പ്രവാസികൾ അല്ലെങ്കിൽ നോൺ റെസിഡന്റ് ഇന്ത്യക്കാർ (എൻ.ആർ.ഐ)ക്ക് വിദേശ വരുമാനത്തിന്മേൽ ഇന്ത്യയിൽ നികുതിബാധ്യതയില്ല എന്നത് മിക്കവർക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ വിദേശവരുമാനം കാണിച്ച് ഇന്ത്യയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല.
എന്നാൽ, ഇപ്പോഴും ഇന്ത്യയിൽനിന്ന് വരുമാനമുണ്ടെങ്കിൽ എൻ.ആർ.ഐകൾക്കും 1961ലെ ഇന്ത്യൻ ആദായനികുതി നിയമപ്രകാരം നികുതിബാധ്യതയുണ്ട്. സാമ്പത്തികവർഷത്തെ മൊത്തം വരുമാനം പരിധിയിൽ കൂടുതലാണെങ്കിൽ റിട്ടേൺ സമർപ്പിക്കുകയും ആവശ്യമെങ്കിൽ നികുതി അടക്കുകയും വേണം.
1. ശമ്പളം
പ്രവാസിയായിട്ടും ഇന്ത്യയിൽകൂടി ജോലി ചെയ്ത് ശമ്പളം വാങ്ങുമ്പോൾ ആ ശമ്പളത്തിന് നികുതി കൊടുക്കണം. ഏതെങ്കിലും കമ്പനിയുടെ ഡയറക്ടർ എന്ന നിലയിൽ ഇന്ത്യയിൽ ശമ്പളം വാങ്ങിയാലും ഇത് ബാധകമാണ്. ഇന്ത്യയിൽനിന്ന് ലഭിക്കുന്ന പെൻഷനും നികുതി ബാധ്യതയുണ്ട്. ശമ്പളത്തിൽനിന്ന് സ്റ്റാൻഡേഡ് ഡിഡക്ഷനായി 50,000 രൂപ കിഴിവ് അനുവദിച്ചിട്ടുണ്ട്.
2. വാടക വരുമാനം
ഇന്ത്യയിലെ വീട്/ഫ്ലാറ്റ്/കെട്ടിടം എന്നിവയിൽനിന്നുള്ള വരുമാനത്തിന് എൻ.ആർ.ഐക്കാർ നികുതി ബാധ്യതയുണ്ട്. കൂടാതെ, സ്ഥലം വാടകക്കു നൽകിയാലും നികുതിബാധ്യത സംഭവിക്കാം. കെട്ടിടനികുതിയായ അടച്ച തുക കിഴിവായി അവകാശപ്പെടാം. വാടക വരുമാനത്തിൽനിന്ന് കെട്ടിട നികുതി കുറച്ച ശേഷമുള്ള തുകയുടെ 30 ശതമാനം ചെലവുകൾക്കായി സ്റ്റാൻഡേഡ് ഡിഡക്ഷനായി കിഴിക്കാം. കെട്ടിടം വാങ്ങുന്നതിനും നിർമിക്കുന്നതിനും അറ്റകുറ്റപ്പണിക്കും എടുത്ത വായ്പയുടെ ആ വർഷത്തെ പലിശയും വരുമാനത്തിൽനിന്ന് കുറക്കാം.
3. ബിസിനസ്, സ്വയംതൊഴിൽ വരുമാനം
ഇന്ത്യയിൽ ബിസിനസ് ചെയ്യുന്ന പ്രവാസികൾ അതിൽനിന്ന് സമ്പാദിക്കുന്ന വരുമാനത്തിന് നികുതി നൽകാൻ ബാധ്യസ്ഥനാണ്. പങ്കാളിത്ത സ്ഥാപനത്തിൽനിന്ന് കിട്ടുന്ന ശമ്പളം, മൂലധനത്തിന് ലഭിക്കുന്ന പലിശ തുടങ്ങിയവക്കും നികുതിബാധ്യതയുണ്ട്. എന്നാൽ, പങ്കാളിത്തസ്ഥാപനത്തിൽ (പാർട്ട്ണർഷിപ്/എൽ.എൽ.പി) നിന്നുള്ള ലാഭവിഹിതത്തിന് നികുതിയില്ല.
