ഓഹരി സൂചികയിൽ 21 മാസത്തിനിടയിലെ ഏറ്റവും ദൈർഘമേറിയ ബുൾ റാലിയെ നിക്ഷേപകർ ദർശിച്ചു. തുടർച്ചയായ അഞ്ചാം വാരത്തിലും മികവ് നിലനിർത്തിയ ബോംബെ സെൻസെക്‌സ് 183 പോയിൻറ്റും നിഫ്‌റ്റി 60 പോയിൻറ്റും നേട്ടത്തിലാണ്. അതേ സമയം മുൻവാരം സൂചിപ്പിച്ച പോലെ തന്നെ വാരാന്ത്യത്തിൽ ശക്തമായ സാങ്കേതിക തിരുത്തൽ സൂചികയെ പിടിച്ച് ഉലച്ചു.
വിദേശ ഓപ്പറേറ്റർമാർ ഈ മാസം ആദ്യമായി ലാഭമെടുപ്പിന് നീക്കം നടത്തിയത് വെളളിയാഴ്‌ച്ച വിപണിയെ സമ്മർദ്ദത്തിലാക്കി. മൂന്നാഴ്‌ച്ചക്കിടയിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ ആദ്യമായി നടത്തിയ വിൽപ്പനയിൽ മൊത്തം 1700 കോടി രൂപ വില വരുന്ന ഓഹരികളാണ് വിറ്റഴിച്ചത്. വിപണിയുടെ സാങ്കേതിക വശങ്ങൾ ഓവർ ബോട്ട് മേഖലയിലേയ്‌ക്ക് പ്രവേശിച്ചതാണ് ഫണ്ടുകളെ പ്രോഫിറ്റ് ബുക്കിങിന് പ്രേരിപ്പിച്ചത്. വിപണിയിലെ ഈ തിരുത്തലുകൾ നിക്ഷേപത്തിനുള്ള അവസരമാക്കാൻ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞവാരം വിദേശ ഫണ്ടുകൾ 4835 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ 2279 കോടി രുപയുടെ ഓഹരികൾ വിൽപ്പന നടത്തി, ഒരു ദിവസം അവർ നിക്ഷപകരായി രംഗത്ത് ഇറങ്ങി 471 കോടി രൂപയുടെ വാങ്ങലിന് താൽപര്യം കാണിച്ചു.
സെൻസെക്‌സ് നീണ്ട ഇടവേളയ്‌ക്ക് ശേഷം 60,000 പോയിൻറിലേയ്‌ക്ക് പ്രവേശിച്ചുവെന്ന് മാത്രമല്ല കഴിഞ്ഞ വാരം സൂചിപ്പിച്ച 60,347 ലെ പ്രതിരോധം തകർത്ത് 60,400 റേഞ്ചിലേയ്‌ക്ക് ഉയരുകയും ചെയതു. മുൻവാരത്തിലെ 59,462 പോയിന്റിൽ നിന്നും നേട്ടതോടെ വ്യാപാരത്തിന് തുടക്കം കുറിച്ച സെൻസെക്‌സിലെ കുതിപ്പിനിടയിൽ വാരാന്ത്യം ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയതോടെ ക്ലോസിങിൽ 59,646 ലേയ്‌ക്ക് താഴ്‌ന്നു.
ഈ വാരം സെൻസെക്‌സ് 59,276 ലെ ആദ്യ സപ്പോർട്ട് നിലനിർത്തുന്നതിൽ വിജയം കൈവരിച്ചാൽ ബുൾ റാലിയിൽ സൂചിക 60,200 ലേയ്‌ക്കും തുടർന്ന് 60,780 ലേയ്‌ക്കും ചുവടുവെക്കാം. സെൻസെക്‌സിന്റെ മറ്റ് സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ എം ഏ സി ഡി, സൂപ്പർ ട്രൻറ് എന്നിവ ബുള്ളിഷ് മൂഡിലാണ്.
നിഫ്‌റ്റി സൂചിക 17,698 ൽ നിന്നും 17,950 ലെ പ്രതിരോധം തകർത്ത് 17,992 വരെ ഉയർന്ന വേളയിലെ ലാഭമെടുപ്പിൽ ആടി ഉലഞ്ഞ ശേഷം വ്യാപാരാന്ത്യം സൂചിക 17,758 പോയിൻറ്റിലാണ്. ഈവാരം നിഫ്‌റ്റിക്ക് 17,925‐18,100 റേഞ്ചിൽ പ്രതിരോധവും 17,648‐17,540 ൽ താങ്ങും പ്രതീക്ഷിക്കാം.
മുൻ നിര ഓഹരികളായ എൽ ആൻറ് ടി, ടെക് മഹീന്ദ്ര, എയർടെൽ, എച്ച്.യു.എൽ, ഐ.ടി.സി, മാരുതി, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, ഇൻഫോസിസ് തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. അതേസമയം ലാഭമെടുപ്പും വിൽപ്പന സമ്മർദ്ദവും മൂലം ടാറ്റ സ്‌റ്റീൽ, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എം ആൻറ് എം, ഇൻഡസ് ബാങ്ക്, സൺ ഫാർമ്മ, വിപ്രോ, ആർ.ഐ.എൽ തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു.
വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. രൂപ 79.63 ൽ നിന്നും 79.43 ലേയ്‌ക്ക് കരുത്ത് കാണിച്ചു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 101 ഡോളറിലാണ്. പിന്നിട്ട അഞ്ച് മാസമായി റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് മത്സരിച്ച് ഇന്ത്യൻ കമ്പനികളുടെ ശ്രദ്ധ വീണ്ടും സൗദി അറേബ്യയിലേയ്‌ക്ക് തിരിഞ്ഞു. ജൂലൈയിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതി ഏകദേശം എഴ് ശതമാനം കുറഞ്ഞു, അതേ സമയം സൗദി ക്രൂഡിന്റെ ഇറക്കുമതി ഇരുപത്തി അഞ്ച് ശതമാനം ഉയർന്നു.രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1804 ഡോളറിൽ നിന്നും 1747 ഡോളറായി ഇടിഞ്ഞു. ഡോളർ സൂചിക കരുത്ത് നേടിയത് നിക്ഷേപകരെ മഞ്ഞലോഹത്തിൽ നിന്നും പിൻതിരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.