കൽക്കരി വില ഇരട്ടിയാക്കി കാണിച്ച് അദാനി ഗ്രൂപ് കോടികൾ തട്ടിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇറക്കുമതി ചെയ്ത കൽക്കരിക്ക് വിപണി മൂല്യത്തേക്കാൾ ഇരട്ടി വില കാണിച്ച് അദാനി ഗ്രൂപ് വൻ വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കൽക്കരി ഇറക്കുമതിക്കാരായ അദാനി ഗ്രൂപ് ഇതുവഴി ഇന്ധനച്ചെലവ് വർധിച്ചതായി വരുത്തിത്തീർത്തത് വഴി ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് വൈദ്യുതിക്ക് അമിത തുക നൽകേണ്ടി വന്നതായും ഫിനാൻഷ്യൽ ടൈംസ് (എഫ്.ടി) റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് രേഖകൾ അവലോകനം ചെയ്താണ് റിപ്പോർട്ട്.

രണ്ട് വർഷമായി തായ്‌വാൻ, ദുബൈ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഇടനിലക്കാരെ ഉപയോഗിച്ച് അദാനി 500 കോടി ഡോളർ (41,640 കോടി രൂപ) മൂല്യമുള്ള കൽക്കരി ഇറക്കുമതി ചെയ്തെന്നാണ് രേഖകളിലുള്ളത്. ഇത് അന്നത്തെ വിപണി വിലയുടെ ഇരട്ടി വിലയാണ്. ഈ കമ്പനികളിലൊന്ന് തായ്‌വാനീസ് വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇയാൾ അദാനിയുടെ കമ്പനികളുടെ രഹസ്യഓഹരി ഉടമയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2019 നും 2021 നും ഇടയിൽ 32 മാസത്തിനിടെ അദാനി കമ്പനിയുടെ ഇന്തോനേഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള 30 കൽക്കരി കയറ്റുമതിയും ഫൈനാൻഷ്യൽ ടൈംസ് പരിശോധിച്ചു. ഇതിൽ എല്ലാത്തിലും ഇറക്കുമതി രേഖകളിലെ വില കയറ്റുമതി രേഖകളിൽ പറയുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഇതുവഴി ഏഴു കോടി ഡോളറിലധികം തുകയാണ് വർധിച്ചത്.

അതേ സമയം ഫൈനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ് പറഞ്ഞു. റിപ്പോർട്ട് പഴയതും തെറ്റായ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവർ അറിയിച്ചു.

Tags:    
News Summary - By doubling the price of coal It is reported that Adani Group has cheated crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT