തിരുവനന്തപുരം: വാഹനങ്ങൾക്ക് ഹരിത നികുതി വർധന പ്രാബല്യത്തിലായി. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ചെലവുകളും കൂടി. ഭൂമിയുടെ നികുതി കുത്തനെ വർധിക്കും. ന്യായവിലയിൽ 10 ശതമാനം വർധന വന്നതോടെ രജിസ്ട്രേഷൻ ചെലവുകൾ കുതിച്ചുയരും. ബജറ്റ് നിർദേശങ്ങൾ വ്യാഴാഴ്ച അർധരാത്രി പ്രാബല്യത്തിലായതോടെയാണിത്.
രണ്ടുലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ നികുതി ഒരു ശതമാനം വർധിച്ചു. 2000 രൂപ വരെ വർധന. പുതിയ ഡീസൽ വാഹനങ്ങൾക്ക് ഹരിത നികുതി വരും. ലൈറ്റ് വാഹനങ്ങൾ 1000 രൂപ, മീഡിയം വാഹനങ്ങൾ 1500 രൂപ, ഹെവി വാഹനങ്ങൾ 2000 രൂപ, ബൈക്ക് ഒഴികെ മറ്റ് ഡീസൽ വാഹനങ്ങൾ 1000 രൂപ എന്നിങ്ങനെയാണ് നിരക്ക്. 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം വർധിപ്പിച്ചു. നാലുചക്രമോ അതിലേറെയോ ഉള്ള സ്വകാര്യ വാഹനങ്ങൾക്ക് ഓരോ അഞ്ച് വർഷവും 600 രൂപ വീതം. 10 വർഷം കഴിഞ്ഞ ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഓരോ വർഷവും 200 രൂപ വീതം, 15 വർഷം കഴിഞ്ഞവക്ക് 300 രൂപ വീതം. പത്ത് വർഷം കഴിഞ്ഞ മീഡിയം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഓരോ വർഷവും 300 രൂപ വീതം. 15 വർഷം കഴിഞ്ഞതിന് 450 രൂപ വീതം. പത്ത് വർഷം കഴിഞ്ഞ ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഓരോ വർഷവും 400 രൂപ വീതം. 15 വർഷം കഴിഞ്ഞതിന് 600 രൂപ വീതം.
വാഹന രജിസ്ട്രേഷൻ പുതുക്കാൻ ചെലവ് കുത്തനെ ഉയരും. ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയായിരുന്നത് 1000 രൂപയായി വർധിച്ചു. മുച്ചക്ര വാഹനങ്ങളുടേത് 600 ൽ നിന്ന് 2500 രൂപയായി. കാറുകളുടേത് 600 ൽ നിന്ന് 5000 രൂപയായും ഇറക്കുമതി ചെയ്ത ടൂ വീലറുകളുടേത് 2500ൽ നിന്ന് 10000 രൂപയായും ഉയർന്നു. ഇറക്കുമതി കാറിന്റേത് 5000 ൽ നിന്ന് 40000 രൂപയായി. മറ്റ് വാഹനങ്ങളുടേത് 3000 രൂപയിൽ നിന്ന് 6000 രൂപയായും വർധിച്ചു (ഇത് കേന്ദ്ര സർക്കാറാണ് വർധിപ്പിച്ചത്).
മോട്ടോർ വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ ഈ വർഷവും തുടരും.
വെള്ളക്കരവും വെള്ളിയാഴ്ച മുതൽ വർധിക്കും. അഞ്ചുശതമാനമാണ് വർധന. കഴിഞ്ഞ വർഷവും അഞ്ചുശതമാനം വർധിച്ചിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് പുതിയ നിരക്ക് പ്രകാരം 1000 ലിറ്ററിന് 4.41 രൂപ നൽകേണ്ടി വരും. നിലവിൽ 4.20 രൂപയാണ്. ഗാർഹികകേതര ഉപഭോക്താക്കൾക്ക് 1000 ലിറ്ററിന്റെ നിരക്ക് 15.75 രൂപയിൽനിന്ന് 16.54 രൂപ ആയി ഉയരും. വ്യവസായ കണക്ഷനുകൾക്ക് 1000 ലിറ്ററിന് 44.10 രൂപയാവും. മാസം 15000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യം തുടരും.
ഭൂമിയുടെ കരം അടക്കാൻ ഏപ്രിൽ ഒന്നു മുതൽ കൂടുതൽ പണം കരുതണം. എല്ലാ ഭൂമിയുടെയും നികുതി കൂടും. പഞ്ചായത്തുകളിൽ 8.1 ആർ വരെ നിലവിൽ 2.50 രൂപയായിരുന്നത് ആറിന് അഞ്ച് രൂപ വീതമായി വർധിച്ചു.
8.1 ആറിൽ കൂടുതൽ വരുന്ന ഭൂമിക്ക് നിലവിൽ അഞ്ചുരൂപയാണ്. ഇത് ആറിന് എട്ട് രൂപയായി ഉയരും. മുനിസിപ്പാലിറ്റികളിൽ 2.43 ആർ വരെ അഞ്ചുരൂപയാണ് നിലവിൽ. ഇത് ഇരട്ടിയായി വർധിച്ച് പത്ത് രൂപയാകും. 2.43 ആറിന് മുകളിൽ നിലവിലെ പത്ത് രൂപ 15 രൂപയാകും. കോർപറേഷനുകളിൽ 1.62 ആർ വരെ പത്ത് രൂപയായിരുന്നത് 20 രൂപയായി ഉയരും. 1.62 ആറിന് മുകളിൽ 20 രൂപയായിരുന്നത് ആറിന് 30 രൂപയായി വർധിക്കും.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ആസന്നം. അടുത്ത അഞ്ച് വർഷവും നിരക്ക് കുത്തനെ വർധിപ്പിക്കുന്ന നിർദേശം കെ.എസ്.ഇ.ബി െറഗുലേറ്ററി കമീഷന് സമർപ്പിച്ചു. കമീഷൻ ഇതിൽ തെളിവെടുപ്പ് ആരംഭിക്കുകയാണ്. ജൂൺ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതുവരെയോ നിലവിലെ നിരക്ക് തുടരും. തെളിവെടുപ്പ് പൂർത്തിയായാലുടൻ വൈദ്യുതി നിരക്ക് വർധന കമീഷൻ പ്രഖ്യാപിക്കും. ഉടൻ പ്രാബല്യത്തിൽ വരുകയും ചെയ്യും. വൈദ്യുതി നിരക്കിന് പുറമെ ഫിക്സഡ് ചാർജും കുത്തനെ വർധിപ്പിക്കാനാണ് വൈദ്യുതി ബോർഡ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.