ഒരു വർഷത്തിനിടെ ഇന്ധനവിലയിലുണ്ടായത് 30% വർധന; അരങ്ങേറുന്നത് വൻ കൊള്ള
text_fieldsകോഴിക്കോട്: ഒരു വർഷത്തിനിടെ രാജ്യത്തെ ഇന്ധന വിലയിലുണ്ടായത് 30 ശതമാനത്തിന്‍റെ വമ്പൻ വർധന. ഒരു രൂപയിൽ താഴെയുള്ള 'പൈസ കണക്കുകളിൽ' മാത്രമായി വില വർധന പ്രഖ്യാപിക്കുന്നതിനാൽ പ്രതിഷേധം ശക്തമാകാറില്ല. ഇതിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി വൻ കൊള്ളയാണ് അരങ്ങേറുന്നതെന്ന് ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ തന്നെ വ്യക്തമാകും.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു ലിറ്റർ ഡീസലിന് 76.82 രൂപയും ഒരു ലിറ്റർ പെട്രോളിന് 82.01 രൂപയുമായിരുന്നു കോഴിക്കോടുള്ള വില. ഇന്ന് ഒരു ലിറ്റർ ഡീസലിന് 99.26 രൂപയും പെട്രോളിന് 105.57 രൂപയുമാണ് കോഴിക്കോട്ടെ വില നിലവാരം. ഒരു വർഷത്തിനിടെ ഡീസലിന് 22.44 രൂപയും പെട്രോളിന് 23.56 രൂപയും വർധിച്ചതായി കോഴിക്കോട്ടെ വില നിലവാരം പരിശോധിച്ചാൽ തന്നെ മനസിലാകും.
ഡീസലിന്‍റെ വിലയിലാണ് വർധനയുടെ തോത് അൽപം കൂടുതൽ. ഡീസലിന് 29.22 ശതമാനം വില വർധിച്ചപ്പോൾ പെട്രോളിന് 28.67 ശതമാനം വില വർധനയാണുണ്ടായത്. ഇന്ധന വില വർധന നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലയിൽ പ്രതിഫലിക്കുമെന്നതിനാൽ വില വർധന എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. പാചകവാതകത്തിനും വിലയിൽ വൻ വർധനയുണ്ടായിട്ടുണ്ട്.
ഘട്ടംഘട്ടമായാണ് 30 ശതമാനത്തോളം വില വർധിപ്പിച്ചതെന്ന് ഒരു വർഷത്തിനിടെയുള്ള വിലവർധനയുടെ നാൾവഴി പരിശോധിച്ചാൽ മനസിലാകും. ഒരു വർഷം മുമ്പ് 76.82 രൂപയായിരുന്ന ഡീസലിന്‍റെ വില ആറു മാസം മുമ്പ് 86.21 രൂപയായാണ് വർധിച്ചത്. മൂന്ന് മാസം മുമ്പ് ഇത് 92.34 രൂപയും ഒരു മാസം മുമ്പ് 95.07 രൂപയുമായിരുന്നു. ഇന്നത്തെ വിലയാകട്ടെ 99.26 രൂപയാണ്. പൊട്രോൾ വിലയിലും ഇതേ അനുപാതത്തിലുള്ള വർധന തന്നെയാണ് കാണുന്നത്. ഒരു വർഷം മുമ്പ് പെട്രോൾ വില 82.01 രൂപയായിരുന്നത് ആറു മാസം മുമ്പ് 91.62 രൂപയായി വർധിച്ചു. മൂന്ന് മാസം മുമ്പ് ഇത് 96.88 രുപയും ഒരു മാസം മുമ്പ് 102.31 രൂപയുമായിരുന്നു. ഇപ്പോഴത്തെ വില 105.57 രൂപയാണ്.
ഇന്ധനവില വർധനക്ക് ആനുപാതികമായ വർധന മറ്റെല്ലാ മേഖലകളിലും ഉണ്ടായാൽ വലിയൊരു വിഭാഗത്തിന്‍റെ നിത്യജീവിതം തന്നെ പ്രതിസന്ധിയിലാകും. വില വർധന സംഭവിക്കുന്നുണ്ടെങ്കിലും അത് ഇന്ധന വില വർധനയുടെ തോതിന് ആനുപാതികമായിട്ടില്ല. കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഇനിയും കരകയറാനാകാത്ത വലിയൊരു വിഭാഗത്തിന് കുറ്റൻ വില കയറ്റം താങ്ങാനാകില്ല. ഇന്ധന വില വർധന തുടരുന്ന സാഹചര്യത്തിൽ വിലക്കയ്യറ്റം തടയാനാകില്ല.
ഇന്ധന വില 30 ശതമാനത്തോളം വർധിച്ചെങ്കിലും ജനങ്ങളുടെ വരുമാനത്തിൽ തരിമ്പും വർധന ഉണ്ടായിട്ടില്ല. കോവിഡ് പ്രതിസന്ധിയിൽ വ്യാപാരികളുടെയും തൊഴിലാളികളുടെയുമടക്കം വരുമാനം ഗണ്യമായി കുറയുകയും, പലരുടെയും വരുമാനം ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. ഈയവസ്ഥയിൽ ജനങ്ങളിൽ വലിയൊരു വിഭാഗം കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
(താരതമ്യത്തിന് അവലംബിച്ചത് കോഴിക്കോട്ടെ ഇന്ധന വിലയാണ് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.