ചരക്കു സേവനനികുതി: ഭക്ഷ്യ എണ്ണക്കും കോഴി ഇറച്ചിക്കും  വിലയേറും: ടി.വിക്കും എ.സിക്കും കുറയും

ന്യൂഡല്‍ഹി: ചരക്കു സേവനനികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വരുന്നതോടെ അവശ്യസാധനങ്ങളുടെ വിലയേറുമെന്ന് സൂചന.  ഭക്ഷ്യ എണ്ണകള്‍, കോഴി ഇറച്ചി, ധാന്യങ്ങള്‍, കുരുമുളക്, ജീരകം, മഞ്ഞള്‍ തുടങ്ങി അടുക്കളയിലെ അവശ്യവസ്തുക്കള്‍ക്ക് നികുതി വര്‍ധിക്കുന്നതിനാല്‍ കൂടിയ വില നല്‍കേണ്ടിവരും. എന്നാല്‍ ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഇന്‍വര്‍ട്ടര്‍, ഫാന്‍ തുടങ്ങിയ ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയുന്നതിനാല്‍ വിലയും കുറയും.  നികുതി ചുമത്തുന്നതിന് നാല് സ്ളാബുകള്‍ ഏര്‍പ്പെടുത്തി ഓരോതരം ഉല്‍പന്നത്തെയും വ്യത്യസ്ത സ്ളാബുകളില്‍ ഉള്‍പ്പെടുത്തുന്നതിനാലാണ് വിലവ്യത്യാസം വരുന്നത്. 

2017 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യമാകെ ഒറ്റ നികുതി വ്യവസ്ഥക്ക്  കീഴിലാകുന്ന ജി.എസ്.ടി പ്രാബല്യത്തിലാക്കാന്‍ ശ്രമം നടക്കുന്നത്.  ഈ ആഴ്ചതന്നെ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാല് തട്ടുകളിലായുള്ള  നികുതിഘടന അവതരിപ്പിക്കും. 
ഏറ്റവും കുറഞ്ഞ നികുതി നിരക്ക് നിര്‍ദേശിച്ചിരിക്കുന്നത് ആറു ശതമാനമാണ്.  രണ്ടാമത് 12-18 ശതമാനമാണ്. അതിവേഗം വിറ്റഴിയുന്ന ഉല്‍പന്നങ്ങള്‍ക്ക്(എഫ്.എം.സി.ജി) 26 ശതമാനമാണ് നികുതി. കൂടാതെ മലിനീകരണമുണ്ടാക്കുന്നതും ആരോഗ്യത്തിന് ഹാനികരവുമായ ഉല്‍പന്നങ്ങള്‍ക്ക് സെസ് ഈടാക്കാനും നിര്‍ദേശമുണ്ട്.  ശുദ്ധീകരിച്ച എണ്ണ, കടുക് എണ്ണ, നിലക്കടല എണ്ണ എന്നിവയുടെ നികുതി അഞ്ചു മുതല്‍ ആറു ശതമാനം വരെ വര്‍ധിക്കും. മഞ്ഞളിനും ജീരകത്തിനും മൂന്നിന് പകരം ആറു ശതമാനമായി നികുതി കൂടും. കുരുമുളക്, എണ്ണക്കുരു എന്നിവക്ക് അഞ്ചു ശതമാനമാണ് നികുതി. 
29 ശതമാനം നികുതി 26 ശതമാനമായി കുറയുന്നതിനാലാണ് ടെലിവിഷന്‍, എയര്‍ കണ്ടീഷനര്‍, വാഷിങ് മെഷീന്‍, ഇന്‍വര്‍ട്ടര്‍, ഫ്രിഡ്ജ്, ഇലക്ട്രിക് ഫാന്‍, ഇലക്ട്രിക് പാചക ഉപകരണങ്ങള്‍ എന്നിവക്ക് വില കുറയുന്നത്. പെര്‍ഫ്യൂം, ഷേവിങ് ക്രീം, പൗഡര്‍, ഹെയര്‍ ഓയില്‍, സോപ്പ് തുടങ്ങിയവയുടെ നികുതി നിരക്കിലും കുറവുവരും. 25 ശതമാനം നികുതി ഈടാക്കിയിരുന്ന ഗ്യാസ് സ്റ്റൗ, ഗ്യാസ് ബര്‍ണര്‍, കൊതുകു വല, കീടനാശിനികള്‍ എന്നിവക്ക് ജി.എസ്.ടിയില്‍ നികുതി വര്‍ധിപ്പിച്ചതോടെ വില കൂടാനാണ് സാധ്യത. 

 ജി.എസ്.ടിയില്‍ നിര്‍ദേശിക്കപ്പെട്ട നാല് സ്ളാബുകള്‍ പ്രകാരം ഇപ്പോഴത്തെ 3-9 ശതമാനം നികുതി നിരക്ക് ആറു ശതമാനമായാണ് നിജപ്പെടുത്തുക. ഒമ്പതു മുതല്‍ 15 ശതമാനം വരെയുള്ള നികുതി നിരക്ക് 12 ശതമാനവും 15 മുതല്‍ 21 ശതമാനം വരെയുള്ള നികുതി 18 ശതമാനവുമാകും.  കേന്ദ്ര ധനകാര്യ മന്ത്രിയും സംസ്ഥാനങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സില്‍ അടുത്തമാസം യോഗം ചേര്‍ന്ന് നികുതി നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. 
Tags:    
News Summary - gst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT