ബ്രസൽസ്: റഷ്യൻ എണ്ണക്ക് വില നിശ്ചയിച്ച് യുറോപ്യൻ യൂണിയനും ജി 7 രാജ്യങ്ങളും. ബാരലിന് 60 ഡോളർ എന്ന നിലയിലാണ് യുറോപ്യൻ യൂണിയനും ജി 7 രാജ്യങ്ങളും നിശ്ചയിച്ച വില. തിങ്കളാഴ്ച മുതൽ പുതിയ നിരക്ക് നിലവിൽ വരും.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കാനുള്ള തീരുമാനത്തിനൊപ്പം യുറോപ്യൻ യൂണിയനും എത്തിയത്. പോളണ്ട്, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിച്ച തീരുമാനത്തെ എതിർത്തു. പലപ്പോഴും യുറോപ്യൻ യൂണിയൻ നിശ്ചയിക്കാൻ ഉദ്ദേശിക്കുന്ന വിലക്ക് താഴെയാണ് റഷ്യ എണ്ണ വിൽക്കുന്നതെന്ന് ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച 55 ഡോളറിലാണ് വിവിധ രാജ്യങ്ങൾക്ക് എണ്ണ വിറ്റതെന്നും എതിർക്കുന്ന രാജ്യങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ, റഷ്യൻ എണ്ണവില പരിധി നിശ്ചയിച്ച തീരുമാനം തങ്ങളെ ബാധിക്കില്ലെന്ന രീതിയിലാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ പ്രതികരണം. അസംബന്ധമെന്നാണ് വിലപരിധി തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. തങ്ങളുടെ പങ്കാളികളുമായി നേരിട്ട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിലപരിധി നിശ്ചയിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമീർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, വിലപരിധി തീരുമാനം വിലകുറഞ്ഞ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളെ ഗുരുതരമായി ബാധിക്കില്ലെന്നാണ് ആദ്യഘട്ടവിലയിരുത്തൽ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.