4. മൂലധന നേട്ടം (കാപിറ്റൽ ഗെയിൻ)
മൂലധന ആസ്തികളിൽനിന്നുള്ള ലാഭം, കൈവശംവെക്കുന്ന കാലയളവിനെ അടിസ്ഥാനമാക്കി ഹ്രസ്വകാല, ദീർഘകാല മൂലധന നേട്ടം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
ഹ്രസ്വകാല മൂലധന ആസ്തി:
1. സീറോ കൂപ്പൺ ബോണ്ട് - 12 മാസത്തിൽ താഴെ
2. ലിസ്റ്റ് ചെയ്ത ഇക്വിറ്റി ഓഹരികൾ - 12 മാസത്തിൽ താഴെ
3. ഇക്വിറ്റി ഓറിയന്റഡ് ഫണ്ട് - 12 മാസത്തിൽ താഴെ
4. മ്യൂച്വൽ ഫണ്ട് - 12 മാസത്തിൽ താഴെ
5. ഭൂമി അല്ലെങ്കിൽ കെട്ടിടം(വാണിജ്യസ്വത്ത്, വീട്, ഫ്ലാറ്റ്) അല്ലെങ്കിൽ രണ്ടും - 24 മാസത്തിൽ താഴെ
6. ലിസ്റ്റ് ചെയ്യാത്ത ഇക്വിറ്റി ഓഹരികൾ - 24 മാസത്തിൽ താഴെ
7. മറ്റ് മൂലധന ആസ്തികൾ - 36 മാസത്തിൽ താഴെ
മേൽപറഞ്ഞ പരിധികളേക്കാൾ കൂടുതൽ കൈവശംവെക്കുന്നവ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കുന്നു
ഇന്ത്യൻ ഓഹരികളിലെയും സെക്യൂരിറ്റികളിലെയും നിക്ഷേപത്തിൽനിന്നുള്ള നേട്ടത്തിന് നികുതി ബാധകമാണ്. എന്നിരുന്നാലും, നിബന്ധനകൾക്കു വിധേയമായി, വീടിനായോ മൂലധനനേട്ട ബോണ്ടുകളിലോ നിക്ഷേപിച്ച് നിങ്ങൾക്ക് മൂലധന നേട്ട ഇളവ് അവകാശപ്പെടാം.
5. മറ്റ് ഉറവിടങ്ങളിൽനിന്നുള്ള വരുമാനം
വിദേശ വരുമാനം ഇന്ത്യൻ കറൻസിയിൽ നിക്ഷേപിക്കുന്നതിനാണ് എൻ.ആർ.ഇ അക്കൗണ്ട്. ഇന്ത്യൻ കറൻസിയിൽ ഉണ്ടാക്കുന്ന ഇന്ത്യൻ വരുമാനം മാനേജ് ചെയ്യാനാണ് എൻ.ആർ.ഒ അക്കൗണ്ട്. ആർ.ബി.ഐ അംഗീകരിച്ച ഏതു കറൻസിയിലും വിദേശ കറൻസി വരുമാനം നിക്ഷേപിക്കാൻ എഫ്.സി.എൻ.ആർ അക്കൗണ്ടുകൾ ഉപയോഗിക്കാം. എൻ.ആർ.ഇ അക്കൗണ്ടിലും എഫ്.സി.എൻ.ആർ അക്കൗണ്ടിലും ലഭിക്കുന്ന പലിശ നികുതിരഹിതമാണ്.
എന്നാൽ, എൻ.ആർ.ഒ അക്കൗണ്ടുകളിലെ (ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകളും സേവിങ്സ് അക്കൗണ്ടും ഉൾപ്പെടെ) പലിശക്കു പ്രവാസി നികുതി കൊടുക്കണം.
ഇന്ത്യൻ കമ്പനിയിൽനിന്ന് ലഭിച്ച ലാഭവിഹിതത്തിനും പണം, ജംഗമ അല്ലെങ്കിൽ സ്ഥാവര സ്വത്ത് എന്നിവയുടെ രൂപത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾക്കും നികുതി ബാധകമാണ്.
വകുപ്പ് 139 പ്രകാരം, വ്യക്തികൾക്ക് (എൻ.ആർ.ഐ ഉൾപ്പെടെ) , ഇന്ത്യയിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയാണ് ജൂലൈ 31.
എന്നാൽ, അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട ഒരു സ്ഥാപനത്തിന്റെ പ്രവർത്തനപങ്കാളിയാണ് എൻ.ആർ.ഐ എങ്കിൽ, അവസാന തീയതി ഒക്ടോബർ 31 ആണ്. ലേറ്റ് ഫീസ് ഉൾപ്പെടെ വൈകിയ റിട്ടേൺ ഫയൽ ചെയ്യാനും റിവൈസ്ഡ് റിട്ടേൺ ഫയൽ ചെയ്യാനുമുള്ള അവസാന തീയതി ഡിസംബർ 31 ആണ്.
