തിരുവനന്തപുരം: വാഹനപ്പെരുപ്പം അനുദിനം വർധിക്കുന്ന സംസ്ഥാനത്ത് ഓരോ 1000 പേർക്കുമുള്ളത് 490 വാഹനങ്ങൾ. മുൻ വർഷത്തെ അപേക്ഷിച്ച് 5.06 ശതമാനം വാഹനങ്ങളാണ് വർധിച്ചതെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് അടിവരയിടുന്നു. 155.65 ലക്ഷത്തിൽനിന്ന് 163.52 ലക്ഷത്തിലേക്കാണ് ഒരുവർഷത്തിനിടെ വാഹനങ്ങളുടെ എണ്ണം കൂടിയത്. 7.87 ലക്ഷമാണ് വർധന. തൊട്ട് മുൻവർഷം ഇത് 7.18 ലക്ഷമായിരുന്നു. 2013 മുതൽ 2023 വരെയുള്ള പത്ത് വർഷക്കാലയളവിൽ 83.03 ലക്ഷം വാഹനങ്ങൾ കൂടി. ഇരുചക്ര വാഹനങ്ങളാണ് എണ്ണത്തിൽ കൂടുതൽ, 106.79 ലക്ഷം.
സംസ്ഥാനത്ത് കൂടുതൽ വാഹനങ്ങളുള്ളത് 23.22 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്ത എറണാകുളം ജില്ലയിലാണ്. മൊത്തം വാഹനങ്ങളുടെ 14.2 ശതമാനം വരുമിത്. 20.31 ലക്ഷം (12.42 ശതമാനം) വാഹനങ്ങളുള്ള തലസ്ഥാന ജില്ലയാണ് രണ്ടാമത്. ഏറ്റവും കുറവ് വാഹനങ്ങളുള്ളത് വയനാടും -2.75 ലക്ഷം.
ഇ-വാഹനങ്ങളെ പ്രാത്സാഹിപ്പിക്കലാണ് സർക്കാർ നയമെങ്കിലും മൊത്തം രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 0.6 ശതമാനം മാത്രമാണ് ഇവയുടെ വിഹിതം. 2022ൽ 39,576 ഇ-വാഹനങ്ങളായിരുന്നു പുറത്തിറങ്ങിയതെങ്കിൽ 2023ലെ രജിസ്ട്രേഷൻ 50,315 ആണ്.
വാഹനപ്പെരുപ്പവും റോഡുകളുടെ ക്ഷമതയും തമ്മിലുള്ള പൊരുത്തക്കേട് സംസ്ഥാനത്തുടനീളം വാഹനക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. 2020ൽ ഒരുലക്ഷം വാഹനങ്ങൾക്ക് 196 എന്ന നിലയിലായിരുന്നു അപകടങ്ങൾ. 2021ൽ ഇത് 224ഉം 2022ൽ 282ഉം ആയി ഉയർന്നു.
റോഡുകളുടെ ദൈർഘ്യം കുറഞ്ഞു
സംസ്ഥാനത്തെ റോഡുകളുടെ ദൈർഘ്യം കുറഞ്ഞെന്ന് സാമ്പത്തികാവലോകന റിപ്പോർട്ടിലെ കണക്കുകൾ. 2020-21 കാലത്തുനിന്ന് 2022-23ലേക്കെത്തുമ്പോഴാണ് ഈ കുറവ് പ്രകടമാകുന്നത്. 2020-21ൽ 2.39 ലക്ഷം കിലോമീറ്റർ റോഡുകളാണ് കേരളത്തിലുണ്ടായിരുന്നത്. 2022-23 കാലത്ത് ഇത് 2.36 ലക്ഷം കിലോമീറ്ററായാണ് കുറഞ്ഞത്. ഗതാഗത യോഗ്യമായ റോഡുകൾ കുറഞ്ഞതാണ് കണക്കിലെ കുറവിന് കാരണം.
മരാമത്ത് വകുപ്പിനുള്ള ബജറ്റ് വകയിരുത്തൽ 2712 കോടിയിൽനിന്ന് 2560 കോടിയിലേക്ക് കുറഞ്ഞിരുന്നു. ഇത് സ്വാഭാവികമായും റോഡുകളുടെ നിർമാണത്തിലും പരിപാലനത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.