മുംബൈ: അദാനിയുടെ വിദേശത്തെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർചിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിലയിൽ ഇടിവ്. അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ കമ്പനികളുടെ ഓഹരികളും രാവിലെ നഷ്ടത്തോടെയാണ് തുടങ്ങിയത്.
വിപണി ആരംഭിച്ച് 30 മിനിറ്റിനകം തന്നെ അദാനി ടോട്ടൽ ഗ്യാസ് 4.77 ശതമാനം, അദാനി ഗ്രീൻ എനർജി 2.62 ശതമാനം, അദാനി എൻജി 2.5 ശതമാനം, അദാനി എന്‍റർപ്രൈസ് 2.44 ശതമാനം, അദാനി പവർ 3.39 ശതമാനം, അദാനി വിൽമർ 3.25 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. അദാനി പോർട്ട്സ് 1.55 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി 0.32 ശതമാനത്തോളം ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 270 പോയിന്‍റ് ഇടിഞ്ഞ് 79,450ലാണ് വ്യാപാരം. അതേസമയം, ഹിൻഡൻബർഗിന്‍റെ കഴിഞ്ഞ തവണത്തെ വെളിപ്പെടുത്തൽ സൃഷ്ടിച്ച അത്ര ആഘാതം ഇത്തവണ വിപണിയിലുണ്ടായില്ല എന്നത് നിക്ഷേപകർക്ക് ആശ്വാസമായി.
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ശനിയാഴ്ച ഹിൻഡൻബർഗ് റിസർച് വെളിപ്പെടുത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് ഓഹരി വിപണിയിൽ കൂപ്പുകുത്തലിന് കാരണമായിരുന്നു. അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം. അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 12.5 ലക്ഷം കോടിരൂപയുടെ ഇടിവിന് ഇത് കാരണമായി. വിപണി ഗവേഷണം നടത്തി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് വിപണിയിൽ ഇടിവിന് വഴിയൊരുക്കുകയും ഇതിന് മുമ്പ് ഷോർട്ട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയുമാണ് ഹിൻഡൻബെർഗിന്റെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.