പ്രവാസികൾക്കും അവരുടെ മൊത്തം വരുമാനത്തിൽനിന്ന് വിവിധ കിഴിവുകളും ഇളവുകളും അവകാശപ്പെടാൻ അർഹതയുണ്ട്.
ചില പ്രധാന കിഴിവുകൾ താഴെ:
⊿ വകുപ്പ് 80 സി
സാമ്പത്തികവർഷത്തിൽ, ഒരു വ്യക്തിയുടെ മൊത്ത വരുമാനത്തിൽനിന്ന് സെക്ഷൻ 80 സി പ്രകാരം പരമാവധി ഒന്നരലക്ഷം രൂപ വരെ കിഴിവ് അനുവദിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത്
സെക്ഷൻ 80 സി പ്രകാരം പെൻഷൻ ഫണ്ട്, പി.പി.എഫ് നിക്ഷേപങ്ങൾക്കും കിഴിവ് ലഭിക്കും
⊿ വകുപ്പ് 80 ഡി
ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് കിഴിവുണ്ട്. സ്വയം, പങ്കാളി, ആശ്രിതരായ കുട്ടികൾ എന്നിവരുടെ ഇൻഷുറൻസിനായി ഈ കിഴിവ് 25,000 രൂപ വരെ ലഭ്യമാണ്. കൂടാതെ, എൻ.ആർ.ഐക്ക് മാതാപിതാക്കളുടെ ഇൻഷുറൻസിനായി 25,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം.
⊿ വകുപ്പ് 80 ഇ
ഈ വകുപ്പിനു കീഴിൽ, എൻ.ആർ.ഐകൾക്ക് ഉന്നത വിദ്യാഭ്യാസ വായ്പയിൽ അടച്ച പലിശയുടെ കിഴിവ് അവകാശപ്പെടാം. എൻ.ആർ.ഐ, ജീവിതപങ്കാളി, മക്കൾ അല്ലെങ്കിൽ എൻ.ആർ.ഐ നിയമപരമായ രക്ഷിതാവായ വിദ്യാർഥി എന്നിവർക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഈ വായ്പ എടുത്തിരിക്കാം.
ഈ വകുപ്പിനു കീഴിൽ കിഴിവായി ക്ലെയിം ചെയ്യാവുന്ന തുകക്ക് പരിധിയില്ല. കിഴിവ് പരമാവധി എട്ടു വർഷത്തേക്കോ അല്ലെങ്കിൽ പലിശ അടക്കുന്നതുവരെയോ, ഏതാണ് നേരത്തേ അതുവരെയായിരിക്കും. വായ്പയുടെ പ്രധാന തിരിച്ചടവിൽ കിഴിവ് ലഭ്യമല്ല.
⊿ 80ജി കിഴിവ്
ആദായ നികുതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത അംഗീകൃത ചാരിറ്റബ്ൾ സ്ഥാപനത്തിന് നൽകിയ സംഭാവനകൾക്ക് കിഴിവുണ്ട്
⊿ 80 ടി.ടി.എ
പ്രവാസികൾക്ക്, റെസിഡന്റ് ഇന്ത്യക്കാരെപ്പോലെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശയിൽനിന്ന് പരമാവധി 10,000 രൂപ വരെ വരുമാനത്തിൽ കിഴിവ് അവകാശപ്പെടാം.
ബാങ്ക്, സഹകരണ സൊസൈറ്റി അല്ലെങ്കിൽ പോസ്റ്റോഫീസ് എന്നിവയിലെ സേവിങ്സ് അക്കൗണ്ടുകളിലെ (ടൈം ഡെപ്പോസിറ്റുകളല്ല) നിക്ഷേപങ്ങളിൽ ഇത് അനുവദനീയമാണ്.
ആദായ നികുതി ബാധ്യത നിർണയിക്കാൻ രണ്ടു സമ്പ്രദായങ്ങളാണ് നിലവിലുള്ളത്- പഴയതും പുതിയതും.പുതിയ വ്യവസ്ഥയിൽ 80സി, 80ഡി, 80ഇ മുതലായ വകുപ്പുകൾക്കു കീഴിലുള്ള കിഴിവ് അനുവദനീയമല്ല. രണ്ടു നികുതി വ്യവസ്ഥകളുടെയും സ്ലാബ് നിരക്കുകൾ ചുവടെ
റസിഡന്റ് ഇന്ത്യക്കാർക്ക് 87എ പ്രകാരം റിബേറ്റുള്ളതിനാൽ പഴയ സ്കീമിൽ അഞ്ചു ലക്ഷം വരെയും പുതിയ സ്കീമിൽ ഏഴു ലക്ഷം രൂപ വരെയുമുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. എന്നാൽ ഈ റിേബറ്റ് എൻ.ആർ.ഐകൾക്ക് ലഭ്യമല്ല.
