ന്യൂഡൽഹി: രാജ്യത്ത് സി.എൻ.ജി വിലയും പെപ്പിലൂടെയെത്തുന്ന പാചകവാതക വിലയും ഉയരും. ഡൽഹി, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ വില വർധനവ് നിലവിൽ വരിക. സി.എൻ.ജിയുടെ വില 10 മുതൽ 11 ശതമാനം വരെയാവും ഉയർത്തുക. പാചകവാതക വില 76 ശതമാനവും വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസാണ് വില വർധനയുണ്ടാവുമെന്ന റിപ്പോർട്ട് പുറത്ത് വിട്ടത്.
രാജ്യത്ത് സി.എൻ.ജിയുടെ വില നിശ്ചയിക്കുന്നത് ഒ.എൻ.ജി.സി പോലുള്ള പൊതുമേഖല എണ്ണ കമ്പനികളാണ്. ആറ് മാസത്തിലൊരിക്കലാണ് കമ്പനി വില പുനർ നിശ്ചയിക്കുന്നത്. ഒക്ടോബർ ഒന്നിനാണ് ഇനി വിലയിൽ മാറ്റമുണ്ടാവുക. നിലവിൽ മില്യൺ ബ്രിട്ടീഷ് തെർമൽ യൂനിറ്റിന് 1.79 ഡോളറാണ് പ്രകൃതിവാതകത്തിന്‍റെ നിരക്ക്. ഇത് 3.15 ഡോളറാക്കി വർധിപ്പിക്കുമെന്നാണ് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നത്.
റിലയൻസ് പോലുള്ള കമ്പനികൾ സമുദ്രാന്തർഭാഗത്ത് നിന്ന് ഘനനം ചെയ്തെടുക്കുന്ന പ്രകൃതിവാതകത്തിന്‍റെ വില 7.4 ഡോളറായി വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രകൃതിവാതകത്തിൽ നിന്നാണ് സി.എൻ.ജി ഉൽപാദിപ്പിക്കുന്നത്. ആഗോള വിപണിയിലും പ്രകൃതിവാതക വില ഉയരാൻ തന്നെയാണ് സാധ്യത. 2022 ഏപ്രിൽ മുതൽ 2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രകൃതിവാതക വില മില്യൺ ബ്രിട്ടീഷ് തെർമൽ യൂനിറ്റിന് 5.93 ഡോളറായി ഉയരും. 2022 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ ഇത് 7.65 ഡോളറായും വർധിക്കും. ഇതുമൂലം അടുത്തവർഷവും സി.എൻ.ജി വിലയിൽ 22 ശതമാനത്തിന്‍റെ വർധനയുണ്ടാവുമെന്നാണ് റിപ്പോർട്ട്. വില ഉയരുന്നത് മൂലം ഒ.എൻ.ജി.സി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ലാഭത്തിലും ആനുപാതിക വർധനയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.