കൊച്ചി: ജീവിതം അടിക്കടി ദുസ്സഹമാക്കി ഇന്ധനവില വർധന തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിപ്പിച്ചു. തുടർച്ചയായി 21ാം ദിവസമാണ് എണ്ണക്കമ്പനികൾ വിലകൂട്ടുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഡീസലിന് 5.87 രൂപയും പെട്രോളിന് 4.01 രൂപയുമാണ് കൂട്ടിയത്.
പുതിയ വില: തിരുവനന്തപുരം: പെട്രോൾ 107.74, ഡീസൽ 101.3. കൊച്ചി: പെട്രോൾ 105.78, ഡീസൽ 99.46. കോഴിക്കോട്: പെട്രോൾ 105.96, ഡീസൽ 99.66. 20 ദിനംകൊണ്ട് ഒരു ലിറ്റർ ഡീസലിന് കൂടിയത് 5.30 രൂപയും പെട്രോളിന് 3.64 രൂപയുമാണ്. ഇതോടെ എല്ലാ ജില്ലയിലും ഡീസൽവില നൂറിലേക്കെത്താറായി.
ഒരു വർഷത്തിനിടെ രാജ്യത്തെ ഇന്ധന വിലയിലുണ്ടായത് 30 ശതമാനത്തിന്‍റെ വമ്പൻ വർധന. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു ലിറ്റർ ഡീസലിന് 76.82 രൂപയും ഒരു ലിറ്റർ പെട്രോളിന് 82.01 രൂപയുമായിരുന്നു കോഴിക്കോടുള്ള വില. ഇന്ന് ഒരു ലിറ്റർ ഡീസലിന് 99.26 രൂപയും പെട്രോളിന് 105.57 രൂപയുമാണ് കോഴിക്കോട്ടെ വില നിലവാരം. ഒരു വർഷത്തിനിടെ ഡീസലിന് 22.44 രൂപയും പെട്രോളിന് 23.56 രൂപയും വർധിച്ചതായി കോഴിക്കോട്ടെ വില നിലവാരം പരിശോധിച്ചാൽ തന്നെ മനസിലാകും.
ഡീസലിന്‍റെ വിലയിലാണ് വർധനയുടെ തോത് അൽപം കൂടുതൽ. ഡീസലിന് 29.22 ശതമാനം വില വർധിച്ചപ്പോൾ പെട്രോളിന് 28.67 ശതമാനം വില വർധനയാണുണ്ടായത്. ഇന്ധന വില വർധന നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലയിൽ പ്രതിഫലിക്കുമെന്നതിനാൽ വില വർധന എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. പാചകവാതകത്തിനും വിലയിൽ വൻ വർധനയുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.