പ്രവാസി ഇന്ത്യക്കാരും മുൻകൂർ നികുതിയുടെ പരിധിയിൽ വരും. മുമ്പത്തെ വർഷം കണക്കാക്കിയ നികുതിബാധ്യതയുടെ അടിസ്ഥാനത്തിൽ സാമ്പത്തികവർഷം മുൻകൂർ നികുതി അടക്കാൻ ബാധ്യസ്ഥനാണ്. നികുതിബാധ്യത 10,000 രൂപയിൽ കൂടുതലാണെങ്കിൽ, തന്റെ മുൻകൂർ നികുതിബാധ്യത നാലു ഗഡുക്കളായി അടക്കേണ്ടതുണ്ട് (ജൂൺ 15, സെപ്റ്റംബർ 15, ഡിസംബർ 15, മാർച്ച് 15).
സാമ്പത്തികവർഷത്തെ മൊത്തം വരുമാനത്തിൽനിന്നും കിഴിവുകൾ എല്ലാം കുറച്ചതിനുശേഷം വരുമാനം നികുതി ബാധ്യതയുടെ പരിധിയിൽ കുറവാണെങ്കിൽ അടച്ച മുൻകൂർ തുക റീഫണ്ടായി ലഭിക്കും.
www.incometax.gov.in എന്ന പോർട്ടൽ വഴി പാൻ കാർഡ് വിശദാംശങ്ങൾ നൽകി ലോഗിൻ ചെയ്ത് ഉചിതമായ ഐ.ടി.ആർ ഫോം ഫയൽ ചെയ്യാൻ കഴിയും. ഇതിനായി ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും ടാക്സ് കൺസൽട്ടന്റുമാരുടെയും സഹായം തേടാം.
ഒരു വ്യക്തിയുടെ എൻ.ആർ.ഐ പദവി പ്രധാനമായും അവർ ഇന്ത്യയിൽ താമസിക്കുന്ന കാലയളവിനെ ആശ്രയിച്ചിരിക്കുന്നു. ആദായനികുതി നിയമം എൻ.ആർ.ഐയെ നേരിട്ട് നിർവചിക്കുന്നില്ല. എന്നാൽ, സെക്ഷൻ ആറിൽ ഇന്ത്യയിൽ താമസക്കാരനായി കണക്കാക്കുന്നതിന്റെ മാനദണ്ഡം വിശദമായി പറയുന്നുണ്ട്. അതിനാൽ, ആ മാനദണ്ഡത്തിൽ ഉൾപ്പെടാത്ത ആരെയും എൻ.ആർ.ഐ എന്നു വിളിക്കാം.
നികുതിദായകൻ താഴെ വ്യവസ്ഥകളിൽ ഒന്ന് പാലിച്ചാൽ ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കാം:
1. ഒരു സാമ്പത്തിക വർഷം ഇന്ത്യയിൽ തങ്ങുന്നത് 182 ദിവസമോ അതിൽ കൂടുതലോ ആണ്, അല്ലെങ്കിൽ
2. ആ സാമ്പത്തിക വർഷത്തിനു മുമ്പുള്ള നാലു സാമ്പത്തിക വർഷത്തിനുള്ളിൽ, 365 ദിവസമോ അതിൽ കൂടുതലോ, ഒപ്പം ആ വർഷം മൊത്തം 60 ദിവസമോ അതിൽ കൂടുതലോ കാലയളവിൽ ഇന്ത്യയിലുണ്ടെങ്കിൽ.
3. തൊഴിൽ ആവശ്യങ്ങൾക്കായി ഇന്ത്യ വിടുന്നവർ ആ സാമ്പത്തിക വർഷത്തിനു മുമ്പുള്ള നാലു വർഷത്തിൽ 365 ദിവസമോ അതിൽ കൂടുതലോ, ഒപ്പം ആ വർഷം മൊത്തം 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിലുണ്ടെങ്കിൽ.
മുകളിലെ വ്യവസ്ഥകൾ ഉൾപ്പെടാത്തയാളെ ആ വർഷത്തേക്ക് എൻ.ആർ.ഐ ആയി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.