ന്യൂഡൽഹി: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ അദാനി എന്റർപ്രൈസസിന്റെ ഓഹരിമൂല്യം വെള്ളിയാഴ്ച ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 1017ലെത്തി. ഒരുവർഷക്കാലയളവിൽ 4190 വരെ ഉയർന്ന ഓഹരിയാണ് വൻതകർച്ച നേരിട്ടത്. വില ഇടിഞ്ഞതോടെ നിക്ഷേപക താൽപര്യമുണ്ടായതിനെത്തുടർന്ന് ഓഹരിവില ഉയർന്ന് 1586ൽ വിപണി ക്ലോസ് ചെയ്തു. 1565 ആയിരുന്നു ഇന്നലത്തെ ക്ലോസിങ് നിരക്ക്.
അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി എന്നീ ഓഹരികളുടെ വില 10 ശതമാനം ഇടിഞ്ഞു. അദാനി പവറും അദാനി ടോട്ടൽ ഗ്യാസും അഞ്ചു ശതമാനം ഇടിവ് നേരിട്ടു. അദാനി വിൽമർ (4.99 ശതമാനം), എൻ.ഡി.ടി.വി (4.98 ശതമാനം) എന്നിങ്ങനെ കുറഞ്ഞു. അംബുജ സിമന്റ്സ് (5.97 ശതമാനം), അദാനി പോർട്സ് (7.87 ശതമാനം) എന്നിങ്ങനെ ഉയർന്നു. ഓഹരിമൂല്യത്തിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിൽ അദാനി ഗ്രൂപ് സ്ഥാപനങ്ങളുടെ പണലഭ്യത ഉൾപ്പെടെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവിസ് അറിയിച്ചു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ അടുത്ത 1-2 വർഷത്തിൽ മൂലധനനിക്ഷേപത്തിനുള്ള ഗ്രൂപ്പിന്റെ ശേഷിയിൽ കുറവുവരുത്തിയേക്കുമെന്ന് മൂഡീസ് പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസിനെ ആഗോള ഓഹരി നിലവാര സൂചികയായ എസ് ആൻഡ് പി ഡൗ ജോൺസ് ഈ മാസം ഏഴു മുതൽ നീക്കംചെയ്യും. ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചും അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അംബുജ സിമന്റ്സ് എന്നീ മൂന്ന് അദാനി ഗ്രൂപ് കമ്പനികളെ നിരീക്ഷണ നടപടികളുടെ കീഴിലാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.
യു.എസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ വഞ്ചനാപരമായ ഇടപാടുകളും ഓഹരി വില കൃത്രിമത്വവും സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് ഗ്രൂപ്പിന് ഓഹരിവിപണിയിൽ തിരിച്ചടി നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.