ന്യൂഡൽഹി: നോട്ട് നിരോധിച്ച നടപടിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കള്ളപ്പണം തടയാനുള്ള നടപടിയുടെ ഭാഗമായിരുന്നു നിരോധനമെന്നും സർക്കാർ ബോധിപ്പിച്ചു. നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് വർധിപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നു അത്. റിസർവ് ബാങ്കിന്റെ ശിപാർശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും പാർലമെന്റ് നൽകിയ അധികാരമാണ് വിനിയോഗിച്ചതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.
മുമ്പ് നോട്ട് നിരോധിച്ച നടപടികൾ വ്യത്യസ്ത പശ്ചാത്തലത്തിലായിരുന്നുവെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞു. നോട്ട് നിരോധനത്തിനെതിരായ ഹരജി നിലവിൽ ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണ്. 2016ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ തീരുമാനത്തിൽ സുപ്രീംകോടതി ഇടപെട്ടിരുന്നു. നേരത്തെയും കോടതി നിർദേശിച്ച പ്രകാരം സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ രണ്ടു പേജിലായിരുന്നു സത്യവാങ്മൂലം നൽകിയിരുന്നത്. തുടർന്ന് വിശദ സത്യവാങ്മൂലം നൽകണമെന്ന് കോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ വിശദീകരണം നൽകിയത്.
നോട്ടുനിരോധത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച 59 ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. 2016 നവംബർ എട്ടിന് രാത്രി എട്ടരയ്ക്കാണ് വിനിമയത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സർക്കാർ നിരോധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയത്. വിനിമയത്തിലുള്ള ആകെ കറൻസിയുടെ 86 ശതമാനവും അസാധുവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.