വിപണി വീഴുമ്പോൾ...

വില താഴുന്ന ഓഹരികൾ വാങ്ങി ആവറേജ് ചെയ്യുന്നത് താഴേക്ക് വരുന്ന കത്തി പിടിക്കാൻ ശ്രമിക്കുന്നതുപോലെയാണെന്ന് പറയാറുണ്ട്. മുറിവുപറ്റാൻ സാധ്യത ഏറെയാണ്. വീഴ്ചയുടെ അടിത്തട്ട് എവിടെയാണെന്ന് പറയാൻ കഴിയില്ല. 20/30 ശതമാനം ഇടിയുമ്പോൾ ഇതാണ് ചാൻസ് എന്ന് കരുതി ചാടിക്കയറി വാങ്ങുന്നത് ബുദ്ധിയല്ല. അർഹതപ്പെട്ട യഥാർഥ മൂല്യത്തിലേക്ക് എത്തിയെന്ന് ബോധ്യമായാൽ അല്പാല്പമായി വാങ്ങിത്തുടങ്ങാം. ഒന്നോ രണ്ടോ ദിവസം തിരിച്ചു കയറിയത് കണ്ട് ട്രെൻഡ് റിവേഴ്സൽ ആയെന്ന് ഉറപ്പിക്കുകയുമരുത്. ഇനിയുള്ള കുറച്ചുമാസങ്ങൾ സ്മാൾ, മിഡ് കാപ് ഓഹരികളിൽ ചാഞ്ചാട്ടം കൂടുതലായിരിക്കും.

ഇന്ത്യൻ ഓഹരി വിപണിയിൽ കഴിഞ്ഞയാഴ്ചയുണ്ടായ വീഴ്ച പുതുതായി വിപണിയിലെത്തിയവരെ അമ്പരപ്പിച്ചിട്ടുണ്ടാകും. സ്മാൾ കാപ്, മിഡ്കാപ് ഓഹരികൾ കൂപ്പുകുത്തി. സ്മാൾ കാപ് സൂചികയിൽ രണ്ടു വർഷത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ വീഴ്ചയാണ് കഴിഞ്ഞ ​ബുധനാഴ്ചയുണ്ടായത്. മിഡ്കാപിൽ 4.4 ശതമാനവും സ്മാൾകാപിൽ 5.11 ശതമാനവും ഇടിഞ്ഞു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സെൻസെക്സ് പോസിറ്റിവ് ആയിട്ടും മിഡ്, സ്മാൾ ഓഹരികളിൽ വലിയ ഇടിവുണ്ടായി. അർഹതക്കപ്പുറത്തെ ഉയർന്ന മൂല്യത്തിലാണ് സൂചികയും മിക്കവാറും ഓഹരികളുമെന്നും ഒരു തിരുത്തൽ ഉറപ്പാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. സ്മാൾകാപ്, മിഡ് കാപ് ഓഹരികളിൽ വീഴ്ചക്ക് സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും മാധ്യമം സാമ്പത്തികം പേജിൽ കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നു. വിപണി ഒരു കനത്ത കാരണത്തിന് കാത്തിരിക്കുകയായിരുന്നു.

സ്മാൾ കാപ് ഓഹരികൾ അമിത വിലയിലാണെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് പറഞ്ഞതായിരുന്നു ആ ട്രിഗർ. ചെറുകിട വ്യവസായ സംരംഭങ്ങളുടെ (എസ്.എം.ഇ) ഓഹരിവിലയിൽ ചില കൃത്രിമങ്ങൾ നടക്കുന്നതായും അവർ പറഞ്ഞു. ചെറുകിട വ്യവസായ സംരംഭങ്ങളും സ്മാൾ കാപ് ഓഹരികളും രണ്ടാണെങ്കിലും സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടായി. മ്യൂചൽ ഫണ്ടുകൾ സ്മാൾ കാപിലെ വിഹിതം കുറക്കാൻ തീരുമാനിച്ചതും തിരിച്ചടിയായി. കൂട്ട വിൽപന നടന്നപ്പോൾ സൂചിക സപ്പോർട്ട് സോണുകൾ തട്ടിത്തകർത്ത് വീണു. നല്ല അടിത്തറയുള്ള ഓഹരികളും കൂട്ടത്തിൽ വീണു. ബുധനാഴ്ച വീണ സൂചിക വ്യാഴാഴ്ച ശക്തമായി തിരിച്ചുകയറുകയും വെള്ളിയാഴ്ച വീണ്ടും വീഴുകയും ചെയ്തു. അടുത്ത ദിവസം എന്താകുമെന്ന് പ്രവചിക്കാൻ കഴിയില്ല. ഇതിനെയാണ് ചാഞ്ചാട്ടം എന്ന് പറയുന്നത്.

പഠിച്ചിട്ട് ചെയ്യൂ

അസറ്റ് അലോക്കേഷനും അനുയോജ്യമായ സന്ദർഭങ്ങളിൽ ലാഭമെടുക്കലും സ്റ്റോപ് ലോസ് വെക്കലും എത്ര പ്രധാനമാണെന്ന് ഇനിയും മനസ്സിലാകാത്തവർ നന്നായി പഠിച്ചതിന് ശേഷം മാത്രം ഓഹരി വ്യാപാരം നടത്തുന്നതാകും നല്ലത്. ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞയാഴ്ച വലിയ വിൽപന നടത്തിയിട്ടില്ല എന്നതാണ് കൗതുകം. സാധാരണക്കാരായ നിക്ഷേപകർ നെഗറ്റീവ് സൂചനകളുടെയും വാർത്തകളുടെയും ചുവടുപിടിച്ച് കൂട്ടത്തോടെ വിറ്റൊഴിഞ്ഞതാണ് ഇടിവിനിടയാക്കിയത്. വിപണിയുടെ ദിശ നിശ്ചയിക്കാൻമാത്രം കരുത്തരായി ഇന്ത്യയിലെ റീട്ടെയിൽ നിക്ഷേപകർ മാറിക്കഴിഞ്ഞു.

ഇതൊരവസാനമല്ല

വിപണിയിൽ തിരുത്തലുണ്ടാകുന്നത് സ്വാഭാവികമാണ്. ഇനിയും സർവകാല റെക്കോഡുകൾ മറികടന്ന് ഇന്ത്യൻ ഓഹരി വിപണി കുതിക്കുകതന്നെ ചെയ്യും. 100 ശതമാനം ഉയർന്ന സൂചികയും ഓഹരികളും രണ്ടു ദിവസം ഇടിയുമ്പോഴേക്ക് നിരാശരായി എല്ലാം ഇട്ടുപോകരുത്. അച്ചടക്കത്തോടെ നിക്ഷേപകനായി തുടരുക, മൂലധനം സംരക്ഷിക്കുക, ട്രേഡിങ് നടത്താതെ മാറിനിൽക്കേണ്ട ഘട്ടങ്ങളിൽ അതിന് മടികാണിക്കാതിരിക്കുക. മുഴുവൻ പണവും ഓഹരിയിൽ ഇറക്കാതിരിക്കുക, അടിസ്ഥാനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക, പഠനവും നിരീക്ഷണവും തുടരുക... ഇതൊക്കെയാണ് വിജയമന്ത്രങ്ങൾ.

Tags:    
News Summary - When the market falls...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT