ജനീവ: കയറ്റുമതിക്കുള്ള പഞ്ചസാര സബ്സിഡിയുമായി ബന്ധപ്പെട്ട് നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയാറാവണമെന്ന് ലോകവ്യാപാര സംഘടന. ബ്രസീൽ, ആസ്ട്രേലിയ, ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങൾക്ക് അനുകൂലമായാണ് ലോകവ്യാപാര സംഘടനയുടെ ഉത്തരവ്. സബ്സിഡിയുമായി ബന്ധപ്പെട്ട് ആഗോള നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയാറാവണമെന്നും സംഘടന ആവശ്യപ്പെട്ടു.
2019ലാണ് ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയെ വിവിധ രാജ്യങ്ങൾ സമീപിച്ചത്. കരിമ്പിനും പഞ്ചസാരക്കും ഇന്ത്യ അമിതമായി കയറ്റുമതി സബ്സിഡി നൽകുന്നുവെന്നായിരുന്നു ഉയർന്ന പ്രധാന പരാതി. തുടർന്ന് ലോകവ്യാപാര സംഘടന വിഷയത്തിലിടപ്പെടുകയും കാർഷിക സബ്സിഡയുമായി ബന്ധപ്പെട്ട് നിലവിലുളള കരാർ കർശനമായി പാലിക്കാൻ ഇന്ത്യയോട് നിർദേശിക്കുകയുമായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉൽപാദകരാണ് ഇന്ത്യ. ബ്രസീൽ കഴിഞ്ഞാൽ ഇന്ത്യക്കാണ് പഞ്ചസാര ഉൽപാദനത്തിൽ രണ്ടാം സ്ഥാനം.
അതേസമയം, ലോകവ്യാപാര സംഘടനയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ഇന്ത്യ പ്രതികരിച്ചു. എന്നാൽ, ലോകവ്യാപാര സംഘടനയുടെ അപ്ലറ്റ് അതോറിറ്റിയിൽ ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതിനാൽ ഇന്ത്യക്ക് അപ്പീൽ നൽകാൻ സാധിച്ചിട്ടില്ല.
2014-15 മുതൽ 2018-19 വരെയുള്ള സീസണുകളിൽ കരിമ്പ് ഉൽപാദകർക്ക് ഇന്ത്യ അധികമായി കയറ്റുമതി സബ്സിഡി നൽകിയിരുന്നുവെന്നാണ് ലോകവ്യാപാര സംഘടനയുടെ കണ്ടെത്തൽ. 10 ശതമാനമെന്ന ലോകവ്യാപാര സംഘടനയുടെ പരിധിയിൽ കൂടുതൽ സബ്സിഡി നൽകിയെന്നായിരുന്നു കണ്ടെത്തൽ. അതേസമയം ലോകാവ്യാപാര സംഘടനയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഇത് നിലവിലുള്ള പഞ്ചസാര നയത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.