ചെങ്കടൽ പ്രതിസന്ധി; കര കയറാതെ തേയില വ്യാപാരം

പശ്ചിമേഷ്യൻ സംഘർഷാവസ്ഥമൂലം വിദേശ തേയില വ്യാപാരരംഗം തളർച്ചയിലാണ്‌. ചെങ്കടലിൽ കപ്പലുകൾക്ക്‌ നേരെയുള്ള ആക്രമണങ്ങൾ ഭയന്ന്‌ കണ്ടെയ്‌നർ നീക്കത്തിന്‌ നിരക്ക് കുത്തനെ ഉയർത്തിയത്‌ യൂറോപ്യൻ ഓർഡറുകളെ ബാധിച്ചു.

യൂറോപ്യൻ ഷിപ്മെൻറ്റിന്‌ 20 അടി കണ്ടെയ്നറുകൾ 500 ഡോളറായിരുന്നത്‌ (41,500 രൂപ) 3800 ഡോളറായും (3.15 ലക്ഷം രൂപ ) 40 അടി കണ്ടെയ്‌നറിന്‌ 600 ഡോളറിൽനിന്ന് 4500 ഡോളറായും ഉയർത്തിയത്‌ കയറ്റുമതി മേഖലക്ക് കനത്ത പ്രഹരമാകും. ഇന്ത്യൻ തേയിലയുടെ കടുപ്പം നിലനിർത്തുന്നതിൽ വിദേശ വ്യാപാരരംഗം വഹിക്കുന്ന പങ്ക്‌ ചെറുതല്ല. അതിനിടെയാണ് അതിശൈത്യത്തിൽ തേയില തോട്ടങ്ങളിൽ കൊളുന്ത്‌ നുള്ള്‌ നിലച്ചത്‌. ഇത് ലേല കേന്ദ്രങ്ങളിൽ ചരക്ക്‌ വരവിനെ ബാധിക്കും. തോട്ടം മേഖല അതി ശൈത്യത്തിന്റെ പിടിയിലായത്‌ കൊളുന്ത്‌ നുള്ള്‌ തടസ്സപ്പെടുത്തി. ജനുവരി അവസാനം അപ്രതീക്ഷിത മഞ്ഞുവീഴ്‌ച്ച കണ്ട്‌ തൊഴിലാളികൾ വിളവെടുപ്പിൽനിന്ന് പിൻമാറി.

കേരളം, തമിഴ്‌നാട്‌ അതിർത്തി ജില്ലകളിലെ തേയില തോട്ടങ്ങൾ നിശ്ചലമായതിനാൽ ഈ മാസം ഉൽപാദന കേന്ദ്രങ്ങളിൽനിന്നും ഇല, പൊടി തേയിലകളുടെ നീക്കം കുറയും. കൊച്ചി, കൂന്നുർ, കോയമ്പത്തുർ ലേല കേന്ദ്രങ്ങളിൽ വരവ്‌ ചുരുങ്ങുന്നത്‌ ആഭ്യന്തര തേയില പാക്കറ്റ്‌ നിർമാതാക്കളെ സമ്മർദത്തിലാക്കും.തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പകൽ ചൂട്‌ ശക്തമായതോടെ റബർ മരങ്ങൾ ഇലപൊഴിച്ചിൽ ഭീഷണിയിലാണ്. പ്രതികൂല കാലാവസ്ഥയിൽ മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത ചുരുങ്ങിയത്‌ രാജ്യാന്തര വിപണിയിൽ ഷീറ്റിനും ലാറ്റക്‌സിനും ആവശ്യം ഉയർത്തി. ബാങ്കോക്കിൽ നാലാം ഗ്രേഡിന്‌ തുല്യമായ ഷീറ്റ്‌ കിലോ 182 രൂപയായി ഉയർന്നു.

വിദേശത്തെ ഉണർവ്‌ കണ്ട്‌ നമ്മുടെ കർഷകർ വില മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ചരക്ക്‌ പിടിച്ചു. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ സംസ്ഥാനത്ത്‌ മികച്ചയിനം ഷീറ്റ്‌ വില 180-185ലേക്ക്‌ ഉയരേണ്ടതാണ്‌. എന്നാൽ, ഈ നീക്കത്തിന്‌ തുരങ്കംവെക്കാൻ ടയർ ലോബി വിപണിയുടെ അടിഴൊഴുക്കിൽ മാറ്റം വരുത്താൻ രംഗത്തുനിന്നും അൽപം ഉൾവലിഞ്ഞതുമൂലം നാലാം ഗ്രേഡ്‌ കിലോ 165 രൂപയിലും അഞ്ചാം ഗ്രേഡ്‌ 160 രൂപയിലും നിശ്ചലമാണ്‌.

കുരുമുളക്‌ വില ക്വിൻറ്റലിന്‌ 3000 രൂപ ഇടിഞ്ഞു. വിളവെടുപ്പ്‌ തുടങ്ങിയതു കണ്ട്‌ അന്തർസംസ്ഥാന ഇടപാടുകാർ നിരക്ക്‌ താഴ്‌ത്തി ചരക്ക്‌ സംഭരിക്കുന്ന തന്ത്രമാണ്‌ പയറ്റുന്നത്‌. കാർഷിക മേഖലകളിൽനിന്നും അവർ താഴ്‌ന്ന വിലക്ക്‌ മുളക്‌ സംഭരിച്ചു. ഇതിനിടയിൽ കർണാടകത്തിലെ സ്‌റ്റോക്കിസ്‌റ്റുകൾ മുളക്‌ വിറ്റു. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 55,500 രൂപയായി താഴ്‌ന്നു.

ആഭ്യന്തര വിദേശ വാങ്ങലുകാർ ഏലക്ക ശേഖരിക്കാൻ ഉത്സാഹിച്ചു. ഹൈറേഞ്ചിൽ ഏലം വിളവെടുപ്പ്‌ അവസാനിക്കും മുന്നേ പരമാവധി ചരക്ക്‌ വാങ്ങികകൂട്ടുകയാണ്‌. അറബ്‌ രാജ്യങ്ങൾ റംസാൻ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ചരക്ക്‌ സംഭരണ തിരക്കിലാണ്‌. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 1552 രൂപയിലും മികച്ചയിനങ്ങൾ 2004 രൂപയിലുമാണ്‌.

നാളികേരരോൽപന്നങ്ങൾ മുന്നേറി. പ്രാദേശിക മാർക്കറ്റിൽ വെളിച്ചെണ്ണക്ക്‌ മാസാരംഭ ഡിമാൻറ്‌ വിലക്കയറ്റം സൃഷ്‌ടിച്ചു കൊച്ചിയിൽ മില്ലുകാർ വെളിച്ചെണ്ണ വില 13,900 രൂപയായും കോഴിക്കോട്‌ 16,350 രൂപയായും ഉയർത്തി. പാം ഓയിൽ താഴ്‌ന്ന റേഞ്ചിൽ നീങ്ങുന്നത്‌ വരും ദിനങ്ങളിൽ വെളിച്ചെണ്ണയുടെ കുതിപ്പിനെ പിടിച്ചുനിർത്താം.

Tags:    
News Summary - The Red Sea Crisis issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT