മുംബൈ: പെട്രോൾ വില ലിറ്ററിന് നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തിെൻറ സാമ്പത്തിക തലസ്ഥാനമായ മുംബൈ. ശനിയാഴ്ചയിലെ വില വർധനയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന് 100.19 രൂപയായി. ഡീസലിന് 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസലിന് 92.29 രൂപയുമാണ്.
മഹാനഗരത്തിൽ പെട്രോളിന് 100 രൂപ കടന്നതോടെ സംസ്ഥാനവും കേന്ദ്രവും എക്സൈസ് നികുതിയും വാറ്റും ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. നികുതി കുറക്കുന്നതോടെ ഉപഭോക്താക്കളുടെ ചുമലിലെ ചെറിയ ഭാരം ഒഴിവാകുമെന്നും അവർ പറയുന്നു.
അതേസമയം ഡീസൽ വില വർധന വിലക്കയറ്റത്തിന് കാരണമാകുമെന്ന കണക്കുകൂട്ടലിലാണ് വിദഗ്ധർ. ഡീസൽ വില ഉയരുന്നതോടെ സാമ്പത്തികമേഖലയെ പ്രതികൂലമായി സ്വാധീനിക്കും. ഗതാഗത ചിലവിന് പുറമെ, പച്ചക്കറികൾ, ഫലവർഗങ്ങൾ, മറ്റു അവശ്യവസ്തുക്കൾ തുടങ്ങിയവക്കും വില ഉയരും.
തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് വില. കൊച്ചിയിൽ പൊട്രോളിന് 95.04 രൂപയും ഡീസലിന് 89.46 രൂപയുമാണ് ഇന്നത്തെ വില.
ശനിയാഴ്ച പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനിടെ15ാം തവണയാണ് പെട്രോളിനും ഡീസലിനും വില ഉയർത്തുന്നത്.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ നേരത്തേ തന്നെ പെട്രോൾ വില 100 തൊട്ടിരുന്നു. വാറ്റ് നികുതിയിലെ വ്യത്യാസമാണ് പല സംസ്ഥാനങ്ങളിലും പെട്രോൾ, ഡീസൽ വില വ്യത്യാസമാകാൻ കാരണം. രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ വാറ്റ് ഇൗടാക്കുന്നത്. മധ്യപ്രദേശും മഹാരാഷ്ട്രയുമാണ് തൊട്ടടുത്ത്.
അന്താരാഷ്ട്ര വിപണിയിലെ കഴിഞ്ഞ 15ദിവസത്തെ ശരാശരി ഇന്ധനവിലയും വിദേശനാണ്യ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതെന്നാണ് എണ്ണകമ്പനികളുടെ വാദം. എന്നാൽ, അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടർന്നത് കേന്ദ്രസർക്കാറും എണ്ണക്കമ്പനികളും തമ്മിലുള്ള ബന്ധത്തിൽ സംശയം ഉയർത്തുന്നുണ്ട്. അതേസമയം, എണ്ണവില വർധനക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം വ്യാപകമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.