊബൈൽ ആപ് സംഘങ്ങളുടെ വിരട്ടലാണിത്. ജില്ലയിലെ നഗരപ്രദേശത്തെ ഒരു യുവതിക്കാണ് ഈ അനുഭവം.
കൈവിരൽ തുമ്പത്ത് വായ്പ ലഭിക്കുന്നതിനാൽ ആപുകളിൽ തലവെക്കുന്നവരുടെ എണ്ണം ജില്ലയിൽ വീണ്ടും വർധിക്കുകയാണ്. രണ്ട് വർഷം മുമ്പ് നിരവധി പരാതികൾ ലഭിക്കുകയും സർക്കാർ തലത്തിൽ ചില ഇടപെടലുകൾക്ക് ശ്രമം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, വായ്പ തട്ടിപ്പുകാർ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിട്ടുണ്ട്. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ഇവർ മുതലെടുക്കുകയാണ്. ഗൂഗ്ൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് വിലാസം ഉറപ്പിക്കുന്നതടക്കമുള്ള കുറച്ച് രേഖകൾ മാത്രം നൽകിയാണ് വായ്പ ആപുകളുടെ 'ആപ്പി'ൽ പെടുന്നത്.
ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലുള്ള മുഴുവൻ ഫോൺ നമ്പറുകളും മറ്റും ആപ് നിയന്ത്രിക്കുന്നവർക്ക് കിട്ടും. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഈ ഫോൺ നമ്പറുകളിലേക്ക് വാട്സ്ആപ്പ് സന്ദേശങ്ങളും വിളികളും വരും.
വായ്പയെടുത്തയാളെ മോശമായി ചിത്രീകരിക്കും. വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അപകീർത്തികരമായ ഫോട്ടോകൾ പ്രചരിപ്പിക്കുന്നതും വീണ്ടും തുടങ്ങിയിട്ടുണ്ട്.
വായ്പയെടുത്തയാൾ മരിച്ചുപോയെന്ന് ചിത്രം സഹിതം വാട്സ്ആപ്പ് സന്ദേശങ്ങളും പതിവാണ്. വായ്പയെടുത്തവരുടെ മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. പീഡനക്കേസിലെ പ്രതിയാണെന്ന പ്രചാരണം വരെ പതിവായി നടക്കുന്നുണ്ട്.
5000 രൂപ മുതൽ 10,000 രൂപ വരെ ആവശ്യമുള്ളവരെയാണ് വായ്പ ആപുകൾ കെണിയിലാക്കുന്നത്. എളുപ്പത്തിൽ തിരിച്ചടക്കാമെന്ന് കരുതുമെങ്കിലും ഒടുവിൽ വൻതുകയുടെ കടക്കാരനാകും.
ഒരു ലക്ഷം രൂപ ചോദിച്ചാൽ 5000 രൂപ ആവശ്യക്കാരന് കിട്ടും. 5000 രൂപ വായ്പയെടുത്താൽ പ്രൊസസിങ് ചാർജും പലിശയും കഴിച്ച് 3200 രൂപയാണ് പരമാവധി കൈയിൽ കിട്ടുന്നത്. ചെറിയ തുകകൾക്ക് ഒരാഴ്ചയാണ് തിരിച്ചടവ് സമയം.
വായ്പയെടുത്ത് ആറാം ദിവസം തന്നെ തെറിവിളികൾ തുടങ്ങും. മറ്റ് ആപുകൾ ഡൗൺലോഡ് ചെയ്യാനും വായ്പ എടുക്കാനും പ്രലോഭനമുണ്ടാകും.
പുതുതായി ലഭിക്കുന്ന വായ്പ പഴയതിന്റെ കടംവീട്ടാൻ ഒടുവിൽ ഇവർക്ക് മുന്നിൽ കീഴടങ്ങേണ്ട അവസ്ഥയാണ്.
10,000 രൂപ വായ്പയെടുത്താൽ ഒരു ലക്ഷം വരെ കടക്കാരനാകുന്ന പ്രത്യേക 'സംവിധാന'മാണ് ഓൺലൈൻ വായ്പ നടത്തിപ്പുകാരുടേത്. 20 മുതൽ 40 ശതമാനം വരെയാണ് വാർഷിക പലിശനിരക്ക്.
കോഴിക്കോട്: വായ്പ ആപുകളുടെ കെണിയിൽ കുടുങ്ങുന്നവർ പരാതി നൽകുന്നത് അപൂർവമാണെന്ന് സൈബർ പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു.
തട്ടിപ്പുകാരെ കൃത്യമായി കണ്ടെത്താനും ബുദ്ധിമുട്ടാണ്. വായ്പ മുടങ്ങിയവരെ ഭീഷണിപ്പെടുത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ്.
വ്യാജ മേൽവിലാസം നൽകിയാണ് ഇക്കൂട്ടർ ഫോൺ നമ്പറുകൾ സംഘടിപ്പിക്കുന്നത്. നോയ്ഡയാണ് പ്രധാന തട്ടിപ്പു കേന്ദ്രം. അന്വേഷണം ഏറെ ബുദ്ധിമുട്ടാണെന്നും ഇത്തരക്കാരുടെ വലയിൽ വീഴാതിരിക്കുന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും പൊലീസ് പറയുന്നു.
അതേസമയം, വായ്പ ആപ് തട്ടിപ്പ് കേസിലെ പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നായിരുന്നു മുൻ ഡി.ജി.പിയുടെ ഉത്തരവ്. കാര്യമായ അന്വേഷണം നടക്കുന്നില്ല.
വയനാട് പടിഞ്ഞാറത്തറ സ്വദേശിയുടെ പരാതിയിൽ യു.പി സ്വദേശിയെ അറസ്റ്റ് ചെയ്തതാണ് സംസ്ഥാന പൊലീസിന്റെ ഏക ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.